ജിഎസ്ടി കൗണ്‍സില്‍ യോഗം ജൂണ്‍ 21ന്

ജിഎസ്ടി കൗണ്‍സില്‍ യോഗം ജൂണ്‍ 21ന്
  • നികുതി വെട്ടിപ്പ് തടയാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും
  • രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ്
  • നികുതി നിരക്കില്‍ വലിയ കുറവ് വരുത്താനിടയില്ലെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയ ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയാവുന്ന ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ മാസം 21ന് ചേരും. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള നിരവധി തീരുമാനങ്ങള്‍ ആദ്യ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള നടപടികള്‍ക്ക് തന്നെയായിരിക്കും ആദ്യ യോഗത്തില്‍ ജിഎസ്ടി കൗണ്‍സില്‍ പ്രഥമ പരിഗണന നല്‍കുന്നത്.

ജിഎസ്ടി നികുതി പരിഷ്‌കരണം നടപ്പാക്കിയിട്ട് രണ്ട് വര്‍ഷകാലം മതിയായ പരിഗണന നല്‍കിയിട്ടും ജിഎസ്ടി വരുമാനം പ്രതീക്ഷിച്ചതിലും കുറവായതിനാല്‍ ബിസിനസുകള്‍ക്കു നേരെയുള്ള നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. ഏകീകൃത ചരക്ക് സേവന നികുതി കൗണ്‍സിലിന്റെ 35-ാമത് യോഗമാണ് 21-ാം തീയതി വെള്ളിയാഴ്ച നടക്കുന്നത്.

നികുതി വെട്ടിപ്പ് തടയുന്നതിന് ആവശ്യമായ നടപടികള്‍ ആവിഷ്‌ക്കരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ആവശ്യപ്പെടും. പ്രാരംഭ ഘട്ടത്തില്‍ വന്‍കിട ബിസിനസുകാര്‍ക്ക് നേരെയും ക്രമേണ എല്ലാ വ്യാപാരികള്‍ക്കുമായാണ് നികുതി വെട്ടിപ്പ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. വന്‍കിട കമ്പനികള്‍ക്ക് ഇ-ഇന്‍വോയിസ് നിര്‍ബന്ധമാക്കുക, ഇ-വേ ബില്‍ നടപ്പാക്കുക, കമ്പനികളെ മേഖല അനുസരിച്ച് ടാഗ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കും.

ഇ-ഇന്‍വോയിസ് നടപ്പാക്കുന്നത് ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കും. വന്‍കിട കമ്പനികളുടെ ഇടപാടുകള്‍ക്കുമേല്‍ ശക്തമായ നിരീക്ഷണ പാളി സൃഷ്ടിക്കാനും ഇത് സഹായിക്കും. വലിയ വിറ്റുവരവുള്ള കമ്പനികളിലായിരിക്കും ആദ്യം ഇ-ഇന്‍വോയിസിംഗ് സംവിധാനം സജ്ജമാക്കുക. ഒരിക്കല്‍ ഇത് സാധ്യമായി കഴിഞ്ഞാല്‍ ക്രമേണ മറ്റ് കമ്പനികള്‍ക്കും ഇത് ബാധകമാക്കാനാകും.

നികുതി പരിഷ്‌കരണത്തിന്റെ ഫലം പ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജിഎസ്ടി നടപ്പാക്കുന്നതിന് മുന്‍പ് സാധാരണക്കാര്‍ക്ക് മേല്‍ അമിതമായ നികുതി ഭാരം ഉണ്ടായിരുന്നു. നിലവില്‍ ഇത് കുറഞ്ഞിട്ടുണ്ട്. പ്രാരംഭഘട്ടത്തിലുള്ള തടസങ്ങള്‍ ഇപ്പോഴില്ല. ഉദാരവും നാമമാത്രവുമായ നികുതി നിരക്കിന്റെ ഫലം വരും വര്‍ഷങ്ങളില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രയോജനപ്പെടും. പരോക്ഷ നികുതി പരിഷ്‌കരണത്തിന്റെ ഫലം സമീപഭാവിയില്‍ തന്നെ അനുഭവിച്ചറിയാനാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ നികുതി നിരക്കില്‍ വലിയ കുറവ് വരുത്താനിടയില്ലെന്നാണ് ഇവരുടെ നിരീക്ഷണം. നികുതി വരുമാനം പ്രതീക്ഷിച്ചതിലും താഴെയാണ്. ഓരോ വര്‍ഷവും നികുതി വരുമാനം കുറയുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ആശങ്കയിലാക്കുന്നുണ്ട്. അതുകൊണ്ട് നികുതി വെട്ടിപ്പ് നടപടികള്‍ കാര്‍ക്കശ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരുകള്‍. എന്നാല്‍, ഓരോ നടപടികളും ക്രമേണ മാത്രമേ നടപ്പാക്കുകയുള്ളു. വന്‍കിട ബിസിനസുകളെ കേന്ദ്രീകരിച്ചായിരിക്കും നടപടികള്‍ക്ക് തുടക്കം കുറിക്കുക. ബജറ്റിനു മുന്നോടിയായുള്ള യോഗമായതിനാല്‍ പല സുപ്രധാന തീരുമാനങ്ങളും ജിഎസ്ടി കൗണ്‍സില്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: GST Council