തലവേദനയകറ്റാന്‍ മൊബീല്‍ ഫോണ്‍

തലവേദനയകറ്റാന്‍ മൊബീല്‍ ഫോണ്‍

മൈഗ്രെയിന്‍ നിയന്ത്രിക്കാനുള്ള മൊബീല്‍ അപ്ലിക്കേഷനുകള്‍ ജനപ്രിയമാകുന്നു

മൈഗ്രെയ്ന്‍ ബാധിതര്‍ക്ക് ഓരോ മാസവും ഉണ്ടാകുന്ന രൂക്ഷമായ തലവേദന കുറയ്ക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷന്‍ സഹായിക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ഇത് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കുന്നത് അത് മാസത്തില്‍ നാല് തീവ്രത കുറഞ്ഞ വേദനകളായി ചുരുക്കുമത്രേ. നേച്ചര്‍ ഡിജിറ്റല്‍ മെഡിസിന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ശാരീരികാസ്വസ്ഥ്യങ്ങളുടെ കാര്യത്തില്‍ രണ്ടാമത്തെ ഏറ്റവും ശോചനീയമായ അവസ്ഥയാണ് മൈഗ്രെയ്ന്‍ എന്നു ന്യൂയോര്‍ക്ക് നഗരത്തിലെ എന്‍വൈയു ലാഗോണ്‍ ഹെല്‍ത്തിലെ ഗവേഷക ഡോ. മിയ മിനെന്‍ പറഞ്ഞു.

യുഎസ് പൗരന്മാരില്‍ ആറിലൊരാള്‍ ഈ രോഗാവസ്ഥയാല്‍ കഷ്ടപ്പെടുന്നു. സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രശ്‌നങ്ങളുള്ളത്. മൈഗ്രെയ്ന്‍ തടയുന്നതിനുള്ള മികച്ച ചികിത്സ മരുന്നുപയോഗവും ബിഹേവിയറല്‍ തെറാപ്പിയുമാണ്. ഇവയുടെ സംയോജിത ചികില്‍സാരീതി രോഗികളില്‍ വലിയ മാറ്റമുണ്ടാക്കും. സുരക്ഷിതവും മികച്ചതുമായ ഇത്തരം ചികില്‍സാരീതി നേടാന്‍ സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതു പരിഹരിക്കാനാണ് മിയ മിനെനും സഹപ്രവര്‍ത്തകരും റിലാക്‌സഹെഡ് എന്ന പേരില്‍ ഒരു ആപ്പ് സൃഷ്ടിച്ചത്. മൈഗ്രെയ്ന്‍ തടയുന്നതില്‍ ഏറ്റവും ഫലവത്തായ മസിലുകളുടെ ക്രമാനുഗത അയവിനെ അടിസ്ഥാനമാക്കിയുള്ള ഒരു ആപ്പാണിത്.

ഒരു ന്യൂറോളജി ക്ലിനിക്കിലെ രോഗികളോട് പതിവായി ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് തുടര്‍ച്ചയായി തലവേദന ഉണ്ടാകുന്നുണ്ടോ എന്ന് പഠനം നടത്തുകയാണു ചെയ്തത്. ഇതിനായി 30-40 പ്രായപരിധിയിലുള്ള 51 മൈഗ്രെയ്ന്‍ രോഗികളെയാണ് ആശ്രയിച്ചത്. ഇവര്‍ക്ക്് പ്രതിമാസം പതിമൂന്നോ കൂടുതലോ ദിവസങ്ങള്‍ തലവേദന ഉണ്ടായിരുന്നു. ദിവസേനയുള്ള തലവേദന കുറിച്ചു വെക്കാനും 90 ദിവസം, 20 മിനുറ്റ് വീതം ആപ്പ് ഉപയോഗിച്ച് റിലാക്‌സ് ചെയ്യാനും ആവശ്യപ്പെട്ടു. പദ്ധതിയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊന്ന് പേര്‍ക്കും റജിസ്റ്റര്‍ ചെയ്യുമ്പോള്‍ കഠിനമായ മൈഗ്രെയ്ന്‍ ഉണ്ടായിരുന്നു. തലവേദന കാരണം അവര്‍ക്ക് ഗണ്യമായ തൊഴില്‍, സ്‌കൂള്‍, കുടുംബ പ്രവൃത്തി ദിനങ്ങള്‍ നഷ്ടമായി.

പഠനത്തില്‍ പങ്കാളികളായവര്‍ പ്രതിമാസം ശരാശരി 22 ദിവസങ്ങളില്‍ പ്രതിദിനം ഏകദേശം 11 മിനിറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു. പകുതിയോളം പേര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിക്കുകയും മൂന്നിലൊന്ന് പേര്‍ ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ ഉപയോഗിക്കുകയും ചെയ്തു. ആഴ്ചയില്‍ രണ്ടുതവണ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത മാസം മാസം നാലു തവണ കാഠിന്യം കുറഞ്ഞ തലവേദനയുണ്ടായി. ആഴ്ചയില്‍ ഒരിക്കല്‍ ആപ്പ് ഉപയോഗിച്ചവര്‍ക്കാകട്ടെ രണ്ടു തവണത്തെ തലവേദനകള്‍ കുറയുകയും ചെയ്തു. ആപ്ലിക്കേഷന്റെ ഉപയോഗം കാലക്രമേണ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഉയര്‍ന്ന വിഷാദരോഗമുള്ള രോഗികള്‍ തലവേദനയുടെ ദൈനംദിന ഡയറി സൂക്ഷിക്കാനുള്ള സാധ്യത കുറവാണ്. അതേസമയം ഉല്‍ക്കണ്ഠ കൂടിയവരാകട്ടെ ഇത്തരം കുറിപ്പുകള്‍ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലുമാണ്.

ഐഒഎസ്, ഗൂഗിള്‍ പ്ലേസ്റ്റോറുകളില്‍ ലഭ്യമായ മൊബീല്‍ ഹെല്‍ത്ത് ആപ്ലിക്കേഷനുകളുടെ എണ്ണം ഇക്കാലത്ത് വര്‍ധിച്ചിട്ടുണ്ട്. മിക്ക ആളുകളും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ടെങ്കിലും പിന്നീട് അപൂര്‍വ്വമായി മാത്രമാണ് അത് ഉപയോഗിക്കാറുള്ളതെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്‍വൈയു ലാംഗോണ്‍ സംവിധാനത്തിനു പുറത്തുള്ള മൈഗ്രെയിന്‍ രോഗികളില്‍ നിന്നും ഇതിനകം ഈ ആപ്പിനുള്ള ഒട്ടേറെ അന്വേഷണം ലഭിച്ചിട്ടുണ്ട്. ഒരു ഗവേഷണ ഉപകരണം എന്ന നിലയിലാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഇതിന്റെ വിപുലീകരണത്തിന് ഗവേഷണ സംഘം ശ്രമിക്കുന്നുണ്ട്. ബിഹേവിയറല്‍ തെറാപ്പി ആഗ്രഹിക്കുന്ന മൈഗ്രെയിന്‍ രോഗികള്‍ക്ക് ചികില്‍സ നല്‍കാന്‍  ആരോഗ്യപരിപാലനദാതാക്കളെ ആപ്ലിക്കേഷന്‍ സഹായിക്കുമോ എന്നും അവര്‍ പഠിക്കുകയാണ്.

മൈഗ്രെയിന്‍ രോഗികള്‍ക്ക് ലക്ഷ്യം നേടാന്‍ ബുദ്ധിമുട്ടുള്ള ഒരു സ്‌ട്രെസ്സ് റിഡക്ഷന്‍ പ്രോഗ്രാമിന് ഗവേഷകര്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് ഓണ്‍ലൈന്‍ പദ്ധതികള്‍ സഹായിക്കുമെങ്കിലും ഇത്തരം ആപ്പുകളെപ്പറ്റി ഇനിയും കൂടുതല്‍ പഠനം വേണമെന്ന് ഗവേഷകര്‍ പറയുന്നു. ചികിത്സ ഫലപ്രദവും സുരക്ഷിതവുമാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ അപ്ലിക്കേഷനുകള്‍ പ്രാപ്തമാക്കാന്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടത് പ്രധാനമാണ്. ഏതെങ്കിലും ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയിട്ടില്ലാത്ത ധാരാളം ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട്. പക്ഷേ ഓരോ ആപ്ലിക്കേഷന്റെയും ലഭ്യത, ഫലപ്രാപ്തി, സുരക്ഷ എന്നിവ ഡെവലപ്പര്‍മാരുടെ നിര്‍ദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുന്നില്ലെന്ന് ഉപയോക്താക്കള്‍ അറിയേണ്ടിയിരിക്കുന്നു.

Comments

comments

Categories: Health