പുതുവഴികള്‍ തേടി യാത്രയ്‌ക്കൊരുങ്ങാം

പുതുവഴികള്‍ തേടി യാത്രയ്‌ക്കൊരുങ്ങാം

പുതിയ കാലത്തിനിണങ്ങിയ സ്വതന്ത്ര യാത്രാനുഭവം ഒരുക്കുന്ന ഓണ്‍ലൈന്‍ യാത്രാ സംരംഭമാണ് പിക്ക്‌യുവര്‍ട്രാവല്‍. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി മുന്‍ യാത്രാവിവരണങ്ങള്‍ ആസ്പദമാക്കി യാത്രയുടെ റൂട്ട്, ദൈര്‍ഘ്യം, റേറ്റിംഗ് എന്നിവയിലൂടെ ഒരു സെല്‍ഫ്-സര്‍വീസ് യാത്രയ്ക്ക് ഒരുങ്ങാന്‍ സഹായിക്കുന്നു

യാത്രാ സംരംഭങ്ങള്‍ മുക്കിലും മൂലയിലും പടര്‍ന്നു പന്തലിക്കുന്ന കാലമാണിത്. ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന വേറിട്ട ആശയങ്ങളിലൂടെ മാത്രമേ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാകൂ. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘പിക്ക്‌യുവര്‍ട്രയല്‍’ എന്ന ഓണ്‍ലൈന്‍ യാത്രാ സംരംഭം സാങ്കേതികവിദ്യയിലും ആശയമികവിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നു എന്നതിലുപരി യാത്രക്കാര്‍ക്ക് അവരുടെ യാത്ര കസ്റ്റമൈസ് ചെയ്യാനുള്ള അവസരം കൊടുക്കുന്നതിനാലാണ് കൂടുതല്‍ ശ്രദ്ധേയമാകുന്നത്. യാത്ര ഏത് റൂട്ടില്‍ എങ്ങനെ വേണമെന്ന് യാത്രക്കാര്‍ക്ക് തന്നെ തീരുമാനിക്കാം. ഈ യാത്രയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കി 100 ശതമാനം യാത്രാ സംതൃപ്തി നല്‍കുന്നതിനാണ് സംരംഭം മുന്‍തൂക്കം നല്‍കി വരുന്നത്.

യാത്രക്കാര്‍ക്ക് പലപ്പോഴും യാത്രയെ കുറിച്ച് നിരവധി ആശങ്കകളുണ്ടാകും. ഫ്‌ളൈറ്റ് ബുക്കിംഗ് അഥവാ ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതു മുതലുള്ള ഇത്തരം ആശങ്കകള്‍ മാറ്റുന്നതിന് വിദഗ്ധ ഉപദേശം നല്‍കുകയും അതിനോടൊപ്പം മികച്ച ടെക്‌നോളജി പ്ലാറ്റ്‌ഫോം ഒരുക്കുകയുമാണ് സംരംഭം. ഈ സംരംഭത്തിലൂടെ ആളുകള്‍ക്ക് അവരുടെ യാത്ര സ്വയം തീരുമാനിക്കുകയോ, മികച്ച ഓഫറുകള്‍ ലഭിക്കുന്ന പാക്കേജുകള്‍ ട്രാവല്‍ ഏജന്റ് വഴി തെരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്. കമ്പനിക്ക് നേരിട്ട് ഹോട്ടലുമായോ വിതരണക്കാരുമായോ യാതൊരു ബന്ധവുമില്ല. കമ്പനി പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തിയിരിക്കുന്ന മുന്‍ യാത്രാവിവരണങ്ങള്‍ ആസ്പദമാക്കി യാത്രയുടെ റൂട്ട്, ദൈര്‍ഘ്യം, റേറ്റിംഗ് എന്നിവയിലൂടെ ഒരു സെല്‍ഫ്-സര്‍വീസ് യാത്രയ്ക്ക് ഒരുങ്ങാന്‍ ആളുകളെ സഹായിക്കുകയാണ് ഈ സംരംഭം. പുതിയ കാലത്തിനിണങ്ങിയ സ്വതന്ത്രമായ യാത്രാനുഭവം ലഭിക്കാന്‍ ഇതുവഴി കഴിയും.

വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം ബിസിനസിലേക്കും

2014 ലാണ് പിക്ക്‌യുവര്‍ട്രയല്‍ സ്റ്റാര്‍ട്ടപ്പിന്റെ തുടക്കം. കോളെജ് സഹപാഠികളായ ഹരി ഗണപതി, ശ്രീനാഥ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട സംരംഭം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഓണ്‍ലൈന്‍ യാത്രാ സംരംഭ രംഗത്ത് ലാഭം കൊയ്യുന്ന ബിസിനസായി മാറുകയായിരുന്നു. നിരവധി മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി ചെയ്ത പരിചയം ബിസിനസ് മേഖലയില്‍ അവര്‍ക്ക് മുതല്‍ക്കൂട്ടായി. സ്ഥിരം റൂട്ടുകള്‍ ഉപയോഗിക്കുന്നത് യാത്രക്കാരെ ബോറടിക്കുന്നു എന്ന ചിന്തയില്‍ നിന്നും പുതിയ റൂട്ടുകള്‍ കണ്ടെത്തി നല്‍കുക എന്ന ആശയം യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിച്ചു. എന്നാല്‍ യാത്രാബുക്കിംഗ് സഹായം കൂടി ടെക്‌നോളജി പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് സംരംഭം ക്ലിക്കായതെന്ന് സ്ഥാപകര്‍ പറയുന്നു. ഏകദേശം 2 ലക്ഷത്തോളം രൂപ പ്രാരംഭ നിക്ഷേപമിട്ടു തുടങ്ങിയ സംരംഭത്തിന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലധികം സൈന്‍-അപ്പ് ലഭിച്ചത് നേട്ടമായി.

ഒരു അന്തര്‍ദേശീയ യാത്ര പത്ത് മിനിട്ടില്‍ ബുക്ക് ചെയ്യാനാവുന്ന എല്ലാ സജ്ജീകരണങ്ങളും യാത്രക്കാരന് എളുപ്പത്തിലും സൗകര്യപ്രദമായും നല്‍കുന്ന പ്ലാറ്റ്‌ഫോമാണിത്. യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ഫീഡ്ബാക്കിലൂടെ പുതിയ റൂട്ടുകള്‍ നിര്‍മിച്ച് യാത്ര എളുപ്പമാക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയും മികച്ച ടെക് ടീമുമാണ് സംരംഭത്തിന്റെ വിജയശില്‍പ്പികള്‍. സാങ്കേതികതവിദ്യയില്‍ യാതൊരുവിധ പരിചയവുമില്ലാതെ സാങ്കേതികവിദ്യയിലൂന്നിയ സംരംഭത്തിലേക്കെത്തിയ രണ്ടുപേരാണ് ഇതിന്റെ സാരഥികള്‍ എന്നതും എടുത്തുപറയേണ്ടതുതന്നെ.

വരുമാനത്തില്‍ ഇരട്ടി വര്‍ധനവ്

യാത്രാസംരംഭ രംഗത്ത് ആഗോള കിടമല്‍സരം നടക്കുമ്പോള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച ലാഭം നേടാന്‍ കഴിഞ്ഞതാണ് പിക്ക്‌യുവര്‍ട്രയലിനെ ഹിറ്റ്‌ലിസ്റ്റിലേക്ക് എത്തിച്ചത്. സംരംഭം തുടങ്ങി രണ്ടുവര്‍ഷത്തിനകം 14 രാജ്യങ്ങളിലായി 1500 യാത്രക്കാരിലേക്കെത്തെിയ കമ്പനിയില്‍ ഇന്ന് യാത്രക്കാരുടെ എണ്ണം 10,000 കടന്നിരിക്കുന്നു. കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കിടയില്‍ പിക്ക്‌യുവര്‍ട്രയല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 115 ശതമാനം വര്‍ധനവുള്ളതായാണ് റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ വരുമാനം ഇരട്ടിച്ചതായും സ്ഥാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ആദ്യപകുതിയോടെ സംരംഭത്തിന്റെ പ്ലാറ്റ്‌ഫോമിലെ യാത്രാവിവരണ കുറിപ്പുകള്‍ മൂന്നുലക്ഷം കടന്നു. ഈ വര്‍ഷം അവസാനത്തോടെ ഇത് ഒരു മില്യണിലെത്തുമെന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി പിന്നീട് ചെന്നൈയിലേക്ക് മാറ്റി സ്ഥാപിച്ചത് കൂടുതല്‍ നേട്ടത്തിന് വഴിവെച്ചു. സംരംഭകര്‍ക്ക് ചെന്നൈയില്‍ നെറ്റ്‌വര്‍ക്ക് കൂടുതല്‍ ശക്തമായതാണ് ഇതിനു കാരണം.

ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധേയമാകുകയാണ് കമ്പനിയുടെ അടുത്ത പദ്ധതി. ഈ വര്‍ഷമാദ്യം സീരീസ് എ ഫണ്ടിംഗില്‍ പിക്ക്‌യുവര്‍ട്രയല്‍ 21 കോടി രൂപ നിക്ഷേപം നേടിയിരുന്നു. കൂടുതല്‍ ഇന്നൊവേഷനും സാങ്കേതികവിദ്യയും ആവിഷ്‌കരിക്കാനും പ്ലാറ്റ്‌ഫോമില്‍ ആവിഷ്‌കരിക്കാനും ടെക് ടീമിന്റെ വിപുലീകരണത്തിനും നിക്ഷേപത്തുക വിനിയോഗിക്കും.

Comments

comments

Categories: FK Special