യുഎസിലേക്കും ചൈനയിലേക്കും കൂടുതല്‍ കയറ്റി അയക്കും

യുഎസിലേക്കും ചൈനയിലേക്കും കൂടുതല്‍ കയറ്റി അയക്കും

രാസപദാര്‍ത്ഥങ്ങള്‍, ഗ്രാനൈറ്റ് തുടങ്ങി 353 ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള അവസരമാണ് യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് മുന്നില്‍ തുറന്നിട്ടുള്ളതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം അവസരമാക്കി മാറ്റാനൊരുങ്ങി ഇന്ത്യ. രാസപദാര്‍ത്ഥങ്ങള്‍, ഗ്രാനൈറ്റ് തുടങ്ങി 350 ഓളം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള അവസരമാണ് യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് മുന്നില്‍ തുറന്നിട്ടുള്ളതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസ്-ചൈന വ്യാപാര യുദ്ധം ഇരുരാജ്യങ്ങളിലേക്കും കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള വമ്പന്‍ അവസരമാണ് ഇന്ത്യക്ക് നല്‍കുന്നതെന്ന് വാണിജ്യ മന്ത്രാലയം പറയുന്നു. മന്ത്രാലയം നടത്തിയ ഒരു പഠനത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്കും ചൈനയിലേക്കും കയറ്റി അയക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളെ പട്ടികപ്പെടുത്തിയത്.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ചൈനയിലേക്ക് കയറ്റി അയക്കാന്‍ കഴിയുന്ന 151 ഉല്‍പ്പന്നങ്ങളെയാണ് ഇന്ത്യ കണ്ടെത്തിയിട്ടുള്ളത്. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ ഉയര്‍ന്ന തീരുവ ചുമത്തിയിരിക്കുന്നതിനാല്‍ ഇത് പ്രയോജപ്പെടുത്താന്‍ ഇന്ത്യക്ക് കഴിയും. ചൈനയും യുഎസും പരസ്പരം ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഇറക്കുമതി തീരുവയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതാണ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വ്യാപാര യുദ്ധത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമായതും.

ചൈനയിലേക്കുള്ള യുഎസ് കയറ്റുമതിക്ക് ബദലായി ഡീസലും എക്‌സ്-റേ ട്യൂബുകളും ചില രാസവസ്തുക്കളും അടക്കം 151 ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യാനാകുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ പഠനം കണ്ടെത്തിയിട്ടുള്ളത്. ഇതുപോലെ, റബ്ബര്‍, ഗ്രാഫൈറ്റ് ഇലക്ട്രോഡുകള്‍ തുടങ്ങിയ 203 ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് ചൈനീസ് കയറ്റുമതിക്ക് പകരം അയക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഈ മാസം ആദ്യ വാരം 6.35 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ കയറ്റുമതിക്ക് അനുവദിച്ചിരുന്ന ജിഎസ്പി ആനുകൂല്യങ്ങള്‍ യുഎസ് പിന്‍വലിച്ചിരുന്നു. ഇതിനുള്ള പ്രതിരോധ നടപടിയായി യുഎസില്‍ നിന്നുള്ള 28 ഉല്‍പ്പന്നങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ ഇന്ത്യ തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് മുന്നില്‍ തുറക്കുന്ന അവസരങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് വാണിജ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

ചൈനയിലേക്കുള്ള യുഎസ് കയറ്റുമതിക്ക് പകരക്കാരനാകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് ഉറപ്പാണ്. ഇതിനുമതിയായ വിപണി പ്രവേശനവും ഇന്ത്യക്കുണ്ട്. മാത്രമല്ല, ലോക വിപണിയില്‍ യുഎസിന്റെ എതിരാളി കൂടിയാണ് ഇന്ത്യയെന്നും വാണിജ്യ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കോപ്പര്‍ അയിര്, റബ്ബര്‍ തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ചൈനീസ് വിപണി പിടിക്കാനാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചൈനയില്‍ നിന്ന് യുഎസ് ഇറക്കുമതി ചെയ്യുന്നതും ഇന്ത്യക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുന്നതുമായ 531 ഉല്‍പ്പന്നങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതിക്ക് പകരം ഇന്ത്യക്ക് കയറ്റി അയക്കാന്‍ കഴിയുന്ന വിപണി പ്രവേശനമുള്ള 203 ഉല്‍പ്പന്നങ്ങളാണ് ഉള്ളത്.

യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മിക്ക രാസപദാര്‍ത്ഥങ്ങള്‍ക്കും ചൈന ചുമത്തിയിരിക്കുന്ന തീരുവ 5-25 ശതമാനം വരെയാണ്. അതേസമയം, ഇന്ത്യന്‍ രാസവസ്തുക്കളുടെ ഇറക്കുമതി തീരുവ 2-7 ശതമാനമാണ്. കോപ്പര്‍, ഗ്രാനൈറ്റ് എന്നിവയാണ് ചൈന 25 ശതമാനം തീരുവ ചുമത്തുന്ന പ്രധാന യുഎസ് ഉല്‍പ്പന്നങ്ങള്‍. സംസ്‌കരിച്ച റബ്ബര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 20 ശതമാനമാണ് തീരുവ.

അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ലോക വിപണികളാണ് ഇന്ത്യയും ചൈനയും. ഏഷ്യ-പസഫിക് വ്യാപാര കരാറിലും ഈ രാജ്യങ്ങള്‍ അഗങ്ങളാണ്. മറ്റ് 14 രാഷ്ട്രങ്ങളെ കൂടി ചേര്‍ത്ത് പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളും രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നുണ്ട്. നിലവില്‍ യുഎസുമായുള്ള തര്‍ക്കങ്ങള്‍ ചൈനയിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.

ചൈനയിലേക്ക് കയറ്റി അയക്കാന്‍ ഉയര്‍ന്ന സാധ്യതയുള്ള 774 ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് 151 ഉല്‍പ്പന്നങ്ങളെ ഇന്ത്യ പട്ടികപ്പെടുത്തിയത്. ഇവ ചൈന യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിനുപുറമെ ചൈനയില്‍ വിപണി പ്രവേശനമുള്ള 600ഓളം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.

കാര്‍ഷിക, ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയില്‍ വിപണി പ്രവേശനം ഉറപ്പാക്കുന്നതിനും വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് മാനുഫാക്ച്ചറിംഗ് അടിത്തറ രൂപീകരിക്കാന്‍ ആകര്‍ഷിക്കാനുമായി ഒരു പ്ലാന്‍ ഇന്ത്യ തയാറാക്കിയിട്ടുണ്ട്. 2017-2018 സാമ്പത്തിക വര്‍ഷം ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 53.6 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഫെബ്രുവരിയില്‍ ഇത് 50.12 ബില്യണ്‍ ഡോളറായി കുറഞ്ഞു. കയറ്റുമതി വര്‍ധിക്കുന്നത് ചൈനയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാന്‍ ഇന്ത്യയെ സഹായിക്കും.

Comments

comments

Categories: FK News
Tags: Export