ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ബിഎഫ്‌ഐഎല്ലും ലയിച്ച് ഒന്നാകും

ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ബിഎഫ്‌ഐഎല്ലും ലയിച്ച് ഒന്നാകും
  • ജൂണില്‍ അവസാനിക്കുന്ന പാദത്തിലെ സംയോജിത പാദ ഫലം ജൂലൈ 12ന് ബാങ്ക് പുറത്തുവിടും
  • ബിഎഫ്‌ഐഎല്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തീരുമാനിച്ചത്

ന്യൂഡെല്‍ഹി: സ്വകാര്യ മേഖലാ ധനകാര്യ സ്ഥാപനമായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡും തമ്മിലുള്ള ലയനം അടുത്ത മാസം നാലിന് പ്രാബല്യത്തില്‍ വരും. ലയനവുമായി മുന്നോട്ടുപോകുന്നതിന് ഈ മാസം പത്താം തീയതിയാണ് ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. ഇരു സംരഭങ്ങളുടെയും ഓഹരി ഉടമകളും വായ്പാദാതാക്കളും ലയനത്തിന് സമ്മതം മൂളിയിട്ടുണ്ട്.

രാജ്യത്തെ മുന്‍നിര മൈക്രോ ഫിനാന്‍സ് സംരംഭങ്ങളിലൊന്നാണ് ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡ് (ബിഎഫ്‌ഐഎല്‍). 2017 മുതല്‍ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു കമ്പനികളും ആരംഭിച്ചിരുന്നു. ബിഎഫ്‌ഐഎല്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തീരുമാനിച്ചത്. ബിഎഫ്‌ഐഎല്‍ മുന്‍പ് എസ്‌കെഎസ് മൈക്രോഫിനാന്‍സ് എന്നാണ് അറിയപ്പെട്ടിരുന്നത്. ലയനം നടപ്പാക്കുന്നതിന് അനുയോജ്യമായ തീയതി ജൂലൈ നാല് ചൊവ്വാഴ്ചയാണ് ബോര്‍ഡ് തീരുമാനിച്ചതായി ബാങ്ക് അറിയിച്ചു.

ഇതിനുപുറമെ ജൂണില്‍ അവസാനിക്കുന്ന പാദത്തിലെ സംയോജിത ഫലം ജൂലൈ 12ന് പുറത്തുവിടാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ലയനം നടപ്പാക്കുന്നതോടെ ബാങ്കിന്റെ ഓഹരികളുടെ ഒരു നിശ്ചിത വിഹിതം ബിഎഫ്‌ഐഎല്ലിന്റെ ഓഹരിയുടമകള്‍ക്ക് കിട്ടും. ആയിരം ഓഹരികള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ 639 ഓഹരികളാണ് ഭാരത് ഫിനാന്‍ഷ്യലിന്റെ ഓഹരി ഉടമകള്‍ക്ക് ലഭിക്കുക. ലയന കരാറിന്റെ ഭാഗമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ ഓഹരി വാറന്റ് നല്‍കാനും തീരുമാനമായിട്ടുണ്ട്.

ഒരു വാറന്റിന് 1,709 രൂപ എന്ന നിരക്കിലാണ് പ്രൊമോട്ടര്‍മാര്‍ക്ക് അനുവദിക്കുക. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയമം അനുസരിച്ചാണ് ഇത് തീരുമാനിച്ചിട്ടുള്ളത്. എന്‍എസിഎല്‍ടി ഉത്തരവോടെ ഇത് സ്ഥിരീകരീച്ചിട്ടുണ്ട്. ലയനം പ്രാബല്യത്തില്‍ വരുന്ന ദിവസം ബാങ്ക് പ്രൊമോട്ടര്‍മാര്‍ ഓഹരി വാറന്റിന്റെ 25 ശതമാനത്തിന് തുല്യമായ തുക നല്‍കേണ്ടതുണ്ട്.

ലയനത്തോടെ ഭാരത് ഫിനാന്‍ഷ്യലിന്റെ മുഴുവന്‍ ജീവനക്കാരും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കുടംബത്തിന്റെ ഭാഗമാകും. ലയനം തൊഴില്‍ നഷ്ടം സൃഷ്ടിക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. നിലവില്‍ ബിഎഫ്‌ഐഎല്‍ സിഇഒയും എംഡിയുമായ എംആര്‍ റാവു ലയന സംരംഭത്തിന്റെ എംഡിയും സിഇഒയുമായി ചുമതലയേല്‍ക്കും. ഇന്‍ഡസ്ഇന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡ് എന്നായിരിക്കും ലയന സംരംഭം അറിയപ്പെടുക.

പ്രധാനപ്പെട്ട മേഖലകളിലെ വായ്പകള്‍ നേടിയെടുക്കുന്നതിനും വിവിധ അവസരങ്ങള്‍ തേടുന്നതിനും ലയനം സഹായകമാകും. ഇന്‍ഡസ്ഇന്‍ഡുമായി ബിഎഫ്‌ഐഎല്ലിന് നിരവധി വര്‍ഷത്തെ ബിസിനസ് ബന്ധമാണുള്ളത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ബിഎഫ്‌ഐഎല്‍. ലയനത്തിനു മുന്നോടിയായി തന്നെ ഭാരത് ഫിനാന്‍സ് ബിസിനസ് വൈവിധ്യവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

മൈക്രോഫിനാന്‍സ് ആസ്തികളിലെ നഷ്ട സാധ്യത കുറയ്ക്കുന്നതിന് ലയനം ഇരുക്കൂട്ടര്‍ക്കും സഹായകമാകും. ലയനത്തോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ പ്രൊമോട്ട് ചെയ്യുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസ് കറസ്‌പോണ്ടന്റായി ഭാരത് ഫിന്‍ പ്രവര്‍ത്തിക്കും. ഭാരത് ഫിന്നിന്റെ മുഴുവന്‍ വായ്പകളും ഇന്‍ഡസ്ഇന്‍ഡിന് കൈമാറുകയും ചെയ്യും. ഏറ്റവും കൂടുതല്‍ വായ്പ വിതരണം ചെയ്യുന്ന മൈക്രോഫിനാന്‍സ് കമ്പനികളിലൊന്നാണ് ഭാരത് ഫിന്‍. 52 ലക്ഷത്തിലധികം ഉപഭോക്താക്കളും തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി 1275 ശാഖകളും സ്ഥാപനത്തിന് കീഴിലുണ്ട്.

Comments

comments

Categories: Banking