കൗമാരക്കാരിലെ പ്ലാസ്റ്റിക്ക് സര്‍ജറി സുരക്ഷിതമാക്കാന്‍

കൗമാരക്കാരിലെ പ്ലാസ്റ്റിക്ക് സര്‍ജറി സുരക്ഷിതമാക്കാന്‍

ഇന്ന് മുഖസൗന്ദര്യത്തിന് പ്ലാസ്റ്റിക്ക് സര്‍ജറിയെ ആശ്രയിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്, ഒപ്പം രക്ഷിതാക്കളുടെ ആശങ്കകളും

മുച്ചുണ്ട് മുതല്‍ മൂക്കിനു നീളം കൂട്ടാന്‍ വരെ, മുഖത്തെ അനാവശ്യ രോമങ്ങളും കലകളും പാടുകളും ഇല്ലാതാക്കാന്‍… എന്നിങ്ങനെ കോസ്‌മെറ്റിക് സര്‍ജറിക്കു വിധേയരാകുന്ന യുവാക്കളുടെ എണ്ണം കൂടി വരുകയാണ്. സെല്‍ഫികളുടെ കാലത്ത് ചെറിയ ന്യൂനതകള്‍ പോലും കുമാരീ-കുമാരന്മാര്‍ക്ക് വലിയ അപകര്‍ഷതയ്ക്കിടയാക്കുന്നു. അവഗണിക്കാവുന്ന പാടുകള്‍ പോലും ഇങ്ങനെ കരിച്ചു കളയുന്നത് പക്ഷേ മാതാപിതാക്കള്‍ ആശങ്കയോടെയാണു കാണാറുള്ളത്. എങ്കിലും അംഗവൈകല്യമാകാന്‍ പോന്ന ചില കാര്യങ്ങളില്‍ കൃത്യ സമയത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്തിയാല്‍ ഭാവിയില്‍ അവര്‍ അനുഭവിക്കേണ്ടി വരുന്ന സ്ഥിരം പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിവാകാമെന്ന കാര്യവും കാണാതിരുന്നു കൂടാ. കൗമാരക്കാരില്‍ പ്ലാസ്റ്റിക് സര്‍ജറി യഥാര്‍ത്ഥത്തില്‍ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്നത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ശരീരസൗന്ദര്യത്തോടുള്ള കൗമാരക്കാരുടെ സമീപനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായി പഠനങ്ങള്‍ കാണിക്കുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണല്‍ ഓഫ് എത്തിക്‌സ് 2005 റിപ്പോര്‍ട്ട് പ്രകാരം കോസ്‌മെറ്റിക് സര്‍ജറിയിലൂടെയും അല്ലാതെയുമുള്ള സൗന്ദര്യവല്‍ക്കരണം മൂലം ഇവരിലെ ആത്മവിശ്വാസം മെച്ചപ്പെടുന്നു എന്നാണ്. 2017 ല്‍ 13 നും 19 നും ഇടയില്‍ പ്രായമുള്ള 229,000 ല്‍ അധികം കൗമാരക്കാര്‍ക്കിടയില്‍ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ധാരാളം കുടുംബങ്ങള്‍ക്ക് ശസ്ത്രക്രിയ കൂടുതല്‍ പ്രായോഗികമായ ഒരു ഓപ്ഷനായി മാറിയതായി വ്യക്തമായിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ യുവാക്കള്‍ക്കിടയിലുണ്ടായ ബോഡിഷേമിംഗും സൈബര്‍ ബുള്ളിയിംഗും പ്ലാസ്റ്റിക് സര്‍ജറിയെ കൗമാരക്കാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാക്കി. കൗമാരക്കാര്‍ വളരെയധികം സെല്‍ഫികള്‍ എടുക്കുന്നുവെന്നതും പ്ലാസ്റ്റിക് സര്‍ജറിക്ക് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കി.

പ്ലാസ്റ്റിക് സര്‍ജറി പലതരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മിക്ക പ്രൊഫഷണലുകളും പറയുന്നു. പ്ലാസ്റ്റിക് സര്‍ജറിയില്‍ ജനനമുദ്രകള്‍, മുച്ചുണ്ട്, ശ്രവണവൈകല്യങ്ങള്‍, പൊള്ളലേറ്റതോ മൃഗങ്ങളുടെ കടിയേറ്റതോ പോലുള്ള പാടുകള്‍ പോലുള്ള തകരാറുകള്‍ പരിഹരിക്കുന്നതിന് ശരീരഭാഗത്തിന്റെ പുനര്‍നിര്‍മ്മാണം വേണ്ടി വരും. സൗന്ദര്യവര്‍ദ്ധക നടപടിക്രമങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു വ്യക്തിക്ക് അവരുടെ ശരീരത്തിലും രൂപത്തിലും കൂടുതല്‍ സംതൃപ്തി തോന്നിക്കുന്നതിന് കോസ്‌മെറ്റിക് ശസ്ത്രക്രിയ ഉപയോഗപ്പെടുത്തുന്നു. സ്തനവലുപ്പം കൂട്ടുക, വയര്‍കുറയ്ക്കല്‍, മൂക്കിന്റെ ആകൃതിമാറ്റം തുടങ്ങിയ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളാണ് കോസ്‌മെറ്റിക് സര്‍ജറിയില്‍ കൂടുതലായി ചെയ്യപ്പെടുന്നത്. കൂടുതലും ചര്‍മ്മം മാറ്റിവെക്കലിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

ഇതില്‍ ഏതൊക്കെയാണ് സ്വീകരിക്കേണ്ടതെന്നു ചോദിച്ചാല്‍ ശരീരവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാത്ത ഏത് പ്ലാസ്റ്റിക്ക് സര്‍ജറിയും സുരക്ഷിതമാണെന്ന് കണക്കാക്കാമെന്നാണ് വിദഗ്ധമതം. മൂക്ക് ശസ്ത്രക്രിയ, ചെവി തുളയ്ക്കല്‍, മാറിട വലുപ്പം കുറയ്ക്കല്‍, മുഖക്കുരു, ചര്‍മ്മസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്ലാസ്റ്റിക്ക് സര്‍ജറിയെ ആശ്രയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രായപൂര്‍ത്തിയായവരുടെ സൗന്ദര്യവര്‍ദ്ധക നടപടികള്‍ ബഹുഭൂരിപക്ഷം വരുന്ന കുട്ടികള്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമല്ല. ഇവയുടെ കുഴപ്പങ്ങള്‍, പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പാളിപ്പോകാനുള്ള സാഹചര്യങ്ങള്‍ എന്നിവ പരിഗണിക്കേണ്ടതുണ്ട്. കൗമാരപ്രായക്കാരുടെ തരം പരിഗണിച്ച് വേണം വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതെന്ന് അമേരിക്കന്‍ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സര്‍ജന്‍സ് സമ്മതിക്കുന്നു.

മക്കള്‍ പ്ലാസ്റ്റിക് സര്‍ജറി ആവശ്യപ്പെട്ടു സമീപിച്ചാല്‍ മാതാപിതാക്കള്‍ പ്രതികരിക്കേണ്ടതെങ്ങനെയാണ്. കുട്ടിയുടെ ആശങ്കകള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത് പ്രധാനമാണ്. ഒരു കൗമാരക്കാരന്റൈ ആവശ്യം മാതാപിതാക്കള്‍ നിഷേധിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഒരു അവസരം നഷ്ടപ്പെടുത്തുകയാണവര്‍. അവര്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് അര്‍ത്ഥപൂര്‍ണ്ണമായ ഒരു സംഭാഷണത്തിലൂടെ മനസിലാക്കിയെടുക്കാനാണു മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. അവരുടെ ആത്മവിശ്വാസത്തെ ഹനിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ക്കു ചുമതലയുണ്ട്. പലപ്പോഴും ശരീരസൗന്ദര്യത്തെപ്പറ്റിയും അവയവങ്ങളെപ്പറ്റിയും മിഥ്യാധാരണകളായിരിക്കും കുട്ടികള്‍ക്ക് ഉണ്ടാകുക.ഇത് അവരെ മനസിലാക്കിക്കാന്‍ മനശാസ്ത്രപരമായ തന്ത്രങ്ങളാണ് അവലംബിക്കേണ്ടത്. 20 വയസാകും വരെ മസ്തിഷ്‌ക വളര്‍ച്ച പൂര്‍ണമാകില്ല. ഒരു വ്യക്തിക്ക് തന്റെ ശാരീരിക രൂപത്തെ മാറ്റിമറിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കേണ്ടതുണ്ട്. പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ എന്താണെന്നും പ്രത്യാഘാതങ്ങള്‍ എന്താണെന്നും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്.

ശസ്ത്രക്രിയയുടെ അപകടത്തെക്കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ സഹായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പ്ലാസ്റ്റിക്ക് സര്‍ജറി ഒരുപാട് വേദനയും അസ്വസ്ഥതയും ഉണ്ടാക്കും.

കോസ്‌മെറ്റിക് ശസ്ത്രക്രിയയും ചെലവേറിയതാണ്, ഇതിന് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടാനും പ്രയാസമാണ്. ടിവിയില്‍ കാണുന്നതു പോലെ മനോഹരമാണതെന്ന് വിശ്വസിക്കരുത്. ഭാവിയില്‍ പ്രയോജനപ്രദമാണോ എന്നതു നോക്കിയാകണം ചികില്‍സ സ്വീകരിക്കേണ്ടത്. പ്ലാസ്റ്റിക്ക് സര്‍ജറിക്കെത്തുന്നവരെ പ്രായഭേദമെന്യേ സ്‌ക്രീനിംഗിനു വിധേയരാക്കിയ ശേഷമേ ചികില്‍സ തുടങ്ങാവൂ. സര്‍വ്വോപരി ശസ്ത്രക്രിയയുടെ ഗുണദോഷങ്ങളെക്കുറിച്ച് കുട്ടികളെ വ്യക്തമായി ബോധിപ്പിച്ചിരിക്കണം

Comments

comments

Categories: Health