എയര്‍ടെലിനും വോഡഫോണ്‍ ഐഡിയക്കും എതിരായ പിഴയ്ക്ക് അംഗീകാരം

എയര്‍ടെലിനും വോഡഫോണ്‍ ഐഡിയക്കും എതിരായ പിഴയ്ക്ക് അംഗീകാരം

പിഴത്തുക പുനഃപരിശോധിക്കുന്നത് ട്രായ് പരിഗണിക്കണമെന്നും ഡിസിസി നിര്‍ദേശം

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയ്ക്ക് മതിയായ പോയിന്റ്‌സ് ഓഫ് ഇന്റര്‍കണക്ഷന്‍സ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തില്‍ എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ക്ക് പിഴ ചുമത്തണമെന്ന ടെലികോം റെഗുലേറ്ററി ആന്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തിന് ടെലികോം മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍(ഡിസിസി) അംഗീകാരം നല്‍കി. 3050 കോടി രൂപയുടെ മൊത്തം പിഴ ഇരു കമ്പനികള്‍ക്കുമായി ചുമത്തണമെന്നാണ് ട്രായ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ടെലികോം മേഖലയിലെ നിലവിലെ ദുര്‍ബലമായ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് പിഴത്തുകയില്‍ പുനര്‍ വിചിന്തനം നടത്തുന്നതിനെ കുറിച്ച് ട്രായ് അഭിപ്രായമറിയിക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.
റിലയന്‍സ് ജിയോയും ഗുണമേന്‍മയുള്ള സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്നതിന്റെ അടിസ്ഥാനത്തില്‍ ജിയോയ്ക്ക് എതിരെയും പിഴ ചുമത്തണമെന്ന ഒരു സെക്രട്ടറിയുടെ അഭിപ്രായം തള്ളിക്കൊണ്ടാണ് ഡിസിസി അന്തിമ തീരുമാനത്തില്‍ എത്തിയിട്ടുള്ളത്. 2016ലാണ് വിപണിയിലേക്ക് വന്‍ ഓഫറുകളോടെ കടന്നുവന്ന ജിയോയ്ക്ക് വേണ്ടത്ര പോയ്ന്റ് ഓഫ് ഇന്റര്‍കണക്ഷന്‍സ് അനുവദിച്ചില്ലെന്ന പേരില്‍ ട്രായ് കമ്പനികള്‍ക്കെതിരേ പിഴ ചുമത്താന്‍ ശുപാര്‍ശ ചെയ്തത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ 1050 കോടി രൂപ വീതം പിഴ ഇരു കമ്പനികള്‍ക്കും ചുമത്തുമെന്നാണ് സൂചന. ഐഡിയക്ക് മാത്രമായി 950 കോടി രൂപയുടെ പിഴയാണ് കണക്കാക്കുന്നത്. എന്നാല്‍ വോഡഫോണുമായി ലയിച്ച് ഒറ്റക്കമ്പനിയായ സാഹചര്യത്തില്‍ ഇരു കമ്പനികള്‍ക്കും ബാധകമായ പിഴ ലയന സംരംഭമായ വോഡഫോണ്‍ ഐഡിയ അടയ്ക്കണം. നടപടികളുടെ ഭാഗമായി കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് പരിഗണിക്കരുതെന്നും വലിയ ബുദ്ധിമുട്ടിലേക്ക് അത് ഉപഭോക്താക്കളെ എത്തിക്കുമെന്നും ഡിസിഎ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മറ്റ് ടെലികോം കമ്പനികള്‍ മതിയായ പോയ്ന്റ് ഓഫ് ഇന്റര്‍കണക്ഷന്‍സ് അനുവദിക്കാത്തിനാല്‍ തങ്ങളുടെ 75 ശതമാനത്തോളം കോളുകളിലും പ്രശ്‌നം നേരിടുന്നതായി കാണിച്ച് ജിയോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ട്രായ് പിഴ ചുമത്താന്‍ നിര്‍ദേശിച്ചത്.

Comments

comments

Categories: Business & Economy