രണ്ട് പുതിയ എഎംടി വേരിയന്റുകളില്‍ ടാറ്റ ടിഗോര്‍ ലഭിക്കും

രണ്ട് പുതിയ എഎംടി വേരിയന്റുകളില്‍ ടാറ്റ ടിഗോര്‍ ലഭിക്കും

എക്‌സ്എംഎ, എക്‌സ്ഇസഡ്എ പ്ലസ് എന്നിവയാണ് പുതിയ എഎംടി വേരിയന്റുകള്‍. യഥാക്രമം 6.39 ലക്ഷം രൂപയും 7.24 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ടിഗോര്‍ സബ്‌കോംപാക്റ്റ് സെഡാന്റെ രണ്ട് പുതിയ എഎംടി വേരിയന്റുകള്‍ അവതരിപ്പിക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. നിലവിലെ എക്‌സ്ഇസഡ്എ വേരിയന്റ് കൂടാതെ, മിഡ് സ്‌പെക് എക്‌സ്എംഎ, ടോപ് സ്‌പെക് എക്‌സ്ഇസഡ്എ പ്ലസ് എന്നിവയാണ് പുതിയ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) വേരിയന്റുകള്‍. ഇതോടെ, എക്‌സ്ഇ എന്ന ബേസ് വേരിയന്റ് കൂടാതെ ടാറ്റ ടിഗോറിന്റെ മറ്റെല്ലാ പെട്രോള്‍ വേരിയന്റുകള്‍ക്കും എഎംടി വേരിയന്റ് ഓപ്ഷന്‍ ലഭിക്കും. എക്‌സ്എംഎ, എക്‌സ്ഇസഡ്എ പ്ലസ് വേരിയന്റുകള്‍ക്ക് യഥാക്രമം 6.39 ലക്ഷം രൂപയും 7.24 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ടാറ്റയുടെ 1.2 ലിറ്റര്‍ റെവോട്രോണ്‍ എന്‍ജിന്‍ കരുത്തേകുന്ന പെട്രോള്‍ ഓപ്ഷനുകളില്‍ മാത്രമായിരിക്കും എക്‌സ്എംഎ, എക്‌സ്ഇസഡ്എ പ്ലസ് വേരിയന്റുകള്‍ ലഭിക്കുന്നത്. 1199 സിസി, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 84 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.05 ലിറ്റര്‍, 3 സിലിണ്ടര്‍ റെവോടോര്‍ക്ക് എന്‍ജിനാണ് ഡീസല്‍ വേരിയന്റുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 69 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കിയിരിക്കുന്നു. ഈ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റില്ലെന്ന് ടാറ്റ മോട്ടോഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. പെട്രോള്‍ എന്‍ജിന്‍ 17 കിലോമീറ്ററും ഡീസല്‍ എന്‍ജിന്‍ 21.5 കിലോമീറ്ററുമാണ് ഇന്ധനക്ഷമത നല്‍കുന്നത്.

എക്‌സ്ഇസഡ് പ്ലസ് വേരിയന്റ് അടിസ്ഥാനമാക്കിയതിനാല്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 8 സ്പീക്കര്‍ ഹാര്‍മന്‍ സൗണ്ട് സിസ്റ്റം, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡികള്‍ ഘടിപ്പിച്ചതും യാന്ത്രികമായി മടങ്ങുന്നതുമായ പുറം കണ്ണാടികള്‍ എന്നിവ പുതിയ എക്‌സ്ഇസഡ്എ പ്ലസ് വേരിയന്റിലെ ഫീച്ചറുകളാണ്. ക്രോം ഫിനിഷ് നല്‍കിയ ഡുവല്‍ ചേംബര്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ കൂടാതെയാണ് ഈ ഫീച്ചറുകള്‍.

മിഡ് സ്‌പെക് എക്‌സ്എം വേരിയന്റിലെ ഫീച്ചറുകളാണ് പുതിയ എക്‌സ്എംഎ വേരിയന്റില്‍ നല്‍കിയിരിക്കുന്നത്. ഡ്രൈവിംഗ് മോഡുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഹാര്‍മന്‍ മ്യൂസിക് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, മടക്കാവുന്ന റിയര്‍ ആംറെസ്റ്റ് (കപ്പ്‌ഹോള്‍ഡറുകള്‍ സഹിതം) എന്നിവയാണ് എക്‌സ്എം, എക്‌സ്എംഎ വേരിയന്റുകള്‍ പൊതുവായി പങ്കുവെയ്ക്കുന്നത്. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗത അനുസരിച്ചുള്ള ഓട്ടോമാറ്റിക് ഡോര്‍ ലോക്കിംഗ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

ഈജിപ്ഷ്യന്‍ ബ്ലൂ, ടൈറ്റാനിയം ഗ്രേ, പേള്‍സെന്റ് വൈറ്റ്, റോമന്‍ സില്‍വര്‍, ബെറി റെഡ്, എക്‌സ്‌പ്രെസ്സോ ബ്രൗണ്‍ എന്നീ ആറ് നിറങ്ങളില്‍ ടാറ്റ ടിഗോര്‍ ലഭിക്കും.

Comments

comments

Categories: Auto
Tags: Tata Tigor