പശ്ചിമേഷ്യയിലെ ആദ്യ ഫേസ്ബുക്ക് ന്യൂസ് ഫോറം നാളെ ദുബായില്‍

പശ്ചിമേഷ്യയിലെ ആദ്യ ഫേസ്ബുക്ക് ന്യൂസ് ഫോറം നാളെ ദുബായില്‍

മാധ്യമരംഗത്ത് നിന്നുള്ള ഇരുനൂറിലധികം പേര്‍ പങ്കെടുക്കും

ദുബായ്: പശ്ചിമേഷ്യയിലെ ആദ്യ ഫേസ്ബുക്ക് ന്യൂസ് ഫോറം നാളെ ദുബായില്‍ നടക്കും. ദുബായ് പ്രസ് ക്ലബ്ബും ഫേസ്ബുക്കും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അല്‍ കുവോസിലെ അല്‍സെര്‍കല്‍ അവന്യൂയിലാണ് ഈ ഏകദിന പരിപാടി നടക്കുക.

ഫേസ്ബുക്കിന്റെ ജേണലിസം പദ്ധതിക്ക് കീഴിലുള്ള ഫേസ്ബുക്ക് വാര്‍ത്തകളെ സംബന്ധിച്ച ന്യൂസ് ഫോറം, ലോകത്തെങ്ങുമുള്ള വാര്‍ത്താ പ്രസിദ്ധീകരണങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന പരിശീലന, പങ്കാളിത്ത പരിപാടിയാണ്. പശ്ചിമേഷ്യന്‍ മാധ്യമരംഗത്തിന്റെ വികാസം ലക്ഷ്യമിടുന്ന ഈ പരിപാടിയില്‍ അന്തര്‍ദേശീയ മാധ്യമ പ്രവര്‍ത്തകരും കണ്ടന്റ് റൈറ്റര്‍മാരും പ്രസാധകരും മാധ്യമമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും ഉള്‍പ്പടെ ഇരുനൂറിലധികം പേര്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കിടയില്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്ന തരത്തില്‍ ഡിജിറ്റല്‍ സ്‌റ്റോറി ടെല്ലിംഗ് (വാര്‍ത്താവതരണം) എങ്ങനെ മെച്ചപ്പെടുത്താം. അതിന് സഹായിക്കുന്ന ഫേസ്ബുക്ക് ഉപാധികളും ഉല്‍പ്പന്നങ്ങളും ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ പരിപാടിയില്‍ വിശദീകരിക്കുകയും അത് സംബന്ധിച്ച പരിശീലനം നല്‍കുകയും ചെയ്യും.

കൂടാതെ ഫേസ്ബുക്കില്‍ എങ്ങനെ നിങ്ങളുടേതായ ഒരു വായനക്കാരെ സൃഷ്ടിക്കാം, പാര്‍ട്ണര്‍ വാല്യൂ ആന്‍ഡ് മൊേെണറ്റൈസേഷന്‍, വീഡിയോ ആന്‍ഡ് സോഷ്യല്‍ വ്യൂയിംഗ് എന്നീ വിഷയങ്ങളില്‍ പ്രമുഖരുടെ പ്രബന്ധാവതരണവും ഉണ്ടായിരിക്കുന്നതാണ്. വാര്‍ത്താ പ്രസിദ്ധീകരണത്തില്‍ ഇന്‍സ്റ്റാഗ്രാം, ഐജിടിവി എന്നിവയുടെ പ്രാധാന്യം, വാര്‍ത്തയുടെ പ്രചാരം അറിയുന്നതിനുള്ള ക്രൗഡ് ടാന്‍ഗിള്‍ അനലിറ്റിക്‌സ്, സുരക്ഷ എന്നീ വിഷയങ്ങളും പരിപാടിയില്‍ ചര്‍ച്ചയാകും.

പുരസ്‌കാര ജേതാവായ മാധ്യമ പ്രവര്‍ത്തകന്‍ അംജദ് തഡ്രോസിന്റെ അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ആശയവിനിമയ പരിപാടിയും ഫേസ്ബുക്ക് ന്യൂസ് റൂമിനോട് അനുബന്ധിച്ച് നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

Comments

comments

Categories: Arabia