ഹോണ്ട അമേസ് ഏയ്‌സ് എഡിഷന്‍ പുറത്തിറക്കി

ഹോണ്ട അമേസ് ഏയ്‌സ് എഡിഷന്‍ പുറത്തിറക്കി

ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് രണ്ടാം തലമുറ അമേസ് താണ്ടി. പതിമൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം

ന്യൂഡെല്‍ഹി : അമേസ് എന്ന സബ്‌കോംപാക്റ്റ് സെഡാനില്‍ സ്വപ്‌നസമാനമായ കുതിപ്പാണ് ഹോണ്ട നടത്തുന്നത്. ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് രണ്ടാം തലമുറ ഹോണ്ട അമേസ് പിന്നിട്ടിരിക്കുന്നു. വിപണിയില്‍ പുറത്തിറക്കി പതിമൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. വിജയാഘോഷങ്ങളുടെ ഭാഗമായി ഹോണ്ട അമേസ് ഏയ്‌സ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ടോപ് സ്‌പെക് വിഎക്‌സ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് സ്‌പെഷല്‍ എഡിഷന്‍ അമേസ് നിര്‍മ്മിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ലഭിക്കും. റേഡിയന്റ് റെഡ്, ലൂണാര്‍ സില്‍വര്‍, വൈറ്റ് ഓര്‍ക്കിഡ് പേള്‍ എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. ഹോണ്ട അമേസ് ഏയ്‌സ് എഡിഷന്‍ പെട്രോള്‍ വേരിയന്റിന് 7.89 ലക്ഷം മുതല്‍ 8.72 ലക്ഷം രൂപ വരെയും ഡീസല്‍ വേരിയന്റിന് 8.99 ലക്ഷം മുതല്‍ 9.72 ലക്ഷം രൂപ വരെയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

കറുത്ത അലോയ് വീലുകള്‍, കറുപ്പ് നിറത്തില്‍ ട്രങ്ക് സ്‌പോയ്‌ലര്‍, ‘ഏയ്‌സ് എഡിഷന്‍’ ബ്രാന്‍ഡിംഗ് സഹിതം സീറ്റ് കവറുകള്‍, ഫ്രണ്ട് റൂം ലാംപ്, കറുത്ത ഡോര്‍ വൈസര്‍, ഡോര്‍ എഡ്ജ് ഗാര്‍ണിഷ്, ഏയ്‌സ് എഡിഷന്‍ എംബ്ലം എന്നിവ ഹോണ്ട അമേസ് ഏയ്‌സ് എഡിഷനില്‍ നല്‍കിയിരിക്കുന്നു. സ്‌പോര്‍ട്ടി ആന്‍ഡ് പ്രീമിയം ലുക്കിലാണ് ഹോണ്ട അമേസ് ഏയ്‌സ് എഡിഷന്‍ വരുന്നത്.

ഹോണ്ട അമേസിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇരുപത് ശതമാനം അമേസ് ഉപയോക്താക്കള്‍ ഓട്ടോമാറ്റിക് വേരിയന്റ് തെരഞ്ഞെടുത്തതായി കമ്പനി അറിയിച്ചു. 2013 ലാണ് ആദ്യ തലമുറ ഹോണ്ട അമേസ് പുറത്തിറക്കിയത്. ആദ്യ തലമുറ അമേസുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം തലമുറ അമേസിന്റെ വില്‍പ്പന 20 ശതമാനം വര്‍ധിച്ചതായി ഹോണ്ട കാര്‍സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും വിപണന, വില്‍പ്പന വിഭാഗം ഡയറക്റ്ററുമായ രാജേഷ് ഗോയല്‍ പറഞ്ഞു.

Comments

comments

Categories: Auto
Tags: Honda amaze