ടെക്‌നോളി രംഗത്ത് പശ്ചിമേഷ്യയുടെ ശക്തി തെളിയിക്കാന്‍ കരീമിന് സാധിച്ചു: വെബ് സമ്മിറ്റ് സിഇഒ

ടെക്‌നോളി രംഗത്ത് പശ്ചിമേഷ്യയുടെ ശക്തി തെളിയിക്കാന്‍ കരീമിന് സാധിച്ചു: വെബ് സമ്മിറ്റ് സിഇഒ
  • യുഎഇയില്‍ ആഗോള ടെക് കോണ്‍ഫറന്‍സ് പദ്ധതിയിട്ട് വെബ് സമ്മിറ്റ്
  • യുഎഇ സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു
  • വെബ് സമ്മിറ്റില്‍ പ്രദര്‍ശനം നടത്തിയ പശ്ചിമേഷ്യയില്‍ നിന്നുള്ള ആദ്യ കമ്പനികളില്‍ ഒന്നായിരുന്നു കരീം

ദുബായ്: ആപ്പ് അധിഷ്ഠിത ടാക്‌സി സേവന രംഗത്തെ ആഗോള എതിരാളിയായ യുബറുമായി മത്സരിക്കാന്‍ തുനിഞ്ഞതിന് ഒരിക്കല്‍ ഏവരും പുച്ഛിച്ച് തള്ളിയ കരീം, തങ്ങളെ പരിഹസിച്ചവര്‍ക്ക് തെറ്റ് പറ്റിയെന്ന് തെളിയിച്ചതായി ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ടെക്‌നോളജി കോണ്‍ഫറന്‍സായ വെബ് സമ്മിറ്റിന്റെ സിഇഒ പാഡി കോസ്‌ഗ്രേവ്. ഗള്‍ഫ് മേഖലയില്‍ നിലനില്‍പ്പിന് വേണ്ടി ഒടുവില്‍ യുബറിന് കരീമിനെ ഏറ്റെടുക്കേണ്ടി വന്നു എന്നതു തന്നെയാണ് പരിഹസിച്ചവര്‍ക്കുള്ള ഏറ്റവും മികച്ച മറുപടി. 2009ല്‍ സ്ഥാപിതമായ വെബ് സമ്മിറ്റില്‍ പ്രദര്‍ശനം നടത്തിയ ആദ്യ പശ്ചിമേഷ്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു കരീം.

പശ്ചിമേഷ്യയില്‍ തങ്ങള്‍ക്ക് ഭീഷണിയായി മാറിയ കരീമിനെ കഴിഞ്ഞ മാര്‍ച്ചിലാണ് 3.1 ബില്യണ്‍ ഡോളറിന് യുബര്‍ ഏറ്റെടുത്തത്. പശ്ചിമേഷ്യ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ടെക്‌നോളജി ഇടപാടായിരുന്നു അത്. കഴിഞ്ഞ ആഴ്ചയാണ് യുബര്‍-കരീം ഇടപാട്് യുഎഇ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചത്.

അന്താരാഷ്ട്ര നിക്ഷേപകരും വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റുകളും പശ്ചിമേഷ്യയെ അവരുടെ ശ്രദ്ധാവലയത്തിനുള്ളില്‍ തന്നെ നിലനിര്‍ത്തണമെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് യുബര്‍-കരീം ഇടപാടെന്ന് കോസ്‌ഗ്രേവ് പറഞ്ഞു. വിപണിയില്‍ കരീം ആദ്യമായി രംഗപ്രവേശം ചെയ്തപ്പോള്‍ യുബറിനെ പോലുള്ള വലിയ എതിരാളിക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കരീമിന് സാധിക്കുമോ എന്ന സംശയമായിരുന്നു പലര്‍ക്കെന്നും കോസ്‌ഗ്രേവ് പറഞ്ഞു.

”ഈ ചെറിയ കാര്‍ ഷെയറിംഗ് ആപ്പ് പ്രദര്‍ശിപ്പിച്ചപ്പോള്‍(വെബ് സമ്മിറ്റില്‍), യുബറിനെ പോലെ ശക്തിയുള്ളവര്‍ക്കെതിരായി അവര്‍ കൊണ്ടുവന്ന ആശയം പലരും പുച്ഛിക്കുകയാണ് ചെയ്തത്. വലിയ രീതിയില്‍ രംഗപ്രവേശം ചെയ്ത ആഗോള എതിരാളികളുമായി മത്സരിക്കുക എന്നത് തമാശയായാണ് പലരും കരുതിയത്, പക്ഷേ അവരുടെ അനുമാനങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടുവെന്ന് കരീം തെളിയിച്ചിരിക്കുന്നു”, കോസ്‌ഗ്രേവ് പറഞ്ഞു.

” വലിയൊരു കമ്പനി കെട്ടിപ്പടുത്ത് ഭീമമായ തുകയ്ക്കാണ് അവര്‍ യുബറില്‍ ലയിച്ചത്. പശ്ചിമേഷ്യയില്‍ അസാധ്യമെന്ന് കരുതപ്പെടുന്ന കമ്പനികള്‍ പോലും രൂപീകരിക്കാന്‍ സാധിക്കുമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു കരീം. നിരവധി പേര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തി, വെബ് സമ്മിറ്റിലും കൊളീഷനിലും റെയ്‌സിലും എത്തുന്നുണ്ട്. അതിനാല്‍ തന്നെ അവിടം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു”. കോസ്‌ഗ്രേവ് പറഞ്ഞു.

2022 ഓടെ രാജ്യത്ത് ആഗോള ടെക് ആന്‍ഡ് ഇന്നവേഷന്‍ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ കമ്പനി യുഎഇ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കോസ്‌ഗ്രേവ് അറിയിച്ചു. ഞങ്ങളുടെ ഭാവി പദ്ധതികളില്‍ പശ്ചിമേഷ്യയുടെ സാന്നിധ്യം വലുതായിരിക്കും. വെബ് സമ്മിറ്റില്‍ ഇപ്പോള്‍ തന്നെ അബുദാബി, ദുബായ് മേഖലകളില്‍ നിന്നും വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടാകുന്നുണ്ട്. കൂടാതെ ഒമാന്‍ സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും വെബ് സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ വര്‍ഷം കൂടുന്തോറും ഈ മേഖലയില്‍ നിന്നും എത്തുന്ന സ്‌ററാര്‍ട്ടപ്പുകളുടെ എണ്ണം കൂടിക്കൂടി വരുന്നു.

നവംബറില്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടക്കുന്ന വെബ് സമ്മിറ്റില്‍ 170 രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 70,000 പേര്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. പശ്ചിമേഷ്യയില്‍ നിലവില്‍ ടെക് പരിപാടികള്‍ക്ക് കുറവില്ലെന്ന് സമ്മതിക്കുന്ന കോസ്‌ഗ്രേവ് പുതിയ ആശയങ്ങളിലൂടെ ആഗോള ടെക്‌നോളജി രംഗത്ത് പശ്ചിമേഷ്യയുടെ നില മെച്ചപ്പെടുത്താന്‍ തന്റെ കമ്പനിക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു.

”പശ്ചിമേഷ്യയ്ക്ക് വേണ്ടി പ്രാദേശികമായി ഒന്നും രൂപീകരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു ആഗോള പരിപാടിയാണ് ഞാന്‍ പദ്ധതിയിടുന്നത്. ഈ മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് അത് വലിയൊരു അവസരമായിരിക്കും. ഇവിടെ നടക്കുന്ന മികച്ച കാര്യങ്ങള്‍ ലോകത്തെ അറിയിക്കുന്നതായി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ട ഗതി അപ്പോള്‍ കമ്പനികള്‍ക്ക് ഉണ്ടാകുകയില്ല”.

ആഗോള ടെക്‌നോളജി കോണ്‍ഫറന്‍സായ വെബ് സമ്മിറ്റിന്റെ സിഇഒ ആയ കോസ്‌ഗ്രേവ് ലിസ്ബണിലെ വെബ് സമ്മിറ്റ്, ഹോങ്കോങ്ങിലെ റൈസ്, ടൊറന്റോയിലെ കൊളീഷന്‍ എന്നീ പരിപാടികളും നടത്തുന്നുണ്ട്. ടെക്‌നോളജി കേന്ദ്രീകൃതമായ ഈ മൂന്ന് പരിപാടികളും പ്രതിവര്‍ഷം ഏതാണ്ട് 110,000 പ്രതിനിധികളെയാണ് ആകര്‍ഷിക്കുന്നത്.

Comments

comments

Categories: Arabia
Tags: Craeem