ആര്‍ബിഐയുടെ അധിക കരുതല്‍ ധനത്തില്‍ കണ്ണ്

ആര്‍ബിഐയുടെ അധിക കരുതല്‍ ധനത്തില്‍ കണ്ണ്
  • മാന്ദ്യം പരിഹരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അധിക കരുതല്‍ ധനം ഉപയോഗിച്ചേക്കും
  • ആര്‍ബിഐയുടെ പക്കലുള്ളത് 9.59 ലക്ഷം കോടി രൂപയുടെ കരുതല്‍ ധനം
  • കരുതല്‍ ധനം എടുക്കാനുള്ള ശ്രമം നേരത്തെ ആര്‍ബിഐ സര്‍ക്കാര്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു

ന്യൂഡെല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനും ധനകമ്മി 3.4 ശതമാനമായി നിലനിര്‍ത്താനുമായി ആര്‍ബിഐയുടെ അധിക കരുതല്‍ ധനശേഖരം പ്രയോജനപ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ ഒരു ഭാഗം കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ട്രഷറിയിലേക്ക് മാറ്റുമെന്നാണ് അനൗദ്യോഗിക വിവരം. 9.59 ലക്ഷം കോടിയാണ് ആര്‍ബിഐയുടെ പക്കലുള്ള കരുതല്‍ ധനസേഖരം എന്നാണ് അനുമാനം.

കഴിഞ്ഞ വര്‍ഷം ആര്‍ബിഐയുടെ കരുതല്‍ ധനം പ്രയോജനപ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര ബാങ്കും ധന മന്ത്രാലയവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരുന്നു. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ബാങ്കിന്റെ സ്വയം ഭരണാധികാര സ്വഭാവത്തെ ദുര്‍ബലമാക്കുമെന്നാരോപിച്ച് ഈ നീക്കത്തെ എതിര്‍ത്തു. മൊത്ത ആസ്തിയുടെ 28 ശതമാനമാണ് കേന്ദ്ര ബാങ്ക് കൈവശം വെച്ചിരിക്കുന്നത്. ഇത് ആഗോള ചട്ടങ്ങളനുസരിച്ചുള്ള 14 ശതമാനത്തേക്കാള്‍ കൂടുതലാണെന്നാണ് മോദി സര്‍ക്കാരിന്റെ അഭിപ്രായം. ആര്‍ബിഐയുടെ സ്വയം ഭരണാധികാരം അലംഘനീയമാണെന്നും അതില്‍ കൈവെക്കില്ലെന്നും പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആര്‍ബിഐയുടെ തലപ്പത്ത് വിശ്വസ്തനായ ശക്തികാന്ത ദാസിന്റെ സാന്നിധ്യം ഇത്തവണ സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. നിക്ഷേപത്തിലും ഉപഭോഗത്തിലുമുണ്ടായ വളര്‍ച്ചയാണ് സാമ്പത്തിക വളര്‍ച്ച കുറയാന്‍ പ്രധാന കാരണമായത്. ഈ മാന്ദ്യം മറികടക്കുന്നതിനുള്ള സജീവ പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മാസം അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാന്‍ സഹായകമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ കണക്കുകളില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അടുത്തിടെ രംഗത്തെത്തിയ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യനും ആര്‍ബിഐയുടെ പക്കലുള്ള കരുതല്‍ ധനശേഖരത്തില്‍ അധികം വരുന്ന തുക സര്‍ക്കാരിലേക്ക് ഉള്‍ച്ചേര്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ആര്‍ബിഐക്ക് നിലവില്‍ വലിയ മൂലധനശേഖരമുണ്ടെന്നും ആര്‍ബിഐ അധിക മൂലധനം ശേഖരം നിലനിര്‍ത്തുന്നതില്‍ പ്രത്യേക കാരണമൊന്നുമില്ലെന്നുമാണ് 2017 ലെ സാമ്പത്തിക സര്‍വേയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

Categories: FK News, Slider
Tags: inflation, RBI