നിലവിലെ ഥാര്‍ വിട പറയുന്നു; മഹീന്ദ്ര ഥാര്‍ 700 പുറത്തിറക്കി

നിലവിലെ ഥാര്‍ വിട പറയുന്നു; മഹീന്ദ്ര ഥാര്‍ 700 പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി : നിലവിലെ മഹീന്ദ്ര ഥാര്‍ വിട പറയുന്നു. അടുത്ത തലമുറ ഥാര്‍ വിപണിയിലെത്തിക്കുന്നതിന് മുമ്പ് ലിമിറ്റഡ് എഡിഷന്‍ മോഡലായ മഹീന്ദ്ര ഥാര്‍ 700 അവതരിപ്പിച്ചു. ആകെ 700 എണ്ണം മഹീന്ദ്ര ഥാര്‍ 700 മാത്രമായിരിക്കും നിര്‍മ്മിക്കുന്നത്. നിലവിലെ മോഡലിന്റെ അവസാന 700 യൂണിറ്റ് ആയിരിക്കുമിത്. 9.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജനപ്രീതി നേടിയ നാപ്പോളി ബ്ലാക്ക് കൂടാതെ അക്വാമറൈന്‍ നിറത്തിലും മഹീന്ദ്ര ഥാര്‍ 700 ലഭിക്കും. ഡീലര്‍ഷിപ്പുകളിലും ‘മഹീന്ദ്ര എസ്‌യുവി’ വെബ്‌സൈറ്റിലും ഥാര്‍ 700 ബുക്ക് ചെയ്യാം. പുതു തലമുറ ഥാറിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഓഫ് റോഡ് എസ്‌യുവി അടുത്ത വര്‍ഷം വിപണിയില്‍ അവതരിപ്പിക്കും.

മുന്‍ ഫെന്‍ഡറിന് മുകളിലെ പ്രത്യേക ബാഡ്ജാണ് മഹീന്ദ്ര ഥാര്‍ 700 മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ഒപ്പ് ഇവിടെ കാണാം. ബ്ലാക്ക് ഫിനിഷ് ഗ്രില്‍, വശത്തും ബോണറ്റിലും ഡീക്കാളുകള്‍, പുതിയ സ്റ്റൈലിലുള്ള 5 സ്‌പോക്ക് അലോയ് വീലുകള്‍, ബംപറില്‍ സില്‍വര്‍ ഫിനിഷ് എന്നിവ ശ്രദ്ധിക്കപ്പെടും. കാബിനില്‍ പരിഷ്‌കാരങ്ങള്‍ വളരെ പരിമിതമാണ്. നിലവിലെ അതേ ഇളം തവിട്ടുനിറത്തിലുള്ള ഇന്റീരിയര്‍, ബോഡിയുടെ നിറത്തിലുള്ള ഡോര്‍ ഫ്രെയിമുകള്‍, ബി പില്ലര്‍ എന്നിവ കാണാം. ഥാര്‍ ബ്രാന്‍ഡിംഗ് നടത്തിയ പുതിയ ലെതററ്റ് സീറ്റ് കവറുകള്‍ നല്‍കിയിരിക്കുന്നു.

എബിഎസ് നല്‍കിയതുകൂടാതെ, ഥാര്‍ സിഗ്നേച്ചര്‍ എഡിഷനില്‍ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങളില്ല. 2.5 ലിറ്റര്‍, സിആര്‍ഡിഇ, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് സ്‌പെഷല്‍ എഡിഷന്‍ ഓഫ് റോഡര്‍ ലഭിക്കുന്നത്. ഈ മോട്ടോര്‍ 105 ബിഎച്ച്പി കരുത്തും 247 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. കുറഞ്ഞ അനുപാതത്തിലുള്ള 4*4 ട്രാന്‍സ്ഫര്‍ കേസ്, റിയര്‍ ലോക്കിംഗ് ഡിഫ്രന്‍ഷ്യല്‍ എന്നിവ സവിശേഷതകളാണ്.

Comments

comments

Categories: Auto