2024 ല്‍ എല്ലാ വീടുകളിലും പൈപ്പുവെള്ളമെത്തും

2024 ല്‍ എല്ലാ വീടുകളിലും പൈപ്പുവെള്ളമെത്തും

രാജ്യം കടന്നു പോകുന്നത് അതീവ ഗുരുതരമായ ജലക്ഷാമത്തിലൂടെയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 2024 ല്‍ രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പുകളിലൂടെ വെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ഏറ്റവും ദുഷ്‌കരമായ ദൗത്യങ്ങളിലൊന്നിനെ കുറിച്ച് വെളിപ്പെടുത്തിയത്. കുടിവെള്ള പ്രശ്‌നത്തിന് രാജ്യം മുന്‍ഗണന കൊടുക്കണമെന്നും ഇതിന് പരിഹാരം കാണാന്‍ മതിയായ ഇടപെടല്‍ നടത്തണമെന്നും പ്രധാനമന്ത്രി നിതി ആയോഗ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. ‘കുടിവെള്ള സംഭരണ പരിപാടികളുടെ അഭാവത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് രാജ്യത്തെ പാവപ്പെട്ടവരാണ്,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളും തെക്കന്‍ സംസ്ഥാനങ്ങളും ഈ വര്‍ഷം അതിരൂക്ഷമായ ജലക്ഷാമത്തിലൂടെ കടന്നുപോയ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് കേന്ദ്രം ശാശ്വത പരിഹാരം തേടുന്നത്. വിവിധ മന്ത്രാലയങ്ങളിലായി ചിതറിക്കിടന്നിരുന്ന, വെള്ളവുമായി ബന്ധപ്പെട്ട വകുപ്പുകളെ ഒരുമിപ്പിച്ച് ജലശക്തി മന്ത്രാലയത്തിന് രണ്ടാം വരവില്‍ മോദി സര്‍ക്കാര്‍ രൂപം കൊടുത്തത് ഇതിന്റെ ഭാഗമായാണ്. കുടിവെള്ള സംഭരണം മുതല്‍ നദീ ശുചീകരണം വരെയുള്ള വകുപ്പുകളാണ് മന്ത്രാലയത്തിന് കീഴില്‍ ഒരുമിപ്പിച്ചിരിക്കുന്നത്.

2018 മണ്‍സൂണ്‍ കാലത്ത് ശരാശരിയിലും താഴെ മഴയാണ് ഈ സംസ്ഥാനങ്ങളിലും രാജ്യത്ത് പൊതുവെയും ലഭിച്ചത്. ഇത് വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ള ദൗര്‍ലഭ്യം രൂക്ഷമാക്കിയതിനൊപ്പം കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കും കാരണമായിരുന്നു. നദിസംയോജനമടക്കമുള്ള വമ്പന്‍ പദ്ധതികളുമായി മുന്നോട്ടു പോകാനാണ് ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 2030 ല്‍ ഇന്ത്യയുടെ ജല ആവശ്യകത, ലഭ്യതയുടെ ഇരട്ടിയോളം വര്‍ധിക്കുമെന്ന് നിതി ആയോഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജിഡിപിയുടെ ആറ് ശതമാനം ജലത്തിനു വേണ്ടി ചെലവഴിക്കേണ്ടി വരുമെന്നുമാണ് നിതി ആയോഗ് പ്രവചിച്ചിരിക്കുന്നത്.

ദുരന്തമുഖം

ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം മൂലം പ്രതിവര്‍ഷം രാജ്യത്ത് ശരാശരി മരണമടയുന്നത് 2,00,000 ഇന്ത്യക്കാരാണ്. രാജ്യത്തെ 60 കോടി ജനങ്ങള്‍ അതീവ ഗുരുതരമായ കുടിവെള്ള പ്രതിസന്ധി നേരിടുന്നെന്ന് നിതി ആയോഗ് കഴിഞ്ഞ വര്‍ഷം തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ദശാബ്ദത്തിലെ ശരാശരിയുടെ 21 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. ബംഗളൂരുവടക്കം രാജ്യത്തെ 21 നഗരങ്ങളില്‍ അടുത്ത വര്‍ഷത്തോടെ ഭൂഗര്‍ഭ ജലം ലഭ്യമല്ലാതാകും. രാജ്യത്തെ 54 ശതമാനം കുഴല്‍ കിണറുകളും വറ്റിപ്പോകുമെന്നും നിതി ആയോഗിന്റെ പഠന റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു.

Comments

comments

Categories: Current Affairs