പ്രാദേശിക ഉള്ളടക്ക പ്ലാറ്റ്‌ഫോം ലോക്കല്‍ പ്ലേയെ ഡെയ്‌ലിഹണ്ട് ഏറ്റെടുത്തു

പ്രാദേശിക ഉള്ളടക്ക പ്ലാറ്റ്‌ഫോം ലോക്കല്‍ പ്ലേയെ ഡെയ്‌ലിഹണ്ട് ഏറ്റെടുത്തു

അടുത്ത 1 ബില്യണ്‍ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിന് പ്രാദേശിക ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ഡെയ്‌ലിഹണ്ട്

ന്യൂഡെല്‍ഹി: രാജ്യത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുകളുടെ വിപണിയില്‍ ആക്രമണോല്‍സുകമായ വിപുലീകരണ നീക്കങ്ങള്‍ നടത്തുകയാണ് ന്യൂസ് അഗ്രഗേറ്ററായ ഡെയ്‌ലി ഹണ്ട്. ഹൈപ്പര്‍ ലോക്കല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമായ ലോക്കല്‍ പ്ലേയെ ഏറ്റെടുക്കുന്നതായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെയ്‌ലി ഹണ്ട് പ്രഖ്യാപിച്ചു. ഇടപാട് തുക സംബന്ധിച്ച് ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. നഗരങ്ങള്‍ കേന്ദ്രീകരിച്ചും പട്ടണങ്ങള്‍ കേന്ദ്രീകരിച്ചുമെല്ലാമുള്ള ഉള്ളടക്കങ്ങള്‍ വ്യത്യസ്ത ഭാഷകളില്‍ നല്‍കുകയാണ് ലോക്കല്‍ പ്ലേ ചെയ്യുന്നത്.

രാജ്യത്തെ നഗരങ്ങളിലും പട്ടണങ്ങളിലുമായി ഉപഭോക്തൃ അടിത്തറ അതിവേഗത്തില്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റെടുക്കലെന്ന് ഡെയ്‌ലി ഹണ്ട് വൃത്തങ്ങള്‍ വിശദീകരിക്കുന്നു. പരമ്പരാഗതവും പുതു തലമുറയിലുള്ളതുമായ നിരവധി കണ്ടന്റ് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടെങ്കിലും ഹൈപ്പര്‍ ലോക്കല്‍ ഉള്ളടക്കങ്ങളുടെ സാധ്യതകള്‍ വലിയ അളവില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണെന്ന് ഡെയ്‌ലി ഹണ്ട് സ്ഥാപകനായ വിരേന്ദ്ര ഗുപ്ത പറയുന്നു. ഓരോ ഉപഭോക്താവും താമസിക്കുന്ന കൃത്യമായി നിര്‍വചിക്കപ്പെട്ട പ്രദേശത്തു നിന്നുള്ള വാര്‍ത്തകളെയാണ് ഹൈപ്പര്‍ ലോക്കല്‍ വാര്‍ത്തകള്‍ എന്നു പറയുന്നത്. തെരുവ്, പഞ്ചായത്ത്, നഗര മേഖല എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ള വാര്‍ത്തകള്‍ ഇത്തരത്തില്‍ നല്‍കുന്നു.

അടുത്ത 1 ബില്യണ്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് പ്രാദേശിക ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് ഡെയ്‌ലിഹണ്ട് കണക്കാക്കുന്നത്. പ്രാദേശിക വാര്‍ത്തകള്‍ക്കായി ഉപഭോക്താക്കള്‍ എത്തുന്ന പ്ലാറ്റ്‌ഫോം എന്ന നിലയിലേക്ക് എത്തുന്നതിനും ബിസിനസിന്റെ എല്ലാ തലങ്ങളിലും സുസ്ഥിരമായ മുന്നേറ്റം സാധ്യമാക്കുന്നതിനുമുള്ള നടപടികളാണ് മുന്നോട്ടു പോകുന്നത്. ഡെയ്‌ലി ഹണ്ടില്‍ മാത്രം ലഭ്യമാകുന്ന തരത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ച് മില്യണോളം ഉള്ളക്കങ്ങള്‍ ഒരുക്കുന്നതിലേക്ക് കമ്പനി എത്തുമെന്നും വിരേന്ദ്ര ഗുപ്ത പറയുന്നു.
മട്രിക്‌സ് പാര്‍ട്‌ണേര്‍സ് ഇന്ത്യ, സീക്വായ, ഒമിഡ്യാര്‍ നെറ്റ്‌വര്‍ക്ക്, ഫാല്‍കോണ്‍ എഡ്ജ്, ബൈറ്റ്ഡാന്‍സ് എന്നിവയെല്ലാം ഡെയ്‌ലിഹണ്ടിന്റെ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ന്യൂസ് അഗ്രഗേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലെ മുന്‍ഗാമികളായ ഡെയ്‌ലി ഹണ്ട് ഇപ്പോഴും വിപണിയില്‍ നേതൃസ്ഥാനം നിലനിര്‍ത്തുകയാണ്.

Comments

comments

Categories: FK News
Tags: dailyhunt