റെനോ ട്രൈബര്‍ ടീസര്‍ പുറത്ത്; ആഗോള അനാവരണം നാളെ

റെനോ ട്രൈബര്‍ ടീസര്‍ പുറത്ത്; ആഗോള അനാവരണം നാളെ

ക്വിഡ് ഉപയോഗിക്കുന്ന സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച വേര്‍ഷനിലാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ റെനോയുടെ ക്വിഡിനും എസ്‌യുവികള്‍ക്കുമിടയിലായിരിക്കും സ്ഥാനം

ന്യൂഡെല്‍ഹി : റെനോയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ ട്രൈബറിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടു. റെനോ ട്രൈബര്‍ എംപിവി നാളെയാണ് ആഗോളതലത്തില്‍ ഇന്ത്യയില്‍ അനാവരണം ചെയ്യുന്നത്. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളുടെ എംപിവി എങ്ങനെയിരിക്കും എന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ടീസര്‍. ക്വിഡ് ഉപയോഗിക്കുന്ന സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച വേര്‍ഷനിലാണ് ട്രൈബര്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ റെനോയുടെ ക്വിഡിനും എസ്‌യുവികള്‍ക്കുമിടയിലായിരിക്കും ട്രൈബറിന് സ്ഥാനം.

മൂന്ന് അഴികളോടുകൂടിയ (ത്രീ സ്ലാറ്റ്) ക്രോം ഗ്രില്‍, പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ മുന്‍വശത്ത് കാണാം. ദൃഢകായനാണെന്ന് തെളിയിക്കുന്നതാണ് എംപിവിയുടെ ബോണറ്റില്‍ കാണുന്ന ക്രീസുകള്‍. മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ നില്‍പ്പ് ആ വിധമാണ്. ആഗോളതലത്തില്‍ കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ അനുസരിച്ചുള്ളതാണ് വലിയ റെനോ ലോഗോ. ഡാറ്റ്‌സണ്‍ ഗോ പ്ലസ് പോലെ കോംപാക്റ്റ് കാറായിരിക്കും റെനോ ട്രൈബര്‍. എന്നാല്‍ ഗോ പ്ലസ് പോലെ നാല് മീറ്ററില്‍ താഴെയായിരിക്കില്ല നീളം.

മെച്ചപ്പെട്ട ക്രാഷ് ടെസ്റ്റ് ശേഷിയും കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും റെനോ ട്രൈബര്‍ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ ഉണ്ടായിരിക്കും. ഈ വര്‍ഷം ഒക്‌റ്റോബറില്‍ പ്രാബല്യത്തിലാകുന്ന പുതിയ സുരക്ഷാ നിബന്ധനകള്‍ പാലിക്കാന്‍ റെനോ ട്രൈബറിന് കഴിയും. ഇബിഡി സഹിതം എബിഎസ്, ഇരട്ട എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഡ്രൈവര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് എന്നീ സുരക്ഷാ ഫീച്ചറുകളാണ് സ്റ്റാന്‍ഡേഡായി നല്‍കുന്നത്.

പുതുതായി രൂപകല്‍പ്പന ചെയ്ത, കറുപ്പിലും ഇളം തവിട്ടുനിറത്തിലുമുള്ളതായിരിക്കും (ഡുവല്‍ ടോണ്‍) ഡാഷ്‌ബോര്‍ഡ്. വിഷമചതുര്‍ഭുജത്തിന്റെ ആകൃതിയുള്ള എസി വെന്റുകള്‍ക്കുചുറ്റും സില്‍വര്‍ പാനല്‍ നല്‍കിയിരിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാന്‍ കഴിയും. നീളമേറിയ വീല്‍ബേസ്, നീളം കുറഞ്ഞ ഓവര്‍ഹാംഗുകള്‍ എന്നിവ റെനോ ട്രൈബറിന്റെ പ്രത്യേകതകളാണ്. അതിനാല്‍ കാബിന്‍ വിശാലമായിരിക്കും. സെഗ്‌മെന്റില്‍ ഇതാദ്യമായി റെനോ ട്രൈബറിലെ മൂന്നാം നിര സീറ്റുകള്‍ നീക്കം ചെയ്യാന്‍ കഴിയും. പവര്‍ട്രെയ്‌നുകള്‍ സംബന്ധിച്ച് എംപിവി അനാവരണം ചെയ്യുന്ന വേളയില്‍ അറിയാം.

Comments

comments

Categories: Auto