പശ്ചിമേഷ്യയില്‍ അമേരിക്കന്‍ ഡ്രോണ്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടു

പശ്ചിമേഷ്യയില്‍ അമേരിക്കന്‍ ഡ്രോണ്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടു
  • ഇറാന്റെ വ്യോമ അതിര്‍ത്തി ലംഘിച്ച ചാരവിമാനമാണ് വെടിവെച്ചിട്ടതെന്ന് റെവലൂഷനറി ഗാര്‍ഡ്
  • അന്താരാഷ്ട്ര വ്യോമമേഖലയിലാണ് അമേരിക്കന്‍ നേവിയുടെ വിമാനം ഇറാന്‍ വെടിവെച്ചിട്ടതെന്ന് അമേരിക്ക

ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ച് കൊണ്ട് അമേരിയുടെ ഡ്രോണ്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടു. ഇറാന്റെ വ്യോമ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച അമേരിക്കന്‍ സൈന്യത്തിന്റെ ചാര വിമാനമാണ് റെവലൂഷനറി ഗാര്‍ഡ് വെടിവെച്ചിട്ടതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന അവകാശപ്പെട്ടു. എന്നാല്‍ അന്താരാഷ്ട്ര വ്യോമമേഖലയില്‍ ഹോര്‍മൂസ് കടലിടുക്കിന് മുകളിലൂടെ പറന്ന വിമാനമാണ് ഇറാന്‍ വെടിവെച്ചിട്ടതെന്ന് അമേരിക്ക ആരോപിച്ചു. അമേരിക്ക-ഇറാന്‍ പ്രശ്‌നം യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന ആശങ്ക ഇതോടെ ഇരട്ടിച്ചു.

ഇറാന് തെക്ക് ഹൊര്‍മോസ്ഗന്‍ പ്രവശ്യയിലുള്ള കൗഹ്‌മൊബറക് ജില്ലയില്‍ വെച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഇറാനിലെ റെവലൂഷനറി ഗാര്‍ഡിന്റെ വെബ്‌സൈറ്റായ സെപാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ആര്‍ക്യൂ-4 ഗ്ലോബല്‍ ഹൗക് വിമാനമാണ് വെടിവെച്ചിട്ടതെന്നാണ് ഇര്‍നയും സെപയും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യുഎസ് നേവിയുടെ എംക്യൂ-4സി ട്രിറ്റോണ്‍ വിമാനമാണ് റെവലൂഷനറി ഗാര്‍ഡ് വെടിവെച്ചിട്ടതെന്ന് അമേരിക്ക പറഞ്ഞു.

10 മൈല്‍ വരെ ഉയരത്തില്‍ ഒറ്റത്തവണ 24 മണിക്കൂര്‍ വരെ പറക്കാന്‍ ശേഷിയുള്ളവയാണ് ട്രിറ്റോണ്‍ വിമാനങ്ങളെന്ന്് എംക്യൂ-4സി ട്രിറ്റോണ്‍ വിമാനത്തിന്റെ നിര്‍മാതാക്കളായ നോര്‍തോപ് ഗ്രൂമാന്‍ അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. ഏകദേശം 8,200 നോട്ടിക്കല്‍ മൈല്‍ പ്രവര്‍ത്തന ശേഷിയാണ് ഇവയ്ക്കുള്ളത്.

ഇറാന് മുകളിലൂടെ അമേരിക്കയുടെ ഒരു വിമാനങ്ങളും പറക്കുന്നില്ലെന്നാണ് യുഎസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് വക്താവും നേവി ക്യാപ്റ്റനുമായ ബില്‍ അര്‍ബന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. തങ്ങളുടെ വ്യോമയാന അതിര്‍ത്തിയില്‍ എതെങ്കിലും തരത്തിലുള്ള ലംഘനങ്ങളുണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇറാനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തങ്ങളുടെ വ്യോമമേഖല ലംഘിക്കാന്‍ ഏതെങ്കിലും രാജ്യത്തിന്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായപ്പോഴൊക്കെ ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നുമാണ് ഇറാനിലെ സുപ്രീം നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ആഴ്ചയും അമേരിക്കയുടെ ഒരു ഡ്രോണ്‍ വിമാനം വെടിവെച്ചിടാന്‍ ഇറാന്‍ ശ്രമം നടത്തിയതായി യുഎസ് മിലിട്ടറി സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 6ന് ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂത്തി വിമതര്‍ അമേരിക്കന്‍ ഡ്രോണ്‍ വിമാനം വെടിവെച്ചിട്ടതായും ഇവര്‍ വ്യക്തമാക്കി.

ലോകശക്തികളുമായി ചേര്‍ന്നുള്ള ആണവ കരാറില്‍ നിന്നും കഴിഞ്ഞ വര്‍ഷം അമേരിക്ക പിന്മാറുകയും ഇറാന് മേല്‍ വീണ്ടും ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ഇറാന്‍-അമേരിക്ക വിദ്വേഷം പശ്ചിമേഷ്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി വളര്‍ന്നത്. ആഗോള എണ്ണ വിതരണത്തില്‍ സുപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിന് അടുത്തായി കഴിഞ്ഞ മാസവും കഴിഞ്ഞ ആഴ്ചയും എണ്ണകപ്പലുകള്‍ ആക്രമിക്കപ്പെട്ടതോടെ മേഖല യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക വര്‍ധിച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയും പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഉറ്റപങ്കാളിയായ സൗദി അറേബ്യയും ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇറാന്‍ പാടേ തള്ളിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്ക പശ്ചിമേഷ്യയിലെ സൈനിക ബലം വര്‍ധിപ്പിച്ചിരുന്നു. അധിക സൈനികര്‍ക്കൊപ്പം വിമാനവാഹിനി കപ്പലുകളും, ബി-52 ബോംബര്‍ വിമാനങ്ങളും അമേരിക്ക പശ്ചിമേഷ്യയില്‍ വിന്യസിച്ചു. വരുംനാളുകളില്‍ ആയിരം സൈനികരെ കൂടി ഇവിടേക്ക് അയക്കുമെന്നാണ് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയത്. പക്ഷേ ഇറാനുമായി ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കപ്പെട്ടാല്‍ തിരിച്ചടിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഹോര്‍മൂസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളാണെന്ന് കഴിഞ്ഞ ആഴ്ച ഇറാന്‍ അവകാശപ്പെട്ടിരുന്നു. മേഖലയില്‍ നിന്നും അമേരിക്കന്‍ സേന പിന്‍വാങ്ങണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.ഇറാന് മേല്‍ പരമാവധി സാമ്പത്തിക സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കാനുള്ള ട്രംപിന്റെ നിലപാടുകള്‍ക്കുള്ള പ്രതികാരമായി ആണവായുധ നിര്‍മാണത്തിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്നും ആണവ കരാറില്‍ നിന്ന് പിന്മാറുമെന്നും ഇറാന്‍ വെല്ലുവിളിച്ചു.

Comments

comments

Categories: Arabia

Related Articles