ഗൂഗിള്‍ ഉള്ളടക്കം പകര്‍ത്തുന്നു; ആരോപണവുമായി ജീനിയസ് രംഗത്ത്

ഗൂഗിള്‍ ഉള്ളടക്കം പകര്‍ത്തുന്നു; ആരോപണവുമായി ജീനിയസ് രംഗത്ത്

വാഷിംഗ്ടണ്‍: തങ്ങളുടെ ഉള്ളടക്കം ഗൂഗിള്‍ അനുവാദമില്ലാതെ പകര്‍ത്തുകയാണെന്ന് ആരോപിച്ചു ഗാനങ്ങള്‍ക്കു വേണ്ടിയുള്ള വെബ്‌സൈറ്റായ (Lyrics website) ജീനിയസ് രംഗത്ത്. എന്നാല്‍ ആരോപണം നിഷേധിച്ചു ഗൂഗിള്‍ രംഗത്തുവന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ ഗാനങ്ങള്‍ സംബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്ന റിസല്‍റ്റുകള്‍, പങ്കാളിയും കനേഡിയന്‍ കമ്പനിയുമായ ലിറിക്‌സ് ഫൈന്‍ഡില്‍നിന്നാണു വരുന്നതെന്നു ഗൂഗിള്‍ പറഞ്ഞു. എന്നാല്‍ അതല്ല, ഗൂഗിള്‍ ഗാനങ്ങളുടെ വരികള്‍ നേരിട്ട് തങ്ങളുടെ സൈറ്റില്‍നിന്നും മോഷ്ടിക്കുകയാണെന്നാണു ജീനിയസ് ആരോപിക്കുന്നത്.

2009-ലാണു ജീനിയസ് ലോഞ്ച് ചെയ്തത്. ഏറ്റവും വലിയ ഗാനരചനാ പ്ലാറ്റ്‌ഫോമുകളിലൊന്നാണു ജീനിയസ്. രണ്ട് ദശലക്ഷത്തിലേറെ വരുന്ന കോണ്‍ട്രിബ്യൂട്ടര്‍ (ഗാനങ്ങള്‍ സംഭാവന ചെയ്യുന്നവര്‍), എഡിറ്റര്‍, സംഗീതജ്ഞര്‍ എന്നവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലുണ്ടെന്നു ജീനിയസ് അവകാശപ്പെടുന്നു. 25 ദശലക്ഷത്തോളം വരുന്ന പാട്ടുകള്‍, ആല്‍ബം, ആര്‍ട്ടിസ്റ്റുകള്‍, അനോട്ടേഷന്‍സുമുണ്ടെന്നു ജീനിയസ് പറയുന്നു. 2014-ലാണു ഗൂഗിള്‍, ഗാനരചനകളെ (song lyrics) കൂട്ടിച്ചേര്‍ക്കുന്നത് അഥവാ ആഡ് ചെയ്യുന്നത്. എന്നാല്‍ ജീനിയസ് പറയുന്നത് ഗൂഗിള്‍ വര്‍ഷങ്ങളായി തങ്ങളുടെ ഉള്ളടക്കം അഥവാ കണ്ടന്റ് പകര്‍ത്തുകയും അവ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയുമാണെന്നാണ്. ഇത് ജീനിയസിന്റെ വെബ്‌സൈറ്റ് ട്രാഫിക്കിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതായിട്ടാണ് ആരോപണം. വരികള്‍ക്കായി ഗൂഗിളില്‍ നടത്തുന്ന മൊബൈല്‍ തിരച്ചിലുകളുടെ 62 ശതമാനവും മറ്റൊരു സൈറ്റിലേക്കു ക്ലിക്ക് ചെയ്യുന്നതിനു കാരണമാകുന്നില്ലെന്നും ജീനിയസ് പറയുന്നു. ഒരാള്‍ വരികള്‍ക്കു വേണ്ടി സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിളിള്‍ അതേക്കുറിച്ചുള്ള റിസല്‍റ്റുകള്‍ പോസ്റ്റ് ചെയ്യുന്നത് കുറ്റകരമല്ല, പക്ഷേ സെര്‍ച്ച് റിസല്‍റ്റില്‍ ഉള്ളടക്കം (വരികള്‍ മൊത്തമായി) മോഷ്ടിച്ച് പ്രദര്‍ശിപ്പിക്കുകയാണു ഗൂഗിളെന്നു ജീനിയസ് ആരോപിക്കുന്നു.

ഗൂഗിളിന്റെ ബിസിനസ് രീതികളെ കുറിച്ച് ആന്റി ട്രസ്റ്റ് അന്വേഷണം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണു ഗൂഗിളിനെതിരേ ആരോപണവുമായി ജീനിയസ് രംഗത്തുവന്നിരിക്കുന്നത്.

Comments

comments

Categories: Tech