ഭാരതത്തിന്റെ വലിയ മോഹം സാധ്യമാണ്; പക്ഷേ…

ഭാരതത്തിന്റെ വലിയ മോഹം സാധ്യമാണ്; പക്ഷേ…

2024 ആകുമ്പോഴേക്കും ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍ ഡോളറിന്റേതാക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ശ്രമകരമാണെങ്കിലും അസാധ്യമല്ല ദൗത്യം

നിതി ആയോഗിന്റെ ഭരണനിര്‍വഹണ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കവെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വലിയ ലക്ഷ്യത്തെ കുറിച്ച് പറഞ്ഞത്. 2024 ആകുമ്പോഴേക്കും ഭരതത്തിന്റെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍ ഡോളറിന്റേതാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വളരെ വലിയ മോഹമാണത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആവേശം ജനിപ്പിക്കുന്നത്.

പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം നരേന്ദ്ര മോദി പങ്കെടുത്ത ആദ്യ നിതി ആയോഗ് യോഗത്തില്‍ തന്നെ ഭാരതത്തിന്റെ വളര്‍ച്ചയെ കുറിച്ചുള്ള കാഴ്ച്ചപ്പാട് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ 2024 ആകുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് എത്തുകയെന്നത് ഭാരതത്തെ സംബന്ധിച്ച് അത്യന്തം ശ്രമകരമായ ദൗത്യമാണ്. എന്നാല്‍ അസാധ്യമല്ല താനും. ഇതുവരെ ലോകത്തെ ഏറ്റഴും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായിരുന്നു ഭാരതം. എന്നാല്‍ ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ വന്നതോടെ തല്‍ക്കാലത്തേക്കെങ്കിലും അത് പഴങ്കഥയായി. 17 പാദങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് രാജ്യം ആ പാദത്തില്‍ രേഖപ്പെടുത്തിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കനുസരിച്ച് ജനുവരി-മാര്‍ച്ച് പാദത്തില്‍ 5.8 ശതമാനം മാത്രമാണ് നമ്മുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 6.6 ശതമാനമായിരുന്നു ഇത്.

രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ചൈനയുടേതിനേക്കാള്‍ കുറഞ്ഞുവെന്നതും ദൗര്‍ഭാഗ്യകരമായി. 2018-19 സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മാത്രമാണ്, 2017-18ല്‍ ഇത് 7.2 ശതമാനവും 2016-17ല്‍ 8.2 ശതമാനവുമായിരുന്നു.

പാദ കണക്കുകള്‍ നോക്കിയാലും ഇടിവിലെ സ്ഥിരത പ്രകടമാണ്. 2018 സാമ്പത്തികവര്‍ഷത്തിലെ അവസാന പാദത്തിലെ വളര്‍ച്ചാ നിരക്ക് 8.1 ശതമാനമായിരുന്നു. 2019 സാമ്പത്തികവര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് എട്ട് ശതമാനമായും രണ്ടാം പാദത്തില്‍ 7 ശതമാനമായും മൂന്നാം പാദത്തില്‍ 6.6 ശതമാനമായും ഒടുവില്‍ നാലാം പാദത്തില്‍ 5.8 ശതമാനമായും കുറഞ്ഞു. അവസാന പാദത്തില്‍ ചൈനയുടെ സമ്പദ് വ്യവസ്ഥ ആറ് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതിനാല്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന രാജ്യമെന്ന വിശേഷണം ഇന്ത്യക്ക് നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം വിലയിരുത്തപ്പെടേണ്ടത്. എത്രമാത്രം കഠിനമാണ് ആ ദൗത്യമെന്നത് പറയുന്നു നേരത്തെ പറഞ്ഞ കണക്കുകള്‍.

ഉല്‍പ്പാദനക്ഷമത കൂടുകയും സുസ്ഥിര വളര്‍ച്ച കൈവരിക്കുകയും രൂപ ശക്തിപ്പെടുകയും ചെയ്താല്‍ മാത്രമേ വലിയൊരു കുതിപ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രകടമാകൂ. വിദ്യാഭ്യാസം മുതല്‍ ആരോഗ്യരംഗം വരെയുള്ളവയുടെ നിലവാരം സമാനതകളില്ലാത്ത തരത്തില്‍ ഉയര്‍ത്താനും ഊര്‍ജരംഗത്തും ധനകാര്യ വിപണിയിലുമെല്ലാം സമൂല മാറ്റം കൊണ്ടുവരാനും സാധിക്കണം.

2018-19 സാമ്പത്തികവര്‍ഷത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പം 2.74 ട്രില്യണ്‍ ഡോളറാകുമെന്നാണ് കരുതപ്പെടുന്നത്. അവിടെ നിന്നും അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് 2024ല്‍ എത്തുകയാണ് പുതിയ ലക്ഷ്യമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. എട്ട് ശതമാനത്തിലധികം മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്കിലേക്ക് എത്താന്‍ സാധിച്ചാല്‍ മാത്രമേ ഈ ലക്ഷ്യം സാധ്യമാകൂവെന്നതാണ് വാസ്തവം. അത് സുസ്ഥിരമാകുകയും വേണം. ഇത് യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതിനായി എത്രമാത്രം രാഷ്ട്രീയ ഇച്ഛാശക്തി മോദി സര്‍ക്കാര്‍ പ്രകടമാക്കും എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള യാത്ര.

Categories: Editorial, Slider