പ്രകൃതിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന എഴുത്തമ്മ

പ്രകൃതിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന എഴുത്തമ്മ

വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നിരാലംബര്‍ക്കും പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടികള്‍ക്കും ആശ്രയം, തീരാവേദനകളെ കവിതയിലേക്ക് ആവാഹിച്ച സര്‍ഗശേഷി… മലയാള കവിതയുടെ മാതൃഭാവമായി വിളങ്ങുന്ന സുഗതകുമാരി ടീച്ചര്‍ക്ക് ഭാവങ്ങളേറെയാണ്. തന്റെ ഒസ്യത്തിനെക്കുറിച്ച് കേരളത്തെ ടീച്ചര്‍ അറിയിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. സമൂഹത്തിനായി സ്വയം സമര്‍പ്പിച്ചു പ്രവര്‍ത്തിച്ച കര്‍മയോഗിണിയുടെ സ്ഥിരചേതനയാര്‍ന്ന വാക്കുകളിലൂടെ മലയാളം ആ അഭിലാഷങ്ങള്‍ കേട്ടറിഞ്ഞു

മരണത്തിനപ്പുറം ജീവിതമുണ്ടോ
ഇനിയൊരു ജനനമുണ്ടോ?

തുറന്നുപറയാന്‍ പൂര്‍ണ്ണമായും മനസ്സനുവദിക്കുന്നില്ലെങ്കിലും ഏതൊരു നാസ്തികനും പലപ്പോഴായി ആഗ്രഹിച്ചതും തുറന്നു സമ്മതിച്ചതും മരണാനന്തരം ജീവിതം ഉണ്ടെന്നുതന്നെ. ഈ ഭൂമിയില്‍ ജീവിച്ച് കൊതിതീരാതെ, ‘മരിച്ച വസന്തങ്ങള്‍ പൂവിട്ടുണരുന്ന മണ്ണിന്റെ മടിയില്‍” വീണ്ടുമൊരു ജന്മത്തിനായി പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ അക്ഷരങ്ങള്‍ കോര്‍ത്തെടുത്ത് കവിപാടിയത്… ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മംകൂടി” എന്നാണ്.
കാലപ്പഴക്കത്താല്‍ പഴകിക്കീറിയ വസ്ത്രങ്ങള്‍ ഊരിമാറ്റി പുത്തനുടുപ്പിട്ട ശരീരവുമായി വീണ്ടും നമ്മള്‍ പിറവിയെടുക്കുമെന്നത് മതപരമായ മറ്റൊരു സൈദ്ധാന്തിക വിശ്വാസം. എന്തായാലും മരണശേഷം ആത്മാവ് അഥവാ ജീവന്‍ മറ്റൊരു ശരീരം സ്വീകരിക്കുകയും വീണ്ടും തന്റെ ജീവിതം തുടരുമെന്നുമുള്ളതാണ് നമ്മുടെ പൊതുധാരണയും വിശ്വാസവും.

അരനൂറ്റാണ്ടിലേറെക്കാലമായി മലയാള കവിതയുടെ നിത്യഹരിത വിസ്മയമായ, മനുഷ്യമാനവികതയുടെ വരപ്രസാദമെന്ന് വിശേഷിപ്പിക്കാവുന്ന മലയാണ്മയുടെ എഴുത്തമ്മ സുഗതകുമാരി ടീച്ചര്‍ ഈ അടുത്താണ് മരണത്തെക്കുറിച്ചു സംസാരിച്ചത്. തന്റെ മരണാനന്തരം നടത്തേണ്ട ചടങ്ങുകള്‍ ലളിതമാക്കാനാവശ്യപ്പെട്ടുകൊണ്ട് ടീച്ചര്‍ ഒസ്യത്ത് തയ്യാറാക്കുകയും ചെയ്തു.

”ജീവിതത്തില്‍ സുനിശ്ചിതമായത് ഒന്നേയുള്ളു…അതാണ് മൃത്യു,
ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും…”

മരണം ഒന്നിന്റെയും അവസാനമല്ലെന്നും മറ്റുചിലതിന്റെ തുടക്കമാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍. ഇനിയുമീ ഭൂമിയില്‍ വരാനും അവശതയനുഭവിക്കുന്നവര്‍ക്ക് തണല്‍മരമാകാനും അഭയമാകാനും ടീച്ചറിന്റെ മനസ്സ് കൊതിക്കുന്നതുപോലെ. ശരീരത്തിന്റെ ക്ഷണികതയെയും ബന്ധങ്ങളുടെ നിഷ്ഫലതയേയും തിരിച്ചറിയാന്‍ തുടങ്ങുമ്പോള്‍ മരണം ഒന്നുമല്ലാതാവുന്ന ഒരവസ്ഥ. മനസ്സിന് ദുഖമുണ്ടാകുമ്പോഴാണ് പലപ്പോഴും കവിതയുടെ കടന്നുവരവെന്ന് സുഗതകുമാരി ടീച്ചര്‍. എല്ലാം ദുഖമാണെന്നും ദുഖത്തിന്റെ മൂലകാരണം തൃഷ്ണയാണെന്നും അവര്‍ വിശ്വസിക്കുന്നു. ഇന്ന് നിലവിലുള്ളതില്‍ വെച്ചേറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നായ ബുദ്ധമതത്തിലെ ആര്യതത്വങ്ങള്‍ ‘സര്‍വ്വം അനിത്യം…സര്‍വ്വം ദുഃഖം” അവര്‍ അയവിറക്കുന്നു. മരണം അനുസ്മരിക്കുന്നത് നല്ലത്. എന്നാല്‍ മരണം ആഘോഷിക്കുന്നതിനോട് അശേഷം താല്‍പ്പര്യമില്ലെന്ന് സുഗതകുമാരി ടീച്ചര്‍ .
അരുതായ്മയുടെ പ്രായം, സമയമായെന്ന തോന്നല്‍…എല്ലാം വിട്ടെറിഞ്ഞുപോകാനുള്ള മനസ്സിന്റെ പാകപ്പെടല്‍ സ്വാഭാവികം.

ഔദ്യോഗിക ബഹുമതികളോ, പുഷ്പചക്രങ്ങളോ ആചാര വെടിയോ വേണ്ട. സഞ്ചയനവും പതിനാറടിയന്തിരവും കാപ്പികൊടുക്കലും ഒന്നുമില്ലാതെ തൈക്കാട്ടെ ശാന്തികവാടം ശ്മശാനത്തില്‍ വെറും ചാരമായി മാത്രം അവശേഷിക്കുവാന്‍ ആഗ്രഹിക്കുന്നു മലയാളത്തിന്റെ മഹാകവി. മരണാനന്തര ചടങ്ങുകളില്‍ മിതത്വവും വേറിട്ട കാഴ്ചപ്പാടുമായി സ്വന്തം ശവകുടീരത്തില്‍ കുറിച്ചിടാനുള്ള രണ്ടുവരിക്കവിത ജീവിച്ചിരിക്കുമ്പോള്‍ എഴുതിവെച്ച മലയാളത്തിലെ മറ്റൊരു മഹാകവിയെക്കൂടി ഈ സമയത്ത് ഓര്‍ത്തുപോകുന്നു .

”തുച്ഛമാമീ ശവകുടീരത്തില്‍ വെച്ചിടായ്‌കൊരു ദീപവും’

വര്‍ണ്ണമനോഹരമായ പൂഞ്ചിറകുകളുമായി പറന്നടുക്കുന്ന പൂത്തുമ്പികളുടെ, ചെറു പ്രാണികളുടെ അതിലോലമായ ചിറകുകള്‍ മണ്‍ചിരാതിലെ ദീപനാളത്തില്‍ കരിഞ്ഞുപോകുമ്പോഴുള്ള മാനസികനൊമ്പരം തന്നെയാവാം കവിയുടെ ഈ വിലക്കിന്റെ മൂലകാരണം.

‘മരണം മനോഹര പച്ചിലവിരിപ്പിട്ട ഗിരിതന്‍ സാനുപ്രാന്തം തഴുകും തരംഗിണി” എന്നെഴുതി മരണത്തെ ആഘോഷിക്കുന്നു മറ്റൊരു കവി. ഇപ്പോഴിതാ സുഗതകുമാരി ടീച്ചര്‍ മരണാനന്തര ചടങ്ങുകളില്‍ മിതത്വം വേണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. തിരുവനന്തപുരം പേയാടുള്ള ‘അഭയ’യുടെ പിന്നാമ്പുറത്തെ പാറക്കൂട്ടത്തിനിടക്ക് നിറയെ കിളികള്‍ക്കും അണ്ണാനും ചേക്കേറാനിടമൊരുക്കിക്കൊണ്ട് തന്റെ ഓര്‍മ്മക്കായി ചുവന്ന പഴങ്ങളുണ്ടാകുന്ന ഒരു ആല്‍മരം മാത്രം നട്ടാല്‍ മതിയെന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ അവര്‍ വ്യക്തമാക്കുന്നു. ആല്‍മരം കേവലമൊരു മരം മാത്രമല്ല പുണ്യവൃക്ഷമാണ്. ശ്രേഷ്ഠതയും പവിത്രതയുമുള്ള ഭാരതത്തിന്റെ ദേശീയ വൃക്ഷം. ഒരര്‍ത്ഥത്തില്‍ ഏതു പ്രതികൂല സാഹചര്യങ്ങളിലും പരന്ന് വളരുന്ന അരയാല്‍ മരമായിരുന്നു സുഗതകുമാരി ടീച്ചര്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തക.

ഈ ഭൂമിക്കു വേണ്ടി, ഇവിടുത്തെ പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി…
വിലയില്ലാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടി,
പക്ഷികള്‍ക്കും മരങ്ങള്‍ക്കും നദികള്‍ക്കും വേണ്ടി,
കുടിവെള്ളത്തിനും ശുദ്ധവായുവിനും വേണ്ടി
മണ്ണും ജലവും ഹരിതകാന്തിയും
വരും തലമുറക്കായി കരുതിവെക്കാന്‍
അവനവന്റെ പെണ്‍കുഞ്ഞുങ്ങളെ കരുതലോടെ കാക്കാന്‍
അവനവന്റെ ഭാഷയെ, സംസ്‌കാരത്തെ സംരക്ഷിക്കാന്‍
ഭാവതീവ്രവും ആത്മരോഷപ്രകടനപരവുമായ അക്ഷരക്കൂട്ടുകളിലൂടെ
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി
മലയാളിയുടെ മനസ്സ് തൊട്ടറിഞ്ഞ മലയാണ്മയുടെ സ്വന്തം എഴുത്തമ്മ!
പ്രശസ്ത കവയിത്രി, പാരിസ്ഥിതി പ്രവര്‍ത്തക

അതിശക്തവും രാജ്യവ്യാപകവുമായ സൈലന്റ്വാലി സംരക്ഷണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധയും പരിഗണനയും നേടാന്‍ മാത്രം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമായി ജനഹൃദയങ്ങളിലെത്തിക്കാന്‍ മറ്റാരേക്കാളും മുന്നിലായിരുന്നു സുഗതകുമാരി ടീച്ചര്‍. സൈലന്റ് വാലി എന്ന നിശ്ശബ്ദ താഴ്‌വരയുടെ സസ്യാവരണത്തിന്റെ സവിശേഷതയും മഴക്കാടുകളുടെ മഹത്വവും പ്രാധാന്യവും അശേഷം വിലക്കെടുക്കാതെയും ബോധപൂര്‍വ്വം അവഗണിച്ചുകൊണ്ടും 1975 കാലഘട്ടത്തില്‍ കുന്തിപ്പുഴക്ക് വിലങ്ങനെ അണക്കെട്ടു നിര്‍മ്മിച്ചുകൊണ്ട് വൈദ്യുതി ഉണ്ടാക്കാനുള്ള മോഹവുമായി വികസനവാദികളുടെ വലിയ നിരതന്നെ രംഗത്തെത്തുകയുണ്ടായി. വിദ്യുച്ഛക്തി വകുപ്പിന്റെ സഹകരണം വേറെയും. സൈലന്റ്വാലിയിലൂടെ പരന്നൊഴുകുന്ന കുന്തിപ്പുഴയെയും സൈരന്ധ്രി വനത്തെയും നശിപ്പിച്ചുകൊണ്ടായാലും വേണ്ടില്ല അണക്കെട്ടുനിര്‍മ്മാണം നടക്കണം എന്ന താല്‍പ്പര്യങ്ങള്‍ക്കെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍, ത്യാഗോജ്വലമായ സഹന സമരമുറകളിലൂടെ പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ മുന്‍നിരയില്‍ സുഗതകുമാരി ടീച്ചര്‍ നിലകൊണ്ടു. 1984 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, കുന്തിപ്പുഴയിലെ പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍ത്തലാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ഈ പ്രക്ഷോഭത്തെ ശുഭപര്യവസായിയാക്കി. 1985 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

വേണ്ടപ്പെട്ട ആരുടെയെങ്കിലും പുസ്തകത്തിനായുള്ള അവതാരികക്ക്, അല്ലെങ്കില്‍ ഉത്ഘാടനത്തിന്, അതുമല്ലെങ്കില്‍ ഏതെങ്കിലും പരിപാടിക്കായുള്ള ആശംസാവചനകള്‍ക്ക് ഇടക്കൊക്കെ ഞാന്‍ വിളിക്കുമായിരുന്നു. ‘ടീച്ചറമ്മ പുറത്താണല്ലോ…പിന്നെ വിളിക്കാമോ” എന്ന സ്ത്രീശബ്ദമായിരിക്കും മറുതലയ്ക്കല്‍. എന്നാല്‍ ഓര്‍ക്കാപ്പുറത്തായിരിക്കും ചിലപ്പോള്‍ സുഗതകുമാരി ടീച്ചറുടെ ഫോണ്‍കോള്‍ ലഭിക്കുക. അവസാനമായി ഞാന്‍ വിളിച്ചത് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക കുമാരി ദാമോദറിന്റെ കവിതാ സമാഹാരത്തിന് അവതാരിക ആവശ്യപ്പെട്ടുകൊണ്ട്. ‘വയ്യ കുഞ്ഞേ, പഴയതുപോലെ ഇരുന്നു വായിക്കാന്‍ പറ്റുന്നില്ല. പുസ്തകം മുഴുവന്‍ വായിക്കാതെങ്ങനെ അവതാരിക എഴുതും?’ ഇതായിരുന്നു മറുപടി. സുഗതകുമാരി ടീച്ചറുടെ അവതാരികയുടെ മഹത്വവും അതുതന്നെ.

ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സാംസ്‌കാരികോത്സവത്തിന് ആശംസാവാചകം വേണമെന്ന ആവശ്യവുമായി ഞാന്‍ വിളിക്കുകയുണ്ടായി. ആ സമയത്ത് ടീച്ചര്‍ സംസാരിച്ചത് മുഴുവനും അഭയയിലെ അന്തേവാസികളുടെ കാര്യമായിരുന്നു, തിരസ്‌കൃതരായ സ്ത്രീകളുടെ പുനരധിവാസത്തിന്റെ കാര്യം. അവരുടെ ഉന്നമനത്തിനായി തന്നാലാവത് ചെയ്യാന്‍ ആരുണ്ടെന്ന ചോദ്യം!

വേള്‍ഡ് ഗ്രീന്‍പീസ് ഓര്‍ഗനൈസേഷന്‍, സുന്ദര്‍ലാല്‍ ബഹുഗുണയുടെ ‘ചിപ്‌കോ’, മേധാ പട്കറുടെ നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍, വേള്‍ഡ് വൈല്‍ഡ് ഫണ്ട് ഇവയ്‌ക്കെല്ലാം ഒപ്പത്തിനൊപ്പം അല്ലെങ്കില്‍ ഒരു പടി മുന്നിലാണ് സുഗതകുമാരി ടീച്ചറുടെ കൃഷ്ണവനവും അഭയയും. പകല്‍വീടും അത്താണിയും എന്നുപറഞ്ഞാല്‍ തെറ്റാവുമോ? മലയിന്‍കീഴിനടുത്തുള്ള മഞ്ചാടി ഗ്രാമത്തിലെ കുന്നിന്‍ചെരുവില്‍ 10 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു ടീച്ചര്‍ സ്ഥാപിച്ച അഭയഗ്രാമം പുനരധിവാസകേന്ദ്രം. അനാഥര്‍ക്കും ആതുരര്‍ക്കും എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. കേരളത്തിനാവശ്യം സുഗതകുമാരി ടീച്ചറുടെ പൂര്‍ണ്ണകായ പ്രതിമയല്ലെന്ന് തീര്‍ച്ച. മഹത്തായ ലക്ഷ്യവുമായി അവര്‍ മുന്നിട്ടിറങ്ങി സ്ഥാപിച്ച അഭയ ഗ്രാമം തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനാലയങ്ങള്‍ സുമനസ്സുകളുടെ കൂട്ടായ്മയില്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ വിപുലീകരിക്കുന്നതാവും സുഗതകുമാരി ടീച്ചര്‍ക്ക് നല്‍കാവുന്ന ഏറ്റവും വിലപ്പെട്ട ഉപഹാരവും കൃതജ്ഞതയും.

Categories: FK Special, Slider