60% വില്‍പ്പന ഇടിവിന്റെ ആശങ്കയില്‍ വാവേയ്

60% വില്‍പ്പന ഇടിവിന്റെ ആശങ്കയില്‍ വാവേയ്

ചൈനീസ് ആഭ്യന്തര വിപണിയിയിലെ വിഹിതം വര്‍ധിപ്പിച്ച് നഷ്ടം നികത്താന്‍ കമ്പനിയുടെ ശ്രമം

ബെയ്ജിംഗ്: കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ യുഎസ് നടപടിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 40 മുതല്‍ 60 ശതമാനം വരെ ഇടിവ് പ്രതീക്ഷിച്ച് ചൈനീസ് ടെക്‌നോളജി കമ്പനിയായ വാവേയ്. ഈ വര്‍ഷം ആറ് കോടി സ്മാര്‍ട്ട്‌ഫോണുകളുടെ കുറവെങ്കിലും വില്‍പ്പനയില്‍ ഉണ്ടാകുമെന്ന ആശങ്കയാണ് കമ്പനി ആഭ്യന്തരമായി പങ്കുവെക്കുന്നത്. 2018 ല്‍ 20.6 കോടി ഫോണുകളാണ് ആഗോള തലത്തില്‍ ചൈനീസ് കമ്പനി വിറ്റഴിച്ചിരുന്നത്. ഇതില്‍ പാതിയും സ്മാര്‍ട്ട്‌ഫോണുകളായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ ഈ കനത്ത തിരിച്ചടി മറികടക്കാന്‍ ആഭ്യന്തര വിപണിയെ കൂടുതലായി ആശ്രയിക്കാനാണ് വാവേയുടെ തീരുമാനം. ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പകുതിയോളം ഈ വര്‍ഷം പിടിച്ചെടുക്കാനാണ് വാവേയ് ലക്ഷ്യം വെക്കുന്നത്. കൂടുതല്‍ സജീവമായ വിപണന തന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ വാവേയുടെ ചൈനീസ് വിപണി വിഹിതം 45 ശതമാനം വരെ ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. 30-35 ശതമാനം വിഹിതമായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

ഹോണര്‍ 20 പോലെയുള്ള പുതിയ മോഡലുകളുടെ അന്താരാഷ്ട്ര പ്രകടനം കമ്പനി നിരീക്ഷിക്കുന്നുണ്ട്. ജൂണ്‍ 21ന് ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളില്‍ ഇവയുടെ വില്‍പ്പന ആരംഭിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ മോശമായ രീതിയിലാണ് വില്‍പന നടക്കുന്നതെങ്കില്‍ ഫോണുകളുടെ കയറ്റുമതി നിര്‍ത്താനാണ് തീരുമാനം. 500 ഡോളര്‍ വിലയുള്ള ഹോണര്‍ 20, എറ്റവും പുതിയ സോഫ്റ്റ്‌വെയറായ ആന്‍ഡ്രോയിഡ് 9 ലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം കിരിന്‍ ചിപ്പ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ യുഎസിലെ ക്വാല്‍കോം ഇന്‍ക് പ്രോസസ്സറിന്റെ അവശ്യമില്ല. എന്നാല്‍ ഗൂഗിളും ആന്‍ഡ്രോയ്ഡും സേവനം നല്‍കുന്നത് നിര്‍ത്തിയിരിക്കുന്നതിനാല്‍ ഫോണുകളില്‍ ജി-മെയ്ല്‍, ഗൂഗിള്‍ മാപ് എന്നിവയുടെ അപ്‌ഡേറ്റുകള്‍ ലഭ്യമാവില്ലെന്നത് തിരിച്ചടിയാണ്.

Categories: FK Special, Slider
Tags: huawei