പരമ്പരാഗത വേരുപാലങ്ങള്‍ക്കൊരു കൈത്താങ്ങ്

പരമ്പരാഗത വേരുപാലങ്ങള്‍ക്കൊരു കൈത്താങ്ങ്

മേഘാലയയിലെ വനങ്ങളില്‍ ജീവന്‍ തുടിക്കുന്ന മരങ്ങളുടെ വേരുകള്‍ കൂട്ടിയിണക്കിയ പാലങ്ങള്‍ നിരവധിയുണ്ട്. പൂര്‍വികര്‍ നിര്‍മിച്ച ഈ പാലങ്ങളുടെ സംരക്ഷണം ഏറ്റെടുത്താണ് മോണിംഗ്‌സ്റ്റാര്‍ ഖോംഗ്‌തോ എന്ന യുവാവ് ശ്രദ്ധ നേടുന്നത്

ഒരു കാലത്ത് നമ്മുടെ പൂര്‍വികരുടെ കൈപതിഞ്ഞ കരവിരുത് സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. ഇന്നത്തെ യുവതലമുറ ഇക്കാര്യത്തില്‍ പിന്നോട്ടു നില്‍ക്കുമ്പോള്‍ വേറിട്ട നിലപാട് സ്വീകരിച്ചാണ് മേഘാലയ സ്വദേശിയായ മോണിംഗ്‌സ്റ്റാര്‍ ഖോംഗ്‌തോ ശ്രദ്ധേയനാകുന്നത്. മേഘാലയയിലെ ഖാസി, ജൈനിറ്റാ മലനിരകളിലെ നിബിഡവനങ്ങളില്‍ പൂര്‍വികര്‍ മരത്തിന്റെ വേരുകള്‍ കൊണ്ടു നിര്‍മിച്ച പാലങ്ങള്‍ സംരക്ഷിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരന്‍. ജീവന്‍ തുടങ്ങിക്കുന്ന വേരുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത് എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. അറുനൂറില്‍പ്പരം വര്‍ഷങ്ങളോളം ഈ പാലങ്ങള്‍ക്ക് ഒരു കുലുക്കവും സംഭവിക്കില്ലെന്നതും വേരു പാലങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണമാണ്.

കാടിനുളളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഗ്രാമത്തിലേക്ക് എത്തിക്കുന്നതിനും മറ്റുമാണ് ഈ പാലങ്ങള്‍ ഉപയോഗിച്ചു വരുന്നത്. റബര്‍ മരങ്ങളുടെ വേരുകള്‍, കമുകിന്‍ തടി, മുള എന്നിവയെല്ലാം പാലം നിര്‍മാണത്തിനായി ഉപയോഗിക്കുന്നുണ്ട്.

പൈതൃകസംരക്ഷണത്തോടൊപ്പം നിര്‍മാണവും

പൂര്‍വികര്‍ നിര്‍മിച്ച പാലങ്ങള്‍ യഥാസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തി പരിരക്ഷിക്കുക എന്നതു മാത്രമല്ല, അതേ രീതിയില്‍ പുതിയ പാലങ്ങള്‍ നിര്‍മിക്കാനും മോണിംഗ്‌സ്റ്റാര്‍ തയാറാണ്. പ്രദേശവാസികളായ യുവാക്കളെയും പ്രായമായവരെയും ഒന്നിച്ചു ചേര്‍ത്ത് പാലത്തിന്റെ നിര്‍മാണം പഠിപ്പിക്കാനും ഈ യുവാവ് ശ്രദ്ധ ചെലുത്തുന്നു. ”പുറം ലോകവുമായി അന്നും ഇന്നും ഞങ്ങളെ ബന്ധിപ്പിക്കുന്നത് ഈ പാലങ്ങളാണ്. ഓരോ പാലങ്ങള്‍ക്കും അതിന്റേതായ ചരിത്രവും അറിവും പുതിയ തലമുറയ്ക്ക് കൈമാറാനുണ്ട്. അതു കണ്ടെത്താനും സംരക്ഷിക്കാനുമാണ് എന്റെ ശ്രമം,” മോണിംഗ്‌സ്റ്റാര്‍ പറയുന്നു.

2016ലാണ് മോണിംഗ്‌സ്റ്റാര്‍ ഈ ഉദ്യമം ഏറ്റെടുത്തു തുടങ്ങിയത്. ഇന്ന് മഴക്കെടുതിയിലും കാറ്റിലും പാലത്തിന് കേടുപാട് സംഭവിക്കുമ്പോള്‍ പരിപൂര്‍ണമായ പരിഹാരം കാണാന്‍ ഈ യുവാവ് പ്രദേശവാസികള്‍ക്കൊപ്പം മുന്നിട്ടിറങ്ങും. ഇന്ന് ലിവിംഗ് റൂട്ട് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ചെയര്‍മാന്‍ കൂടിയാണ് മോണിംഗ്‌സ്റ്റാര്‍. കാടുകള്‍തോറും ഇത്തരത്തിലുള്ള പാലങ്ങള്‍ കണ്ടെത്തി അവ സംരക്ഷിക്കാനുള്ള യജ്ഞത്തിലാണിപ്പോള്‍ ഈ യുവാവ്. കാടിനെയും പരമ്പരാഗത കരവിരുതുകളെയും സ്‌നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ സഹായിക്കാന്‍ ഒപ്പമുണ്ട്. അമേരിക്കന്‍ സഞ്ചാരിയും എഴുത്തുകാരനുമായ പാട്രിക് റോജേഴ്‌സ് മോണിംഗ്‌സ്റ്റാറിന്റെ ഉദ്യമങ്ങള്‍ക്ക് പ്രാരംഭ നിക്ഷേപം നല്‍കിയിരുന്നു. ജര്‍മനിയില്‍ നിന്നുള്ള ചിലര്‍ കാമറ നല്‍കിസഹായിച്ചത് മോണിംഗ്‌സ്റ്റാറിന്റെ യാത്രകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. പ്രദേശവാസികളായ യുവാക്കളെ ഒരുമിച്ച് ചേര്‍ത്ത് അവഗണിക്കപ്പെട്ടു കിടന്ന ഒട്ടുമിക്ക വേര് പാലങ്ങള്‍ക്കും പുതുജീവന്‍ നല്‍കാനും സാധിച്ചിട്ടുണ്ട്.

ജീവന്‍ തുടിക്കുന്ന പാലങ്ങള്‍

ഓരോ പാലവും നിര്‍മിച്ചശേഷം 20 മുതല്‍ 30 വര്‍ഷങ്ങള്‍ വരെ കൃത്യമായി പരിപാലിച്ചാല്‍ മാത്രമേ അവ ജീവന്‍ തുടിക്കുന്ന പാലങ്ങളായി മാറ്റപ്പെടുകയുള്ളുവെന്നാണ് മോണിംഗ്‌സ്റ്റാറിന്റെ അഭിപ്രായം. വേരുകള്‍ കോര്‍ത്തിണക്കി മുള അല്ലെങ്കില്‍ കമുകിന്‍ തടി ചേര്‍ത്ത് നിര്‍മിക്കുന്ന പാലങ്ങള്‍ മരങ്ങളുമായി ബന്ധിപ്പിച്ചാണ് ഇവര്‍ പാലം നിര്‍മിക്കുന്നത്. ആദ്യമായി പാലം നിര്‍മിക്കുന്നതിനുള്ള നിര്‍ദിഷ്ട സ്ഥലം കണ്ടെത്തും. തുടര്‍ന്ന് പാലത്തിനാവശ്യമായ മരം കണ്ടെത്തി നിര്‍മാണം തുടങ്ങും. മുള അഥവാ കമുകിന്‍ തടി ചേര്‍ത്താണ് പാലത്തിന്റെ പുറംചട്ട നിര്‍മിക്കുന്നത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി മരത്തിന്റെ വേരുകള്‍ പാലത്തിലേക്ക് വലിച്ചടുപ്പിക്കും. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുറംചട്ടകള്‍ മാറ്റിക്കൊടുക്കുകയും വേണം. വേരുകള്‍ പൂര്‍ണമായും ഒറ്റയ്ക്ക് നില്‍ക്കാനാകുമ്പോഴാണ് പാലം ഉറപ്പുള്ളതാകുന്നത്. ഇതിനിടെ ജീവന്‍ തുടിക്കുന്ന പാലങ്ങള്‍ക്ക് ഉയരം കൂടുകയും ചെയ്യും. കിഴക്കന്‍ ഖാസി മലനിരകളിലെ മൗകിര്‍നോട്ട് ഗ്രാമത്തിലുള്ള വേര് പാലമാണ് (175 അടി)ഈ ഗണത്തില്‍ ഏറ്റവും ഉയരം കൂടിയത്. ഏകദേശം 600 വര്‍ഷമായ പാലമാണിതെന്നാണ് കണക്കുകൂട്ടല്‍. ഇനിയും റോഡുകള്‍ വന്നിട്ടില്ലാതെ മിക്ക സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പാലങ്ങള്‍ ഏറെ ഉപകാരപ്രദമാണ്.

മുളകൊണ്ടുള്ള പുറംചട്ട കൂടുതല്‍ കാലം നിലനിര്‍ത്താനുള്ള വിദ്യ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതിയ പുറംചട്ട പാലത്തിനായി നിര്‍മിക്കുകയാണ് പതിവ്. ഖാസി, ജൈനിറ്റാ മലനിരകളില്‍ ഇതുവരെ കണ്ടെത്തിയ പാലങ്ങള്‍ക്കെല്ലാം നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും മോണിംഗ്‌സ്റ്റാര്‍ പറയുന്നു.

Comments

comments

Categories: FK Special