വളം നിര്‍മാണ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി അഡ്‌നോകും ഒസിഐയും

വളം നിര്‍മാണ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി അഡ്‌നോകും ഒസിഐയും

നൈട്രജന്‍ വളങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി സംരംഭമാകുകയാണ് ലക്ഷ്യം

അബുദാബി: നൈട്രജന്‍ വളങ്ങളുടെ നിര്‍മാണ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനിയും(അഡ്‌നോക്) ഡച്ച് സംരംഭമായ ഒസിഐയും. അഡ്‌നോക് ഫെര്‍ട്ടലൈസേഴ്‌സിനെ ഒസിഐയുടെ പ്രാദേശിക നൈട്രജന്‍ വളം നിര്‍മാണ കമ്പനിയുമായി സമന്വയിപ്പിച്ച്് സംയുക്ത സംരംഭം ആരംഭിക്കാനാണ് പദ്ധതി. പുതിയ സംരംഭം നിലവില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ നൈട്രജന്‍ വളം കയറ്റുമതി സംരംഭമായി ഇത് മാറും.

ഈജിപ്ഷ്യന്‍ ശതകോടീശ്വരനായ നസ്സെഫ് സവിരിസിന്റെ ഉടമസ്ഥതയിലുള്ള ഒസിഐയ്ക്ക് പശ്ചിമേഷ്യയില്‍ ഈജിപ്തിലും അള്‍ജീരിയയിലുമാണ് നൈട്രജന്‍ വളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്ളത്. സംയുക്ത സംരംഭത്തിന്റെ ഭൂരിഭാഗം ഓഹരികളും ഒസിഐയ്ക്കായിരിക്കും. 42 ശതമാനം ഓഹരികളായിരിക്കും അഡ്‌നോകിന് ഉണ്ടായിരിക്കുക. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനിയുടെ സംയുക്ത വാര്‍ഷിക വരുമാനം 1.74 ബില്യണ്‍ ഡോളര്‍ ആയിരിക്കും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ നൈട്രജന്‍ വളം നിര്‍മാണ കമ്പനികളിലൊന്നായിരിക്കും ഈ സംരംഭം. ഏതാണ്ട് 50 ലക്ഷം ടണ്‍ യൂറിയയും 15 ലക്ഷം ടണ്‍ അമോണിയയും ആണ് ഉല്‍പ്പാദനശേഷി. ഉല്‍പ്പാദിപ്പിക്കുന്ന വളത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യാനാണ് പദ്ധതി. വളരെ ചെറിയൊരു ശതമാനം പ്രാദേശിക വിപണികളില്‍ വില്‍ക്കും.

ഒസിഐയുടെ ഉടമയായ സവിരിസ് ആയിരിക്കും സംരംഭത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ്. അഡ്‌നോക് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവും യുഎഇ സമന്ത്രിയുമായ ഡോ.സുല്‍ത്താന്‍ അല്‍ ജബെര്‍ ആയിരിക്കും ചെയര്‍മാന്‍. ലയനത്തോടെ പുതിയ വിപണികളില്‍ രംഗപ്രവേശം ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് അല്‍ ജുബെര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യ, അമേരിക്ക, ലാറ്റനമേരിക്ക,ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് അഡ്‌നോക് വളം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. കേന്ദ്രീകൃതമായ വാണിജ്യ സംഘവും സംഭരണ, വിതരണ സൗകര്യങ്ങളുമായിരിക്കും പുതിയ സംരംഭത്തിന് ഉണ്ടായിരിക്കുകയെന്നും മെഡിറ്ററേനിയന്‍, ചെങ്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളിലെ പ്രധാന തുറമുഖങ്ങളില്‍ ചരക്കിറക്കാനുള്ള സൗകര്യം ഈ സംരംഭത്തിനുണ്ടാകുമെന്നും അല്‍ ജബെര്‍ അറിയിച്ചു.

പശ്ചിമേഷ്യയിലെ ദേശീയ എണ്ണക്കമ്പനികള്‍ക്കിടയില്‍ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്ന പ്രവണത തുടരുന്നതിനിടെയാണ് അഡ്‌നോക് വളം വ്യവസായം വിപുലപ്പെടുത്തുന്നത്. എണ്ണ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെയും രാസവസ്തു നിര്‍മാണ മേഖലയുടെ വികസനത്തിനുമായി 165 ബില്യണ്‍ ദിര്‍ഹം ചിലവഴിക്കുമെന്ന് കഴിഞ്ഞ വര്‍ഷം അഡ്‌നോക് പ്രഖ്യാപിച്ചിരുന്നു. 2016ല്‍ അല്‍ ജബെര്‍ ചീഫ് എക്‌സിക്യുട്ടീവ് ആയി ചുമതല ഏറ്റെടുത്ത ശേഷം കമ്പനിയില്‍ പലവിധ പരിഷ്‌കാരങ്ങളും നടപ്പിലാക്കിവരികയാണ്. ഇതുപ്രകാരം വരുമാന ദായകമായ പല കരാറുകളും അവസരങ്ങളും വിനിയോഗിക്കാന്‍ കമ്പനി തീരുമാനിച്ചു.

അബുദാബിയിലും അല്‍ ദഫ്രയിലുമായി റുവൈസില്‍ രണ്ട് വളം നിര്‍മാണ പ്ലാന്റുകളാണ് അഡ്‌നോകിന് ഉള്ളത്. പെട്രോളിയം സംസ്‌കരണ, ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കമ്പനി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മേഖല ആഗോള പെട്രൊകെമിക്കല്‍ ഹബ്ബായി ഉയരാനുള്ള യജ്ഞത്തിലാണ്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലെ ടോട്ടലിന്റെ ഉടമസ്ഥതയിലുള്ള വളം നിര്‍മാണ കമ്പനിയിലെ 33 ശതമാനം ഓഹരികള്‍ അഡ്‌നോക് വാങ്ങിയിരുന്നു.

Comments

comments

Categories: Arabia
Tags: Adnoc, OCI

Related Articles