ടൊയോട്ട ഗ്ലാന്‍സയുടെ വെയ്റ്റിംഗ് പിരീഡ് ഒരു മാസം

ടൊയോട്ട ഗ്ലാന്‍സയുടെ വെയ്റ്റിംഗ് പിരീഡ് ഒരു മാസം

ജി-എംടി വേരിയന്റിനാണ് ഏറ്റവുമധികം ആവശ്യക്കാരെന്ന് ഡീലര്‍മാര്‍

ന്യൂഡെല്‍ഹി : മാരുതി സുസുകി ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. ഈ മാസം ആറിനാണ് പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു മാസത്തിലധികമാണ് ടൊയോട്ട ഗ്ലാന്‍സയുടെ വെയ്റ്റിംഗ് പിരീഡ്. ഹാച്ച്ബാക്ക് ബുക്ക് ചെയ്താല്‍ ഡെലിവറി ചെയ്തുലഭിക്കുന്നതിന് കുറഞ്ഞത് ഒരു മാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ചില ടൊയോട്ട ഡീലര്‍മാര്‍ വ്യക്തമാക്കി.

നാല് വേരിയന്റുകളില്‍ ജി-എംടി (മാന്വല്‍ ട്രാന്‍സ്മിഷന്‍) വേരിയന്റിനാണ് ഏറ്റവുമധികം ആവശ്യക്കാരെന്ന് ഡീലര്‍മാര്‍ പറഞ്ഞു. 23.87 കിലോമീറ്ററാണ് ഗ്ലാന്‍സ ജി-എംടിയില്‍നിന്ന് ലഭിക്കുന്ന ഇന്ധനക്ഷമത. ടോപ് സ്‌പെക് വി-സിവിടി വേരിയന്റിനും ഇതിന്റെ മാന്വല്‍ വേരിയന്റിനേക്കാള്‍ ഡിമാന്‍ഡ് കൂടുതലാണ്. ടോപ് സ്‌പെക് ഓട്ടോമാറ്റിക് വേരിയന്റിന് രണ്ട് മാസത്തോളമാണ് വെയ്റ്റിംഗ് പിരീഡ്. ടൊയോട്ട ഡീലര്‍മാരിലേക്ക് അയച്ച 2,666 യൂണിറ്റ് ഗ്ലാന്‍സയില്‍ ടോപ് സ്‌പെക് വേരിയന്റുകളുടെ എണ്ണം നന്നേ കുറവാണ്.

7.22 ലക്ഷം മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഗ്ലാന്‍സയുടെ ഡെല്‍ഹി എക്‌സ് ഷോറൂം പ്രാരംഭ വില. മാരുതി സുസുകി ബലേനോ റീബാഡ്ജ് ചെയ്തതാണ് ടൊയോട്ട ഗ്ലാന്‍സ. കഫേ വൈറ്റ്, സ്‌പോര്‍ട്ടിംഗ് റെഡ്, ഇന്‍സ്റ്റാ ബ്ലൂ, ഗെയ്മിംഗ് ഗ്രേ, എന്റ്റൈസിംഗ് സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ ലഭിക്കും. മൂന്ന് വര്‍ഷം/ഒരു ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേഡ് വാറന്റിയോടെയാണ് ടൊയോട്ട ഗ്ലാന്‍സ വരുന്നത്. ടൊയോട്ട-സുസുകി സംയുക്ത സംരംഭത്തില്‍നിന്നുള്ള ആദ്യ ഉല്‍പ്പന്നമാണ് ഗ്ലാന്‍സ.

ജി-എംടി വേരിയന്റില്‍ മാത്രമായിരിക്കും ഡുവല്‍ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് എന്‍ജിന്‍ ലഭിക്കുന്നത്. കെ12ബി എന്‍ജിനില്‍ മാത്രമാണ് വി വേരിയന്റ് വില്‍ക്കുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനുകളും ബിഎസ് 6 പാലിക്കുന്നതാണ്. 1.2 ലിറ്റര്‍, കെ12ബി എന്‍ജിന്‍ 83 എച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ വരുന്ന 1.2 ലിറ്റര്‍, കെ12സി ഡുവല്‍ജെറ്റ് എന്‍ജിന്‍ 90 എച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍, സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. കെ12ബി എന്‍ജിന്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും സിവിടി ലഭിക്കുന്നത്. കെ12ബി പെട്രോള്‍-എംടി നല്‍കുന്ന ഇന്ധനക്ഷമത 21.01 കിലോമീറ്ററാണെങ്കില്‍ കെ12സി സ്മാര്‍ട്ട് ഹൈബ്രിഡ് 23.87 കിലോമീറ്ററും സിവിടി 19.56 കിലോമീറ്ററും ഇന്ധനക്ഷമത സമ്മാനിക്കും.

Comments

comments

Categories: Auto