വ്യാപാര കമ്മി ആറ് മാസത്തെ ഉയരത്തില്‍

വ്യാപാര കമ്മി ആറ് മാസത്തെ ഉയരത്തില്‍
  • കഴിഞ്ഞ മാസം വ്യാപാര കമ്മി 15.36 ബില്യണ്‍ ഡോളറായാണ് വര്‍ധിച്ചത്
  • കഴിഞ്ഞ വര്‍ഷം മേയില്‍ 14.2 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി
  • ഇറക്കുമതി ചെലവ് 4.31% വര്‍ധിച്ച് 45.35 ബില്യണ്‍ ഡോളറായി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വ്യാപാര കമ്മി മേയില്‍ 15.36 ബില്യണ്‍ ഡോളറായി വര്‍ധിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെ രാജ്യം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വ്യാപാര കമ്മിയാണിത്. കഴിഞ്ഞ വര്‍ഷം മേയില്‍ 14.2 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി. 2018 നവംബറില്‍ 16.67 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ വ്യാപാര കമ്മി.

കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരമാണ് വ്യാപാര കമ്മി. കയറ്റുമതിയില്‍ 3.93 ശതമാനം വര്‍ധനയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 30 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ രാജ്യം ഇക്കാലയളവില്‍ കയറ്റി അയച്ചു. ഇലക്ട്രോണിക്‌സ്, കെമിക്കല്‍ വിഭാഗത്തിലെ കയറ്റുമതിയിലുണ്ടായ ആരോഗ്യകരമായ വര്‍ധനയാണ് മൊത്തം കയറ്റുമതി വരുമാനത്തില്‍ പ്രതിഫലിച്ചത്.

എങ്കിലും കയറ്റുമതിയില്‍ താരതമ്യേന കുറഞ്ഞ വര്‍ധനയാണ് കഴിഞ്ഞ മാസം രാജ്യം രേഖപ്പെടുത്തിയത്. കയറ്റുമതി വര്‍ധിച്ചിട്ടും കഴിഞ്ഞ മാസം വ്യാപാര കമ്മി ഉയരാനുള്ള കാരണം ഇതാണെന്നും വാണിജ്യ മന്ത്രാലയം പറയുന്നു. ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഇക്കാലയളവില്‍ 4.31 ശതമാനം വര്‍ധിച്ച് 45.35 ബില്യണ്‍ ഡോളറായി. അസംസ്‌കൃത എണ്ണ ഇറക്കുമതിയും സ്വര്‍ണ ഇറക്കുമതിയും വര്‍ധിച്ചതാണ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരാന്‍ കാരണമായത്.

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ 51 ശതമാനം വര്‍ധനയാണ് കഴിഞ്ഞ മാസം ഉണ്ടായത്. എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 4.4 ശതമാനവും രാസവസ്തുക്കളുടെ കയറ്റുമതി 20.64 ശതമാനവും ഫാര്‍മ വിഭാഗത്തില്‍ കയറ്റുമതി 11 ശതമാനവും തേയില കയറ്റുമതി 24.3 ശതമാനവും കഴിഞ്ഞ മാസം വര്‍ധിച്ചു.

അതേസമയം, പ്രധാന മേഖലകളായ പെട്രോളിയം, കൈത്തറി/ഫാബ്രിക്‌സ്, രത്‌നം, ജുവല്‍റി, സമുദ്രോല്‍പ്പന്നങ്ങള്‍, കാപ്പി, അരി തുടങ്ങിയവയുടെ കയറ്റുമതിയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് കഴിഞ്ഞ മാസം ഉണ്ടായത്. എന്നാല്‍, എണ്ണ ഇറക്കുമതി ചെലവ് 8.23 ശതമാനം വര്‍ധിച്ച് 12.44 ബില്യണ്‍ ഡോളറായി. എണ്ണ ഇതര ഇറക്കുമതി ചെലവ് 2.9 ശതമാനവും വര്‍ധിച്ചു.

സ്വര്‍ണ ഇറക്കുമതി ചെലവ് 37.43 ശതമാനം വര്‍ധിച്ച് 4.78 ബില്യണ്‍ ഡോളറായിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള കണക്കെടുത്താല്‍ ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ 2.37 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 56 ബില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ മൊത്തം കയറ്റുമതി വരുമാനം. ഇറക്കുമതി ചെലവ് 4.39 ശതമാനം വര്‍ധിച്ച് 86.75 ബില്യണ്‍ ഡോളറായി.

ഏപ്രില്‍-മേയിലെ മൊത്തം വ്യാപാര കമ്മി 30.69 ബില്യണ്‍ ഡോളറാണ്. ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളിലെ ഇടിവ് കാരണം കഴിഞ്ഞ മാസം കയറ്റുമതിയില്‍ മാന്ദ്യം നേരിട്ടതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (ഫിയോ) പ്രസിഡന്റ് ഗണേഷ് കുമാര്‍ ഗുപ്ത പറഞ്ഞു. ആഗോള വ്യാപാരത്തിലുണ്ടായ ഇടിവും സംരക്ഷണവാദവുമാണ് കയറ്റുമതി ഇടിയാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎസ്എംഇ മേഖല ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. താരിഫ് യുദ്ധം സംബന്ധിച്ച അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിലെ അസ്ഥിരതയും വ്യാപാര നിയന്ത്രണ നടപടികളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പുറമെയാണിതെന്നും ഗുപ്ത വ്യക്തമാക്കി. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് വര്‍ധിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിലും കാര്‍ഷിക മേഖലയിലെ കയറ്റുമതിക്ക് പലിശ സബ്‌സിഡി നല്‍കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Comments

comments

Categories: Business & Economy