35 തൊഴിലുകളില്‍ പ്രവാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ബഹ്‌റൈന്‍ എംപിമാര്‍

35 തൊഴിലുകളില്‍ പ്രവാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ബഹ്‌റൈന്‍ എംപിമാര്‍

ബഹ്‌റൈന്‍ പൗരന്മാരുടെ കുറഞ്ഞ വേതനം 550 ദിനാര്‍ ആയി ഉയര്‍ത്തണമെന്നും ആവശ്യം

ബഹ്‌റൈന്‍: 35ഓളം തൊഴില്‍മേഖലകളില്‍ സമ്പൂര്‍ണ ബഹ്‌റൈന്‍വല്‍ക്കരണം ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. പ്രസ്തുത തൊഴില്‍ മേഖലകളില്‍ നിന്നും പ്രവാസികളെ പൂര്‍ണമായും വിലക്കണമെന്നാണ് ആവശ്യം. പൗരന്മാരുടെ അടിസ്ഥാന വേതനം വര്‍ധിപ്പിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. 83 ശതമാനം മുതല്‍ 550 ബഹ്‌റൈന്‍ ദിനാര്‍ വരെ വേതനം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

ഈ രണ്ട് നിര്‍ദ്ദേശങ്ങളും ശനിയാഴ്ച പാര്‍ലമെന്റില്‍ ഔദ്യോഗികമായി സമര്‍പ്പിക്കപ്പെട്ടു എന്ന് ഗള്‍ഫ് ഡെയ്‌ലി ന്യൂസ്(ജിഡിഎന്‍) വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ 35ഓളം തൊഴില്‍രംഗങ്ങള്‍ പൂര്‍ണമായും ബഹ്‌റൈന്‍വല്‍ക്കരിച്ചാല്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ പുറന്തള്ളപ്പെടും. ഏതൊക്കെ തൊഴില്‍മേഖലകളാണ് ഈ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുകയെന്നത് വ്യക്തമല്ലെങ്കിലും വിദ്യഭ്യാസം, കറന്‍സി വിനിമയം, എക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ് അടക്കമുള്ള മേഖലകളില്‍ ബഹ്‌റൈന്‍വല്‍ക്കരണം കൊണ്ടുവരണമെന്നാണ് ആവശ്യമെന്ന് ജിഡിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ഈ മേഖലകള്‍ എല്ലാം തന്നെ പ്രവാസികളുടെ കയ്യിലാണ്. ഉദാഹരണത്തിന്, ബഹ്‌റൈനില്‍ 30 കറന്‍സി വിനിമയ കമ്പനികള്‍ ഉള്ളതായാണ് കണക്ക്. ഈ മേഖലയില്‍ ബഹ്‌റൈന്‍വല്‍ക്കരണം നടപ്പായാല്‍ എതാണ്ട് 3,000 തൊഴിലുകള്‍ ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് സ്വന്തമാകുമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വെച്ച എംപിമാരില്‍ ഒരാളായ അഹമ്മദ് അല്‍ സല്ലൂം പറഞ്ഞതായി ജിഡിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റൈന്‍ പൗരന്മാരുടെ അടിസ്ഥാന വേതനം 550 ബഹ്‌റൈന്‍ ദിനാര്‍ ആയി ഉയര്‍ത്തണമെന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. നിലവില്‍ രാജ്യത്തെ പൗരന്മാരുടെ കുറഞ്ഞ വേതനം മാസം 300 ബഹ്‌റൈന്‍ ദിനാര്‍ ആണ്.

എല്ലാ മേഖലകളിലും സമ്പൂര്‍ണ ബഹ്‌റൈന്‍വല്‍ക്കരണം കൊണ്ടുവരണമെന്ന ബില്ലിനുള്ള ആവശ്യവും നേരത്തെ ഉയര്‍ന്നിരുന്നു. കമ്പനികള്‍ ഈ നിയമം പാലിക്കാത്ത പക്ഷം 20,000 ബഹ്‌റൈന്‍ ദിനാര്‍ വരെ പിഴ ഈടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Comments

comments

Categories: Arabia

Related Articles