മുത്താനയിലെ കുഞ്ഞുമോഹങ്ങളുടെ ദേവത

മുത്താനയിലെ കുഞ്ഞുമോഹങ്ങളുടെ ദേവത

കൊല്ലം വര്‍ക്കല സ്വദേശിയായ ദീജ സതീശന്‍ സംരംഭക ലോകത്തിനകമാനം പ്രചോദനമാണ്. നൈമിത്ര എന്ന ബ്രാന്‍ഡില്‍ വിവിധയിനം അച്ചാറുകള്‍, അവലോസ് പൊടി , വിവിധയിനം പലഹാരങ്ങള്‍ എന്നിവയാണ് ദീജ വോപനിയിലെത്തിക്കുന്നത്. ബിസിനസ് മാനേജ്‌മെന്റ് ബിരുദമോ സംരംഭകത്വ പരിശീലനമോ ഒന്നും ഇല്ലാതെ തന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം സംരംഭകലോകത്ത് സജീവമായ വ്യക്തിയാണ് ദീജ. ഒട്ടുമിക്ക സംരംഭകരും അങ്ങനെയൊക്കെ തന്നെയല്ലേ എന്നാണ് ചോദ്യമെങ്കില്‍, ഇത് കൂടി മനസിലാക്കണം മറ്റ് സംരംഭകരെ പോലെയല്ല ദീജ. ദീജ വീല്‍ ചെയറിലേക്ക് ഒതുങ്ങിയിട്ട് ഇരുപത് വര്‍ഷത്തിന് മുകളിലായി. മൂന്നാം വയസില്‍ പിടിപെട്ട പോളിയോ രോഗം ദീജയുടെ ജീവിതം ചക്ര കസേരയിലേക്ക് തള്ളിയിടുകയായിരുന്നു. കാലുകള്‍ തളര്‍ന്നു എന്ന് കരുതി തന്നെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല എന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചുകൊണ്ടാണ് പിന്നീട് ദീജ വളര്‍ന്നത്.ജീവിക്കാന്‍ ഒരു തൊഴില്‍ അനിവാര്യമായിരുന്നു. മാതാപിതാക്കള്‍ക്ക് ഭാരമാകാതെ ജീവിക്കണം. ഈ ആഗ്രഹമാണ് 36 കാരിയായ ദീജയെ സംരംഭകയാക്കിയത്. ഫേസ്ബുക്ക് വഴിയുള്ള മാര്‍ക്കറ്റിംഗ് വിജയം കണ്ടതോടെ അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന് സ്ഥിരവരുമാനം എന്ന ദീജയുടെ സ്വപ്‌നം യാത്ഥാര്‍ഥ്യമായി. എന്നാല്‍ സംരംഭക രംഗത്ത് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നതുള്‍പ്പെടെ ദീജക്ക് ഇനിയുമുണ്ട് ഏറെ ആഗ്രഹങ്ങള്‍….

നേരം പരപരാ വെളുത്തുതുടങ്ങുന്നതേയുള്ളൂ, എന്നാല്‍ കൊല്ലം ജില്ലയിലെ വര്‍ക്കലക്കടുത്ത് മുത്താന എന്ന കൊച്ചുഗ്രാമത്തില്‍ താമസക്കാരിയായ ദീജ സതീശന്റെ വീട്ടില്‍ വെളിച്ചം വീണു കഴിഞ്ഞു. ഞെട്ടും ചോനായും കളഞ്ഞു ഒരേ ആകൃതിയില്‍ അറിഞ്ഞുകൂട്ടുന്ന പച്ചമാങ്ങയുടെ പുളിപ്പിക്കുന്ന മണം ആ വീട്ടില്‍ നിന്നും വരുന്ന്‌നുണ്ട്. ഒപ്പം നാരങ്ങാ, പാവയ്ക്കാ, വിവിധയിനം പച്ചക്കറികള്‍ എന്നിവയെല്ലാം ഒരേ ആകൃതിയിലും വലുപ്പത്തിലും അരിഞ്ഞു വിവിധ പാത്രങ്ങളില്‍ സ്ഥാനം പിടിച്ചുകൊണ്ടിരിക്കുന്നു. വെള്ളത്തിലിട്ട പുളിയും പച്ചമുളകും ഇഞ്ചിയുമെല്ലാം ശുദ്ധിയോടെ രുചിക്കൂട്ടുകളാകാന്‍ തയ്യാറായിക്കഴിഞ്ഞു. അടുപ്പില്‍ വച്ച ഓട്ടുരുളി ഒന്ന് ചൂട് പിടിച്ചു വന്നപ്പോഴേക്കും അടുപ്പനടുത്തേക്ക് ഒരു ചക്രകസേര മെല്ലെ ഉരുണ്ടു വന്നു. അത് നളന്‍ നേരിട്ടനുഗ്രഹിച്ച ഒരു അനുഗ്രഹീത പാചകവിദഗ്ധയുടെ പാചകപ്പുരയിലേക്കുള്ള രംഗപ്രവേശമായിരുന്നു. അമ്മയും അച്ഛനും ചേര്‍ന്ന് അരിഞ്ഞുവക്കുന്ന പച്ചക്കറികളെല്ലാം വിവിധയിനം അച്ചാറുകളാക്കി മാറ്റുകയാണ് ദീജ. ശേഷം വൃത്തിയുള്ള പാക്കിംഗില്‍ നൈമിത്ര എന്ന ബ്രാന്‍ഡില്‍ ഈ അച്ചാറുകള്‍ വിപണിയിലെത്തുന്നു.ദീജ സതീശന്‍ എന്ന പോരാളിയുടെ സംരംഭക ജീവിതം ആരംഭിക്കുന്നത് ഈ പാചകപ്പുരയില്‍ നിന്നുമാണ്.

ദീജ വീല്‍ ചെയറിലേക്ക് ഒതുങ്ങിയിട്ട് ഇരുപത് വര്‍ഷത്തിന് മുകളിലായി. മൂന്നു വയസ്സ് വരെ പൂര്‍ണ ആരോഗ്യവതിയായിരുന്ന ദീജയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തിയ വില്ലനെ പോലെയായിരുന്നു പോളിയോയുടെ രംഗപ്രവേശം. നടക്കാനുള്ള ബുദ്ധിമുട്ടുകള്‍ ആരംഭത്തില്‍ കാണിച്ച രോഗത്തിന്റെ മുഖം മാറിയത് വളരെ വേഗത്തിലായിരുന്നു.വളരെ വേഗത്തില്‍ തന്നെ ദീജക്ക് നടക്കാനുള്ള ശേഷി നഷ്ടമായി. പോളിയോബാധയാണ് എന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതി. മകള്‍ക്ക് പോളിയോ ബാധിച്ചു എന്നറിഞ്ഞ മാതാപിതാക്കള്‍ കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി വിദഗ്ധ ചികിത്സ നടത്തി. എന്നാല്‍ പണം കുറെ ചെലവായതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായില്ല. പോളിയോ ബാധയെത്തുടര്‍ന്ന് കാലുകളുടെ ചലനശേഷി നഷ്ടമായി. തുടക്കത്തില്‍ മനസ്സ് വച്ചാല്‍ ഒന്ന് നീങ്ങിയും ഞെരങ്ങിയുമെല്ലാം സഞ്ചരിക്കാന്‍ കഴിയുമായിരുന്നു. പയ്യെ പയ്യെ അതും ഇല്ലാതായി. ആ കുഞ്ഞു ജീവിതം ഒരു വീല്‍ചെയറിലേക്ക് ഒതുങ്ങി.

”ജീവിതത്തില്‍ സംഭവിച്ചതെല്ലാം തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളാണ്. ഒരിക്കലും എന്റെ ജീവിതം ചക്രകസേരയില്‍ ഒതുങ്ങുമെന്ന് അച്ഛനുമ മമ്മിയും കരുതിയതല്ല. എന്നാല്‍ വിധി അതായിരുന്നു. എനിക്ക് ’28 വയസ്സുവരെ കുറച്ചെങ്കിലും കാര്യങ്ങള്‍ സ്വയം പര്യാപ്തതയോടെ ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അതിനുശേഷം പൂര്‍ണമായും വീല്‍ചെയറിലേക്ക് മാറി. അതോടെ ജീവിതത്തില്‍ പൂര്‍ണമായും ഞാന്‍ ഒറ്റപ്പെട്ടതായി തോന്നി. പരസഹായത്താല്‍ മാത്രം എഴുന്നേല്‍ക്കാന്‍ കഴിയുള്ളൂ എന്ന അവസ്ഥയില്‍ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണ്ണമായി എന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ ആദ്യം മനസ് മടുത്തു എങ്കിലും, ജീവിതത്തോട് പിന്നെ പിന്നെ ഒരു വാശി തോന്നിത്തുടങ്ങി. വീടിന്റെ നാല് ചുമരുകളിക്കുള്ളില്‍ ഒതുങ്ങാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അച്ഛനമ്മമാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ ഏറെയായിരുന്നു. എന്റെ ചികിത്സക്കായിത്തന്നെ നല്ലൊരു തുക ചെലവായി. വീട് പണയത്തിലാണെന്നും മൂന്നു ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും മനസിലായതോടെ ചക്രകസേരയിലിരുന്നു കൊണ്ട് തന്നാലാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ജീവിതം നൈമിത്രയിലെത്തിയത്” സാധാരണക്കാരന്റെ ഹൃദയം തൊടുന്ന രീതിയില്‍ ദീജ തന്റെ ജീവിതം വാക്കുകള്‍ കൊണ്ട് വരച്ചിടുന്നു.

ഭിന്നശേഷിക്കാരുടെ കൂട്ടായ്മ നല്‍കിയ ബലം

ജീവിതം ഏത് വിധേനയും കയ്യെത്തിപ്പിടിക്കണം എന്ന ചിന്ത രൂക്ഷമായതോടെ തന്നെ പോലെ സമാന രീതിയില്‍ ജീവിത വൈഷമ്യങ്ങള്‍ നേരിടുന്ന വ്യക്തികളെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെയാണ് ഭിന്നശേഷിക്കാരുടെ കൂട്ടായ്മയെപ്പറ്റി അറിയുന്നത്. പിന്നെ ഒട്ടും വൈകിയില്ല ആ കൂട്ടായ്മയില്‍ അംഗമായി. വിത്തുപേന നിര്‍മാണം, എല്‍ഇഡി ബള്‍ബ് നിര്‍മാണം തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ഈ കൂട്ടായ്മായിലുള്ളവര്‍ വരുമാനം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത് ദീജക്ക് അത്ര എളുപ്പമായിരുന്നില്ല. പേന നിര്‍മാണം അഭ്യസിച്ചു എങ്കിലും ധാരാളം സമയം ഒരേ ഇരിപ്പിരുന്നു പേന നിര്‍മിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വേറെ എന്താണ് തനിക്ക് ചെയ്യാന്‍ കഴിയുക എന്ന അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് ആഭരണ നിര്‍മാണത്തിലായിരുന്നു. ഓണ്‍ലൈന്‍ വഴി ഇത്തരത്തിലുള്ള ആഭരണ നിര്‍മാണവും വിപണനവും നടക്കുന്നത് മനസിലാക്കിയ ദീജ യുട്യൂബ് നോക്കിയാണ് തുടക്കത്തില്‍ ആഭരണനിര്‍മാണം പഠിച്ചത്. തനിക്ക് അത് ചെയ്യാനാകും എന്ന് മനസിലായതോടെ, ആഭരണ നിര്‍മാണത്തില്‍ പരിശീലനം നേടി. കൈ വഴങ്ങുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ തുടക്കത്തില്‍ ആഭരണ നിര്‍മാണം അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ പരിശീലനം കൊണ്ട് ദീജ ആഭരണനിര്‍മാണത്തില്‍ തന്റെ കഴിവ് തെളിയിച്ചു.

ആയിടക്കാണ് ദീജ ഫേസ്ബുക്കില്‍ ആക്റ്റീവ് ആകുന്നത്. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനായി ഇത്തരം കൂട്ടായ്മകള്‍ സഹായിക്കും എന്നതില്‍ നിന്നുമാണ് ദീജ ഫേസ്ബുക്കില്‍ അകൗണ്ട് തുറക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായതോടെ ആഭരണ നിര്‍മാണത്തിന് വിപണി കണ്ടെത്തുന്നതിനായി ഈ മാധ്യമങ്ങളെ ദീജ ഉപയോഗിച്ചു.ഫേസ്ബുക്ക് വഴിയും വാട്‌സാപ്പ് വഴിയുമാണ് നിര്‍മിച്ച ആഭരണങ്ങള്‍ പ്രധാനമായും വിറ്റിരുന്നത്. ആഭരണങ്ങളുടെ ഫോട്ടോയെടുത്ത് വില സഹിതം വാട്‌സാപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളില്‍ പോസ്റ്റ് ചെയ്യും.ഇഷ്ടപ്പെട്ട് ഓര്‍ഡര്‍ ലഭിച്ചത് പറയുന്ന അഡ്രസില്‍ എത്തിച്ചു നല്‍കും. ഇതായിരുന്നു പ്രവര്‍ത്തന രീതി. ഓര്‍ഡര്‍ നല്‍കുന്നതിനനുസരിച്ച് ഇഷ്ടമുള്ള പാറ്റേണില്‍ ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കാനും ആരംഭിച്ചു. എന്നാല്‍ ജോലി ചെയ്യുന്നതിനായി എടുക്കുന്ന സമയം, അസംസ്‌കൃത വസ്തുക്കളുടെ വില തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ ജോലികൊണ്ട് പറയത്തക്ക മെച്ചം ഒന്നുമുണ്ടായില്ല. അച്ഛനും അമ്മയ്ക്കും ഒരു തണലാകുക എന്ന തന്റെ ആഗ്രഹം ഈ ജോലികൊണ്ട് നിറവേറില്ല എന്ന് മനസിലാക്കിയപ്പോഴാണ് മറ്റൊരു ജോലി എന്ന ചിന്ത ദീജക്കുണ്ടാകുന്നത്.

നൈമിത്രക്ക് വഴികാട്ടിയായി സുഹൃത്ത്

ആഭരണനിര്‍മാണമല്ലാതെ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ആശങ്ക തന്റെ അടുത്തസുഹൃത്തുക്കളുമായി ദീജ പങ്കുവച്ചു. എന്നത്തേയും പോലെ ഫേസ്ബുക്കിലും ആ ആശങ്കള്‍ പങ്കുവച്ചു. അങ്ങനെയാണ് ദീജ തികച്ചും അപ്രതീക്ഷിതമായി ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന കൊല്ലം സ്വദേശിയായ നൗഷാദ് എന്ന വ്യക്തിയെ പരിചയപ്പെടുന്നത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും അവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്ന സുമനസ്സിന് ഉടമയായിരുന്നു നൗഷാദ്. നൗഷാദുമായുള്ള പരിചയമാണ് ദീജയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. നൗഷാദാണ് അച്ചാറ് നിര്‍മാണം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.സമാനമായ രീതിയില്‍ ജീവിത വിജയം നേടിയ ആളുകളുടെ കഥയുള്‍പ്പെടെ നൗഷാദ് വിവരിച്ചപ്പോള്‍ ദീജക്കും താല്‍പര്യമായി. പാചകം ഒരു തൊഴില്‍ ആക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല എങ്കിലും അച്ഛന്റെ പാചക നൈപുണ്യം തനിക്കും ലഭിച്ചിട്ടുണ്ടെന്നത് ദീജക്ക് കരുത്തായി. എന്നാല്‍ ചക്രകസേരയില്‍ ഒരുന്നുകൊണ്ട് എങ്ങനെ ഇത് പ്രാബല്യത്തില്‍ വരുത്തും എന്ന ചോദ്യം ബാക്കിയായി.

എന്നാല്‍ ഇക്കാര്യത്തിലും പൂര്‍ണ പിന്തുണയുമായി നൗഷാദ് എത്തി. ആവശ്യമായ പാത്രങ്ങള്‍, അടുപ്പ് , മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ നൗഷാദിന്റെ നേതൃത്വത്തില്‍ ദീജയുടെ വീട്ടിലെത്തിച്ചു നല്‍കി. അച്ചാര്‍ നിര്‍മാണത്തില്‍ ദീജയെ സഹായിക്കാന്‍ അമ്മയും അച്ഛനും തയ്യാറായി വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. ശാരീരികമായ പിന്തുണയേക്കാള്‍ മാനസികമായ പിന്തുണയാണ് ദീജക്ക് കരുത്തായത്. ആ കരുത്തില്‍ മറ്റ് വേദനകള്‍ എല്ലാം മറന്നു. 2017 ജനുവരി മാസത്തില്‍ നൈമിത്ര എന്ന ബ്രാന്‍ഡില്‍ അച്ചാറുകള്‍ വിപണിയിലെത്താന്‍ തുടങ്ങി.

പൂര്‍ണമായും ഓര്‍ഗാനിക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ച അച്ചാറുകളാണ് നൈമിത്രയിലൂടെ വില്‍ക്കപ്പെടുന്നത്. ഓര്‍ഗാനിക്ക് എന്ന് ഉറപ്പുള്ള മാങ്ങയും നാരങ്ങായുമെല്ലാം കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങിയാണ് അച്ചാര്‍ നിര്‍മാണം. ഇതില്‍ ചേര്‍ക്കേണ്ട പൊടിക്കൂട്ടുകളും സ്വയം നിര്‍മിക്കുന്നു. ആരോഗ്യത്തിന് ഹാനീകരമാകുന്ന യാതൊരുവിധ കലര്‍പ്പുകളും ഇതില്‍ ചേര്‍ക്കുന്നില്ല. തികച്ചും പരമ്പരാഗത രീതിയിലാണ് അച്ചാറിന്റെ നിര്‍മാണം. നാരങ്ങാ അച്ചാറുമായായിരുന്നു തുടക്കമെങ്കിലും പിന്നീട് മാങ്ങാ , വെളുത്തുള്ളി,പാവക്ക, മിക്‌സഡ് വെജിറ്റബിള്‍ , ചെമ്മീന്‍ തുടങ്ങി അച്ചാറുകളുടെ വ്യത്യസ്തങ്ങളായ രുചികള്‍ പരീക്ഷിച്ചു തുടങ്ങി. അച്ചാറുകള്‍ വിപണിയിലേക്ക് എത്തിക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി.

താങ്ങായി തണലായി ഫേസ്ബുക്ക്

എങ്ങനെ ഒരു സംരംഭത്തിന് ഫേസ്ബുക്കിലൂടെ വിപണി പിടിക്കാം എന്നതിനുള്ള ഉത്തരമാണ് നൈമിത്ര. അച്ചാറുകളുടെ രുചി, ഗുണം എന്നിവാ വിപണിയിലെ മറ്റ് ബ്രാന്‍ഡുകളോട് കിടപിടിക്കത്തക്കതായിരുന്നു.ഒരിക്കല്‍ ഉപയോഗിച്ചവര്‍ വീണ്ടും വീണ്ടും ഉല്‍പ്പന്നങ്ങള്‍ വാങ്ങി. ബ്രാന്‍ഡിംഗ് നടന്നതത്രയും ഫേസ്ബുക്ക് വഴിയായിരുന്നു. തുടക്കത്തില്‍ ദിവസം നാലും അഞ്ചും ബോട്ടില്‍ അച്ചാറുകള്‍ ആണ് വിറ്റിരുന്നത്.എന്നാല്‍ ഇന്ന് പ്രതിദിനം 50 കിലോ നാരങ്ങയും മാങ്ങയുമൊക്കെ അച്ചാര്‍ ആക്കുന്നുണ്ട്. വില്പന പതിവ് പോലെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വഴി തന്നെ. ഇപ്പോള്‍ നാരങ്ങാ, മാങ്ങാ, വെളുത്തുള്ളി, മിക്‌സഡ് വെജിറ്റബിള്‍, പാവയ്ക്കാ, മീന്‍ അച്ചാര്‍ തുടങ്ങി അച്ചാറിന്റെ എല്ലാവിധ വെറൈറ്റികളും ദീജ നിര്‍മിക്കുന്നുണ്ട്. ഇതിനു പുറമെ നൈമിത്ര എന്ന പേരില്‍ പൊതിച്ചോറും വില്‍പ്പനക്ക് എത്തിക്കുന്നു. എങ്ങനെ ഇതെല്ലം സാധിക്കുന്നു എന്ന ചോദ്യത്തിന് മുന്നില്‍ വിജയിക്കണം എന്ന ആഗ്രഹം എന്നത് മാത്രമാണ് ദീജക്കുള്ള ഉത്തരം. വര്‍ക്കലക്കടുത്തുള്ള മുത്താനയിലെ ദീജയുടെ വീട്ടില്‍ പാചകം ചെയ്യുന്നതിനുള്ള അടുപ്പ് വയ്ക്കുന്നതിനും മറ്റുമുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ സൗകര്യപ്രദമായ ഒരു വീട് വാടകക്ക് തേടുകയാണ് ദീജ.

ബിസിനസില്‍ മികച്ച വിജയം കൈവരികണം എന്നതാണ് ദീജയുടെ ആഗ്രഹം. ഇതിനായി നിരവധി പദ്ധതികളും മനസിലുണ്ട്. എത്രയും പെട്ടന്ന് നൈമിത്ര എന്ന ബ്രാന്‍ഡിനെ അടുത്ത തലത്തിലേക്ക് വളര്‍ത്തണം എന്നതാണ് ആദ്യത്തെ ആഗ്രഹം. ഓഫ്‌ലൈന്‍ മാര്‍ക്കറ്റിംഗിന് സഹായിക്കുന്നത് നൗഷാദാണ്. സ്വന്തമായി ഒരു വീട് വയ്ക്കണം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനാണ് ഈ സംരംഭക ശ്രമിക്കുന്നത്. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും അച്ചാറിനു ഓര്‍ഡറുകള്‍ വരുന്നുണ്ട്. വിതരണ ശൃംഖല കൂടുതല്‍ ശക്തമാക്കണം, കൂടുതല്‍ വ്യത്യസ്തമായ വിഭവങ്ങള്‍ നിര്‍മിക്കണം, അച്ചാറില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ മസാലപ്പൊടികള്‍ , പലഹാരങ്ങള്‍ എന്നിവയെല്ലാം ഉണ്ടാക്കി വില്‍ക്കണം. അങ്ങനെ നൈമിത്ര കേരളം മുഴുവന്‍ അറിയപ്പെടുന്ന ഫുഡ് ബ്രാന്‍ഡ് ആവണം.തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവിടര്‍ത്തുകയാണ് ദീജ.

Categories: FK Special, Slider