ബ്ലാക്ക് ഔട്ടിനു കാരണം സൈബര്‍ ആക്രമണമോ ?

ബ്ലാക്ക് ഔട്ടിനു കാരണം സൈബര്‍ ആക്രമണമോ ?

ബ്യൂണസ് അയിറസ് (അര്‍ജന്റീന): അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ഞായറാഴ്ച മണിക്കൂറുകളോളം നേരം ഇരുട്ടിലാക്കിയതിനു പിന്നില്‍ സൈബര്‍ ആക്രമണമാണെന്ന റിപ്പോര്‍ട്ട് അര്‍ജന്റീന പ്രസിഡന്റ് മൗറീഷ്യോ മാക്രിസ് തള്ളി. എന്നാല്‍ ഇതേ കുറിച്ച് അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. റഷ്യയിലെ ഇലക്ട്രിക് പവര്‍ ഗ്രിഡുകള്‍ക്കു നേരേ അമേരിക്ക സൈബര്‍ ആക്രമണം നടത്തുന്നുണ്ടെന്നു ന്യൂയോര്‍ക്ക് ടൈംസ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഞായറാഴ്ചയുണ്ടായ ബ്ലാക്ക് ഔട്ടിനു കാരണം സൈബര്‍ ആക്രമണമാണെന്ന രീതിയില്‍ റിപ്പോര്‍ട്ട് പ്രചരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് അര്‍ജന്റീനയില്‍ വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. ബാഹ്യതലത്തിലുണ്ടായ പ്രശ്‌നമാണു ബ്ലാക്ക് ഔട്ടിനു കാരണമായതെന്നാണ് അര്‍ജന്റീനയിലെ വൈദ്യുതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പറഞ്ഞത്. അര്‍ജന്റീനയുടെ പവര്‍ ഗ്രിഡ് അയല്‍രാജ്യങ്ങളായ പരാഗ്വേ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. അവിടെയും ഞായറാഴ്ച ബ്ലാക്ക് ഔട്ട് പ്രശ്‌നമുണ്ടായിരുന്നു. ഇതിനു പുറമേ ചിലിയിലും, ബ്രസീലിലും പ്രശ്‌നമുണ്ടായി. ഞായറാഴ്ച ബ്ലാക്ക് ഔട്ടിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് വരുന്ന ലാറ്റിനമേരിക്കന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വന്നു. പൊതുഗതാഗത സംവിധാനം നിലച്ചു. കടകള്‍ അടച്ചിടേണ്ടി വന്നു. ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്നും അര്‍ജന്റീനയുടെ പ്രസിഡന്റ് മൗറീഷ്യോ മാക്രിസ് ട്വിറ്ററില്‍ കുറിച്ചു.

Comments

comments

Categories: FK News