ദീര്‍ഘകാല വ്യാപാരയുദ്ധത്തിന് തയാര്‍: ചൈന

ദീര്‍ഘകാല വ്യാപാരയുദ്ധത്തിന് തയാര്‍: ചൈന

കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂല മാധ്യമമായ ക്യൂഷിയിലെ മുഖപ്രസംഗത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്

ഷാംഗ്ഹായ്: വ്യാപാര യുദ്ധം ചെയ്യാനുള്ള തങ്ങളുടെ കരുത്തിനെ കുറച്ചുകാണേണ്ടെന്ന് യുഎസിന് മുന്നറിയിപ്പുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം. ചൈനയിലെ ജനങ്ങളുടെ മനക്കരുത്തിനെ വിലകുറച്ചു കാണേണ്ടെന്നും ഒരു നീണ്ട സാമ്പത്തിക യുദ്ധത്തിന് ബെയ്ജിംഗ് തയാറാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അനൂകൂല മാധ്യമമായ ക്യൂഷി വ്യക്തമാക്കി. യുഎസുമായുള്ള തര്‍ക്കം അവസാനിപ്പിക്കുന്നതിനായി പ്രധാന തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ക്യൂഷിയിലെ ലേഖനം മുന്നറിയിപ്പു നല്‍കുന്നു. യുഎസ്-ചൈന വ്യാപാര സംഘര്‍ഷത്തിന് ഉടനെയൊന്നും പരിസമാപ്തിയുണ്ടാവില്ലെന്ന കാഴ്ചപ്പാടിനെ ശരി വെക്കുന്നതാണ് സര്‍ക്കാരുമായി അടുത്ത പത്രത്തില്‍ വന്ന മുഖപ്രസംഗം.

‘സാമ്പത്തികവും വാണിജ്യപരവുമായ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന തരത്തില്‍ അമേരിക്കഉയര്‍ത്തുന്ന ഭീഷണികളെയോ സമ്മര്‍ദ്ദത്തെയോ ചൈന ഭയപ്പെടുന്നില്ല. രക്ഷപ്പെടാന്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ അവസാനം വരെ പൊരുതും. ഒരു യുദ്ധം നേരിടാനുള്ള ചൈനയുടെ ശക്തിയെ ആരും വിലകുറച്ച് കാണരുത്,’ മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു. ചൈനീസ് സാങ്കേതിക മുന്നേറ്റത്തെ തടയാനാണ് യുഎസ് ശ്രമമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ആരോപിക്കുന്നുണ്ട്.

2018 ല്‍ ആരംഭിച്ച യുഎസ്-ചൈന വ്യാപാര യുദ്ധം മേയ് മാസത്തിലാണ് കൂടുതല്‍ വഷളായത്. പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ക്കിടെ ചൈന നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തുകയും ചെയ്തു. വ്യാപാര യുദ്ധത്തിന്റെ സാമ്പത്തിക ഭാരം ചൈനയിലേക്ക് വൈകാതെ നീങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലോ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Categories: Business & Economy, Slider