കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 900 ബില്യണ്‍ രൂപ നല്‍കും

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 900 ബില്യണ്‍ രൂപ നല്‍കും

കാര്‍ഷികോത്പാദനം ഉയര്‍ത്താന്‍ 25 ട്രില്യണ്‍ രൂപ ചെലവിടുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡെല്‍ഹി: കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന വാഗ്ദാനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനായി 25 ട്രില്യണ്‍ രൂപ ചെലവഴിക്കും. പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് 900 ബില്യണ്‍ രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി. ‘ശക്തമായ ഒരു ഗ്രാമീണ മേഖലയുണ്ടെങ്കില്‍ മാത്രമെ മികച്ച ദേശീയ സമ്പദ് വ്യവസ്ഥ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ,’ രാഷ്ട്രപതി പറഞ്ഞു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വരള്‍ച്ച. അതിനെ അതിജീവിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. ആദ്യ മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് അഭിയാന്‍ ശുചിത്വ പദ്ധതി അവതരിപ്പിക്കാന്‍ കാണിച്ച അതേ തീവ്രതയിലാണ് ഇപ്പോള്‍ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനം ഉറപ്പാക്കാന്‍ ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. ഇത് നടപ്പിലായാല്‍ ജനസേവനത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിന് ലഭിച്ച കനത്ത ഭൂരിപക്ഷം വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജനങ്ങള്‍ നല്‍കിയ അനുവാദമാണ്. 2014 മുതല്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന ആശയമാണ് സര്‍ക്കാരിനുള്ളത്. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കള്ളപ്പണത്തിനെതിരെയുള്ള പ്രചാരണവും ശക്തമാക്കും. സൈനിക ശക്തി ഇനിയും വര്‍ധിപ്പിക്കും. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാജ്യത്തിന്റെ ശക്തി പ്രകടമാക്കുന്നതായിരുന്നു. സൈനികരുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തും. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്ത് 21 ാം നൂറ്റാണ്ടിനുവേണ്ട അടിസ്ഥാനസൗകര്യമൊരുക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിലവിലുള്ള രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Categories: Current Affairs, Slider
Tags: farmers