ടാറ്റ ആള്‍ട്രോസ് അടുത്ത മാസം അനാവരണം ചെയ്യും

ടാറ്റ ആള്‍ട്രോസ് അടുത്ത മാസം അനാവരണം ചെയ്യും

ടാറ്റയുടെ 45എക്‌സ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഹാച്ച്ബാക്കാണ് ആള്‍ട്രോസ്

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ അടുത്ത ലോഞ്ചിന് ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ഇന്ത്യാ സ്‌പെക് ടാറ്റ ആള്‍ട്രോസ് അടുത്ത മാസം അനാവരണം ചെയ്യും. ഉല്‍പ്പാദനത്തിന് തയ്യാറായ രൂപത്തില്‍ ടാറ്റ ആള്‍ട്രോസ് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 45എക്‌സ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഹാച്ച്ബാക്കാണ് ടാറ്റ ആള്‍ട്രോസ്. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് 45എക്‌സ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ടാറ്റയുടെ ഇംപാക്റ്റ് ഡിസൈന്‍ 2.0 സ്റ്റൈലിംഗ് സ്വീകരിച്ചാണ് ആള്‍ട്രോസ് വരുന്നത്.

85 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 102 എച്ച്പി പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവയായിരിക്കും പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. ഈ രണ്ട് എന്‍ജിനുകളും ടാറ്റ നെക്‌സോണ്‍ കോംപാക്റ്റ് എസ്‌യുവി ഉപയോഗിക്കുന്നതാണ്. 90 എച്ച്പി പുറത്തെടുക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്‍ജിനും ടാറ്റ ആള്‍ട്രോസ് ഹാച്ച്ബാക്കില്‍ നല്‍കും. തുടക്കത്തില്‍ 5 സ്പീഡ് മാന്വല്‍, 6 സ്പീഡ് മാന്വല്‍ എന്നിവയായിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. ഓട്ടോമാറ്റിക് വേരിയന്റുകള്‍ പിന്നീട് പുറത്തിറക്കും.

ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ആല്‍ഫ മോഡുലര്‍ പ്ലാറ്റ്‌ഫോമിലാണ് ആള്‍ട്രോസ് ഹാച്ച്ബാക്ക് നിര്‍മ്മിക്കുന്നത്. ഭാവിയില്‍ ഈ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മോഡലുകള്‍ നിര്‍മ്മിക്കും. ഇന്ത്യയിലെ മറ്റ് പ്രീമിയം ഹാച്ച്ബാക്കുകളായ ഹ്യുണ്ടായ് ഐ20, ഹോണ്ട ജാസ്, മാരുതി സുസുകി ബലേനോ, ഈയിടെ പുറത്തിറക്കിയ ടൊയോട്ട ഗ്ലാന്‍സ എന്നിവയായിരിക്കും ടാറ്റ ആള്‍ട്രോസിന്റെ പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto
Tags: Tata Altroz