സ്വിസ് ബാങ്കിലെ അനധികൃത സമ്പാദ്യം 50 ഇന്ത്യക്കാര്‍ക്ക് നോട്ടീസ്

സ്വിസ് ബാങ്കിലെ അനധികൃത സമ്പാദ്യം 50 ഇന്ത്യക്കാര്‍ക്ക് നോട്ടീസ്
  • നടപടി പ്രാഥമിക വിവരങ്ങളില്‍ പിഴവുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന്
  • അനധികൃത സ്വത്താണെന്ന് തെളിഞ്ഞാല്‍ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറും
  • പട്ടികയിലുള്ളവരില്‍ ഭൂരിഭാഗവും വ്യാപാരികളും വ്യവസായികളും

ബേണ്‍/ന്യൂഡെല്‍ഹി: കള്ളപ്പണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ശക്തമായ സഹകരണവുമായി സ്വിറ്റ്‌സര്‍ലന്‍ഡ്. സ്വിസ് ബാങ്കുകളില്‍ അനധികൃതമായി പണം നിക്ഷേപിച്ചിരിക്കുന്ന 50 ഇന്ത്യക്കാരുടെ വിവരങ്ങളാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറുന്നത്. എക്കൗണ്ടുകളിലെ സമ്പാദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ നല്‍കാന്‍ പരാജയപ്പെടുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്ത അന്‍പത് ആളുകളാണ് കുടുങ്ങിയിരിക്കുന്നത്. എക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറാതിരിക്കാന്‍ കാരണമെന്തെങ്കിലുമുണ്ടോയെന്ന് തിരക്കുന്ന നോട്ടീസാണ് സ്വിസ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കാനാവാത്തവരുടെ വിവരങ്ങള്‍ സ്വിസ് സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറും. എക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് നടപ്പാക്കും.

അനധികൃത കള്ളപ്പണ നിക്ഷേപത്തിനെതിരെ ഒന്നാം മോദി സര്‍ക്കാരും സ്വിസ് ഭരണകൂടവും ഒപ്പിട്ട കരാറുകളുടെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. സംശയാസ്പദമായി കണ്ടെത്തിയിരിക്കുന്ന 50 അനധികൃത എക്കൗണ്ടുകളുടെ ഉടമകളില്‍ ഭൂരിഭാഗവും വ്യവസായികളാണ്. റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനം, ടെക്‌നോളജി, ടെലികോം, പെയ്ന്റ്, കെ്‌സ്റ്റൈല്‍സ്, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ജൂവല്‍റി മേഖലകളില്‍ നിന്നുള്ള ബേനാമികളടക്കം കമ്പനി ഉടമകളാണ് കുടുങ്ങിയിരിക്കുന്നത്. ഇതില്‍ മിക്കവരും സമര്‍പ്പിച്ച പ്രാഥമിക രേഖകള്‍ പര്യാപ്തമല്ലെന്ന് കണ്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. ഫലത്തില്‍ ഇവര്‍ക്കെതിരെ നടപടി ഉറപ്പായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

കേസുമായി ബന്ധപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞു കഴിഞ്ഞെന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇരു രാജ്യങ്ങളിലെയും ഏജന്‍സികള്‍ വ്യക്തമാക്കുന്നു. നിഗൂഢവും സംശയാസ്പദവുമായ പശ്ചാത്തലമുള്ള ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറുന്നത് കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന തുടര്‍പ്രവര്‍ത്തനമാണെന്നും ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറിലേറെ കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ കരാര്‍ പ്രകാരം സ്വിസ് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. വിദേശ ക്ലയന്റുകള്‍ക്ക് അപ്പീല്‍ അവസരം നല്‍കുമ്പോള്‍ പേരുകളോ പേരുകളുടെ കോഡുകളോ സ്വിസ് സര്‍ക്കാര്‍ ഗസറ്റില്‍ പരസ്യപ്പെടുത്താറുണ്ട്. നിരവധി ഇന്ത്യക്കാരുടെ പേരുകളാണ് ഇപ്രകാരം ഓരോ ആഴ്ചകളിലും പുറത്തു വരുന്നത്. എച്ച്എസ്ബിസി, പാനമ പട്ടികകളില്‍ പേരു വന്ന പല വിവാദ കള്ളപ്പണ നിക്ഷേപകര്‍ക്കും സ്വിസ് ബാങ്കുകളിലും ഇടപാടുകളുണ്ടെന്ന് ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

Categories: FK News, Slider