ഹോര്‍മൂസ് കടലിടുക്ക് സംഘര്‍ഷഭരിതമായാല്‍ ആശങ്കപ്പെടുന്നതാര് ?

ഹോര്‍മൂസ് കടലിടുക്ക് സംഘര്‍ഷഭരിതമായാല്‍ ആശങ്കപ്പെടുന്നതാര് ?
  • ഏഷ്യയിലേക്കുള്ള എണ്ണക്കയറ്റുമതിയില്‍ ഭൂരിഭാഗവും കടന്നുപോകുന്നത് ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്
  • അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തോടുള്ള പ്രതികാരമെന്നോണം ഇവിടം അടയ്ക്കുമെന്ന് ഇറാന്‍
  • കഴിഞ്ഞ ദിവസവും കഴിഞ്ഞ മാസവും എണ്ണക്കപ്പലുകള്‍ അക്രമിക്കപ്പെട്ടത് ഹോര്‍മുസ് കടലിടുക്കിന് സമീപമാണ്

സിയോള്‍: വികസനക്കുതിപ്പ് നടത്തുന്ന ഏഷ്യയിലെ വമ്പന്‍ നഗരങ്ങളില്‍ നിന്നും എത്രയോ കാതങ്ങള്‍ക്കപ്പുറമാണ് ഒമാന്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ വ്യാഴാഴ്ച എണ്ണക്കപ്പലുകള്‍ അക്രമിക്കപ്പെട്ടത്. പക്ഷേ തന്ത്രപ്രധാനമെന്ന് കരുതപ്പെടുന്ന ഹോര്‍മൂസ് കടലിടുക്കിലുണ്ടാകുന്ന ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ഞെട്ടല്‍ നല്‍കുക എണ്ണ ഇറക്കുമതിയെ ആശ്രയിച്ച് കഴിയുന്ന ഏഷ്യയിലെ പ്രധാന സമ്പദ് വ്യവസ്ഥകള്‍ക്കാണ്.

ഏഷ്യയിലെ രണ്ട് രാഷ്ട്രങ്ങളെ മാത്രമാണ് വ്യാഴാഴ്ചയുണ്ടായ ആക്രമണം നേരിട്ട് ബാധിച്ചിട്ടുള്ളൂ(അക്രമിക്കപ്പെട്ട കപ്പലുകളില്‍ ഒന്ന് ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടേതായിരുന്നു, കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ സഹായിച്ചത് ദക്ഷിണ കൊറിയയിലെ ഒരു കപ്പല്‍ ആയിരുന്നു) എങ്കിലും, ഈ സംഭവം ഏഷ്യയിലുടനീളമുള്ള സുപ്രധാന സമ്പദ് വ്യവസ്ഥകളെ പിടിച്ചുലയ്ക്കാനുള്ള സാധ്യത ഏറെയാണ്.

ഹോര്‍മൂസ് കടലിടുക്ക് ഏഷ്യയ്ക്ക് ഏത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന വസ്തുതയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്യോഗസ്ഥരും അനലിസ്റ്റുകളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം വിശദീകരിച്ച് കൊണ്ടിരുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ജീവനോപാധിയാണ് ഏഷ്യയെ സംബന്ധിച്ചിടുത്തോളം ഹോര്‍മൂസ് കടലിടുക്ക്. അതിനാല്‍ തന്നെ എണ്ണക്കപ്പലുകള്‍ ലക്ഷ്യമാക്കി അവിടെ നടന്ന ആക്രമണവും ഇറാന്റെയും അമേരിക്കയുടെയും തുടര്‍ നടപടികളുമെല്ലാം വളരെ താല്‍പ്പര്യപൂര്‍വ്വമാണ് ഏഷ്യ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

അവസാനം, ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ സംഭവത്തിന് വലിയ പ്രാധാന്യം കൊടുക്കാതെ ഏഷ്യ ഈ വിഷയം തള്ളിക്കളയുകയോ, അതല്ല അക്രമത്തിന്റെ പ്രത്യാഘാതത്തില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥകള്‍ വിറയ്ക്കുകയോ ചെയ്യുകയാണങ്കിലും ഏഷ്യന്‍ സമ്പദ് വ്യവസ്ഥകളുടെ ഭൂരിഭാഗം വികസനക്കുതിപ്പുകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും എണ്ണയും ഊര്‍ജവും പകരുന്നതില്‍ കേവലമൊരു ജലപാതയ്ക്കുള്ള പ്രാധാന്യവും അവിടെ നടക്കുന്ന സംഭവവികാസങ്ങളില്‍ ഏഷ്യയ്ക്കുള്ള ആശങ്കയുമാണ് ഇവിടെ ചര്‍ച്ചയാകുന്നത്.

തങ്ങളില്‍ നിന്നും ഒരുപാടകലെ സംഭവിച്ച, എന്നാല്‍ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കാന്‍ പോന്ന ആ ആക്രമണങ്ങളെയും ആശങ്കകളെയും ഏഷ്യ എങ്ങനെ കൈകാര്യം ചെയ്യുന്നു?

ഏഷ്യ എന്തിന് ആശങ്കപ്പെടണം?

ഉത്തരം ലളിതവും സ്പഷ്ടവുമാണ്. എണ്ണയാണ് പ്രശ്‌നം. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് വേണ്ടുവോളം ഇല്ലാത്ത, എന്നാല്‍ പശ്ചിമേഷ്യയ്ക്ക് ആവശ്യത്തിലധികം ഉള്ള ഒന്നാണ് എണ്ണ. ആ എണ്ണ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒഴുക്കുന്നതാകട്ടെ അറബിക്കടലിനും ഒമാന്‍ ഉള്‍ക്കടലിനുമിടയിലുള്ള ഹോര്‍മൂസ് കടലിടുക്കിലൂടെയും. അതുകൊണ്ടാണ് അമേരിക്ക-ഇറാന്‍ പ്രശ്‌നങ്ങള്‍ തങ്ങളെ നേരിട്ട് ബാധിക്കുകയില്ലെങ്കില്‍ കൂടിയും അത് മൂലം ഹോര്‍മൂസ് കടലിടുക്കിലുണ്ടാക്കുന്ന വിതരണ പ്രതിബന്ധങ്ങളില്‍ ഏഷ്യ ഇത്രയേറെ ആശങ്കപ്പെടുന്നത്.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ അമേരിക്കയുടെ അടുത്ത കൂട്ടാളികളായ ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കം ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താക്കള്‍ക്ക് നല്‍കിവന്ന ഇളവുകള്‍ അമേരിക്ക പിന്‍വലിച്ചതിനുള്ള പ്രതികാര നടപടിയെന്നോണം ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ ഭീഷണി വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ആഴ്ചകളുടെ ഇടവേളയില്‍ രണ്ട് ആക്രമണങ്ങളുണ്ടാകുന്നത്.

അമേരിക്ക,ചൈന,ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ഉപഭോഗ രാഷ്ട്രമാണ് ജപ്പാന്‍. രാജ്യത്തിന് ആവശ്യമായ എണ്ണ, ക്രൂഡ് എന്നിവയുടെ 80 ശതമാനത്തിനും ജപ്പാന്‍ ആശ്രയിക്കുന്നത് പശ്ചിമേഷ്യയെ ആണ്. 2011ലെ ഫുകുഷിമ ആണവ ദുരന്തത്തിന് ശേഷം ആണവോര്‍ജ ഉല്‍പ്പാദനം വളരെയധികം ചുരുക്കിയ ജപ്പാന്‍ പ്രകൃതിവാതകം, ക്രൂഡ് ഓയില്‍, ഇന്ധനം, കല്‍ക്കരി എന്നിവയുടെ ഇറക്കുമതി പതിന്മടങ്ങ് വര്‍ധിപ്പിച്ചു.

അമേരിക്കയോടുള്ള പ്രതിപത്തി കാരണം ഇറാനില്‍ നിന്നും ഇനി മുതല്‍ എണ്ണ ഇറക്കുമതി ചെയ്യില്ല എന്നാണ് ജപ്പാന്‍ പറയുന്നത്. തങ്ങള്‍ക്ക് വിലക്ക് ഉണ്ടാകാതിരിക്കാന്‍ അമേരിക്കയുടെ ഉപരോധം അനുസരിക്കുകയാണെന്ന് ജപ്പാന്‍ അധികൃതരും വ്യക്തമാക്കുന്നു. എന്നിരുന്നാലും ഹോര്‍മൂസ് കടലിടുക്ക് വഴി ഇപ്പോഴും പശ്ചിമേഷ്യയിലുള്ള മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും ജപ്പാന്‍ എണ്ണ കൊണ്ടുവരുന്നുണ്ട്.

ലോകത്തിലെ അഞ്ചാമത്തെ വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമായ ദക്ഷിണ കൊറിയയും അവര്‍ക്ക് വേണ്ടുന്ന എണ്ണവിതരണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളെയാണ്. അവിടങ്ങളില്‍ നിന്നുള്ള എണ്ണ രാജ്യത്തെത്തിക്കാന്‍ ഹോര്‍മൂസ് കടലിടുക്കിനെയും. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനായി അനുവദിക്കപ്പെട്ട ഇളവുകള്‍ അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ ദക്ഷിണകൊറിയ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുകയും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഇറാന്‍ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈന, ഊര്‍ജവിതരണത്തിന്റെ അഭാവത്തില്‍ തങ്ങളുടെ വളര്‍ച്ചാ മാതൃക തകര്‍ന്നേക്കുമെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിതരണം വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്. ഏഷ്യയുടെ ദക്ഷിണ കിഴക്കന്‍ മേഖലകളാണ് ചൈന എണ്ണവിതരണത്തിനായി ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് ആഫ്രിക്കയിലെ എണ്ണയുല്‍പ്പാദക രാഷ്ട്രങ്ങളെ.

ഭൂമിശാസ്ത്രവും രാഷ്ട്രീയവും

ഏഷ്യയെയും പശ്ചിമേഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് എണ്ണയിടപാട്. ഇവര്‍ക്കിടയിലുള്ള എണ്ണനീക്കത്തിന്റെ വലിയൊരു പങ്കും സമുദ്ര ഗതാഗതത്തെ ചുറ്റിപ്പറ്റിയാണ്. ഹോര്‍മൂസ് കടലിടുക്കാണ് ഈ ജലപാതയില്‍ പ്രധാനം.

ഏപ്രിലിലാണ് ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മാത്രമല്ല ലോകശക്തികളുമായി ചേര്‍ന്നുള്ള 2015ലെ ആണവ കരാറില്‍ നിന്നും പിന്മാറുമെന്നും, അതില്‍പ്പറയുന്ന വ്യവസ്ഥകള്‍ ലംഘിക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. കരാര്‍ നിലവില്‍ വരുന്നതിന് മുമ്പ് ഇറാനെ പ്രതിസന്ധി തീര്‍ത്തിരുന്ന ഉപരോധം പിന്‍വലിക്കുന്നതിന് പകരമായി ടെഹ്‌റാന്റെ യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്താന്‍ കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. കരാറില്‍ നിന്നും കഴിഞ്ഞ വര്‍ഷം തന്നെ പിന്മാറിയ അമേരിക്ക ഇറാന് മേല്‍ ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തിലാണ് തങ്ങളും കരാറില്‍ നിന്നും പിന്മാറുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തുന്നത്.

ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം സാമ്പത്തിക താളം തെറ്റിച്ചേക്കുമെന്ന ആശങ്കയ്‌ക്കൊപ്പം തീവ്രമായ രാഷ്ട്രീയ പ്രതിസന്ധികളും ജപ്പാനും ദക്ഷിണ കൊറിയയും നേരിടുന്നുണ്ട്. പ്രധാന വ്യാപാര, സൈനിക പങ്കാളിയായ അമേരിക്കയുമായുള്ള ബന്ധം ഇരു രാഷ്ട്രങ്ങള്‍ക്കും നട്ടുനനച്ചേ മതിയാകൂ. അതേസമയം തങ്ങളുടെ സമ്പദ് വ്യവസ്ഥ സജീവമായി നിലനില്‍ക്കുകയും വേണം. ഇറാനും അമേരിക്കയും തമ്മില്‍ സന്ധിയുണ്ടാകുക എന്നതാണ് അതിനുള്ള ഏകമാര്‍ഗം. ഇതിനൊരു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജപ്പാന്റെ യാഥാസ്ഥിതികനായ പ്രധാനമന്ത്രി ഷിന്‍സോ ആബേ കഴിഞ്ഞ ദിവസം ടെഹ്‌റാനില്‍ എത്തിയത്. എന്നാല്‍ ഇറാന്‍-അമേരിക്ക വിദ്വേഷം ശമിപ്പിക്കുന്നതില്‍ ആബേയ്ക്കുള്ള പരിമിതികള്‍ ബോധ്യപ്പെടുത്തുന്നതായിരുന്നു ആബേ ടെഹ്‌റാനില്‍ എത്തിയപ്പോള്‍ നടന്ന എണ്ണകപ്പല്‍ ആക്രമണവും തനിക്ക് ട്രംപിനോട് ഒന്നും പറയാനില്ലെന്ന് ആബേയോട് പറഞ്ഞ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ നിലപാടും.

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ജപ്പാന്‍ പത്രങ്ങളിലെ ഒന്നാംപേജ് വാര്‍ത്തയായിരുന്നു എണ്ണക്കപ്പല്‍ ആക്രമണം. സ്‌ഫോടകവസ്തുക്കള്‍ ഹോര്‍മൂസ് കടലിടുക്കിലായിരുന്നു സ്ഥാപിച്ചിരുന്നതെങ്കില്‍ എണ്ണ വ്യാപാരം തന്നെ തകരുമായിരുന്നെന്ന് ജപ്പാനിലെ പ്രധാന ബിസിനസ് പത്രമായ നിക്കീ ദിനപത്രം അന്ന് റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്റെ ജീവനോപാധിയെന്നാണ് ടോക്യോ ഷിംബുണ്‍ പത്രം ഹോര്‍മൂസിനെ വിശേഷിപ്പിച്ചത്. ആക്രമണം എണ്ണ വിതരണത്തിലെ സന്തുലിതാവസ്ഥയെ ബാധിക്കില്ലെന്ന് ജപ്പാനും അവിടുത്തെ വ്യവസായ മന്ത്രിയുമൊക്കെ പറയുന്നുണ്ടെങ്കിലും എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം ജപ്പാനിലെ ജനജീവിതത്തെ ബാധിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് ടോക്യോ ഷിംബുണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമേഷ്യയുടെ അസ്ഥിരതാവസ്ഥയില്‍ ആശങ്ക പൂണ്ട ദക്ഷിണ കൊറിയ 1970കളിലും 1980കളിലും നേരിട്ട ഊര്‍ജക്ഷാമത്തെ തുടര്‍ന്ന് തങ്ങളുടെ ഊര്‍ജ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിച്ചിരുന്നു.

ഭാവിയിലിനിയെന്ത്?

ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്‍ ഭീഷണി നടപ്പിലാകാനുള്ള സാധ്യത വളരെ കുറവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭീഷണി ഇറാന്‍ നടപ്പിലാക്കിയാല്‍ ചൈനയിലേക്കുള്ള ഇറാന്റെ കയറ്റുമതിയും തടസ്സപ്പെടുമെന്നതാണ് അതിനുള്ള ഒരു കാരണം. ചൈനയിലേക്ക് എണ്ണയും വാതകവും കൊണ്ടുപോകുന്നതിനുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ റഷ്യയുമായി ചേര്‍ന്ന് ഇറാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഇത് പ്രാരംഭ ദിശയിലാണ്.

ജപ്പാനെ സംബന്ധിച്ചിടുത്തോളം ഹോര്‍മൂസ് കടലിടുക്കിലുണ്ടായ ആക്രമണം ടോക്യോയുടെ എണ്ണവിതരണത്തിന് നിലവില്‍ വലിയൊരു ഭീഷണിയല്ലെന്ന് എസ് ആന്‍ഡ് പി ഗ്ലോബലിലെ ഭൂമിശാസ്ത്ര ഉപദേഷ്ടാവ് പോള്‍ ഷെന്‍ഡന്‍ പറയുന്നു. ജപ്പാന് ഇപ്പോഴും അത് വലിയൊരു പ്രതിസന്ധിയല്ല എന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വലിയൊരു െൈസനിക ഏറ്റുമുട്ടല്‍ നടക്കാത്തിടത്തോളം കാലം ഹോര്‍മൂസ് കടലിടുക്കിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലം എണ്ണവിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളെ നേരിടാന്‍ ദക്ഷിണ കൊറിയയ്ക്ക് സാധിക്കുമെന്ന് സിയോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിവൂം സെക്യൂരിറ്റീസിലെ അനലിസ്റ്റായ സിയോ സാംഗ് യങ് പറയുന്നു. വ്യോമയാന, കെമിക്കല്‍, ഷിപ്പിംഗ് വ്യവസായങ്ങളെ എണ്ണവില വര്‍ധനവ് ബാധിച്ചേക്കുമെങ്കിലും പെട്രോള്‍ പോലുള്ള എണ്ണ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന റിഫൈനറി അടക്കമുള്ള ഊര്‍ജ ബിസിനസുകള്‍ക്ക് വിലവര്‍ധനവ് അനുഗ്രഹമാകുമെന്നും സിയോ പറഞ്ഞു. മാത്രമല്ല എണ്ണവില കൂടുമ്പോള്‍ എല്‍എന്‍ജി(ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്)യ്ക്കുള്ള ആവശ്യകത വര്‍ധിക്കുമെന്നും അത്തരം ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള വലിയ ടാങ്കറുകള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നത് കപ്പല്‍ നിര്‍മാണ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും സിയോ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Arabia

Related Articles