ഓര്‍മ്മശക്തി കൂട്ടാന്‍ ഒറ്റമൂലികളില്ല

ഓര്‍മ്മശക്തി കൂട്ടാന്‍ ഒറ്റമൂലികളില്ല

മസ്തിഷ്‌കാരോഗ്യം വര്‍ധിപ്പിക്കുമെന്ന അവകാശവാദത്തോടെ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ അനാവശ്യം

ബുദ്ധിക്കും ഓര്‍മ്മശക്തിക്കും ഗുണകരമെന്ന് അവകാശപ്പെട്ട് ലേഹ്യങ്ങള്‍ അടക്കമുള്ള നിരവധി ഭക്ഷ്യ സപ്ലിമെന്റുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. 50 വയസിനു മുകളിലുള്ളവര്‍ മസ്തിഷ്‌കാരോഗ്യത്തിനായി സപ്ലിമെന്റുകള്‍ എടുക്കുന്ന പ്രവണതയുമുണ്ട്. എന്നാല്‍ ഈ ആഹാര സാധനങ്ങള്‍ തികച്ചും ഉപയോഗരഹിതവും അനാവശ്യവുമാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഗ്ലോബല്‍ കൗണ്‍സില്‍ ഓണ്‍ ബ്രെയിന്‍ ഹെല്‍ത്ത് (ജിസിഎച്ച്എച്ച്) ക്രോഡീകരിച്ച പഠനങ്ങളില്‍, ഇത്തരം ഭക്ഷ്യസപ്ലിമെന്റുകള്‍ക്ക് പ്രായമാകുന്തോറും ഒരാളുടെ തിരിച്ചറിയല്‍ ശേഷിയെയും ഓര്‍മ്മശക്തിയെയും സ്വാധീനിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തി. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങളാണ് ജിസിഎച്ച്എച്ച് അടിസ്ഥാനമാക്കിയത്. പലപ്പോഴും ജനങ്ങള്‍ തങ്ങളുടെ താല്‍ക്കാലികസംതൃപ്തിക്കു വേണ്ടിയാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത്. പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന അനുമാനത്തിലാണ് ആളുകള്‍ പലപ്പോഴും അവ ഉപയോഗിക്കുന്നത്. എന്നാല്‍, ഇത്തരം ഭക്ഷണങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളും മറ്റു മരുന്നുകളുമായുള്ള പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടാകാം.

2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഓര്‍മ്മശക്തി ഉയര്‍ത്തുമെന്ന് അവകാശപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പന ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2016 ല്‍ മസ്തിഷ്‌കാരോഗ്യ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവ് മൂന്നു ബില്ല്യന്‍ ഡോളര്‍ ആയിരുന്നു. 2023 ഓടെ ഇത് 5.8 ബില്യണ്‍ ഡോളറായി ഉയരും. പ്രായമാകുന്തോറും നിലനിര്‍ത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. പരസ്യം കണ്ട് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതു ശീലമാക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. ഓര്‍മ്മ നഷ്ടപ്പെടാനിടയുണ്ടെന്ന ഭയവും നിരാശയും അവരില്‍ വളരുകയും ഓര്‍മ്മക്കുറവ് തടയാനുള്ള ഫലപ്രദമാവുന്ന മരുന്നുകളുടെ അഭാവവും അവരില്‍ ആശങ്ക കൂട്ടുന്നു. ഇത്തരം ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കള്‍ ഈ തളര്‍ച്ചയെക്കുറിച്ച് ബോധവാന്മാരാണ്. അവര്‍ ആളുകളുടെ താല്‍ക്കാലിക താല്‍പര്യം മുതലെടുത്ത് ഫുഡ് സപ്ലിമെന്റുകള്‍ വിപണനം ചെയ്യുന്നു. പലപ്പോഴും അവയുടെ ഗുണനിലവാരം പോലും പരിശോധിക്കപ്പെടാറില്ല. ഇത്തരം ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്നതാണു സത്യം.

അമേരിക്കയില്‍, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) സപ്ലിമെന്റുകളെ നിയന്ത്രിക്കുന്നില്ല. മരുന്നു പോലെയാണ് ഇവ ഉപയോഗിക്കുന്നതെങ്കിലും അവ വിപണിയിലെത്തുമ്പോഴുള്ള ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുന്നില്ല. ഇവയ്ക്ക് എഫ്ഡിഎയില്‍ അനുമതി ലഭിക്കാതെ കമ്പനികള്‍ക്ക് പുതിയ ഫുഡ് സപ്ലിമെന്റുകള്‍ വിപണിയില്‍ അവതരിപ്പിക്കാനാകും. എഫ്ഡിഎ യാതൊരു തരത്തിലും ഇത്തരം ഫുഡ് സപ്ലിമെന്റുകളെ അംഗീകരിക്കുന്നില്ല. മരുന്നുകളെപ്പോലല്ല ഈ ഉല്‍പ്പന്നങ്ങള്‍. ഇവ ഒരിക്കലും രോഗങ്ങള്‍ ചികില്‍സിക്കുന്നതിനോ രോഗനിര്‍ണയം നടത്തുന്നതിനോ തടയുന്നതിനോ ഉദ്ദേശിച്ചുള്ളവയല്ലെന്ന് എഫ്ഡിഎ വക്താവ് പറഞ്ഞു. ഫെബ്രുവരിയില്‍ എഫ്ഡിഎ അനധികൃതഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന 17 കമ്പനികള്‍ക്കെതിരേ നടപടിയെടുത്തിരുന്നു. ഇവയെല്ലാം അല്‍സ്‌ഹൈമേഴ്‌സ് രോഗത്തെ തടയുമെന്നും ചികില്‍സിക്കുമെന്നും അവകാശവാദമുയര്‍ത്തിയവയായിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു ഭക്ഷ്യസപ്ലിമെന്റ് എടുക്കുമ്പോള്‍, ആളുകള്‍ക്ക് അതിന്റെ ഗുണദോഷങ്ങളെപ്പറ്റി ഉറപ്പില്ല. അവയുടെ ഉള്ളടക്കം, പരിശുദ്ധി, സാദ്ധ്യത എന്നിവ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കപ്പെടുന്നില്ല. കുറിപ്പടി മരുന്നുകള്‍ പോലെയല്ലിത്. കമ്പനിക്ക് സുരക്ഷയോ ഫലപ്രാപ്തിയോ തെളിയിക്കാതെ തന്നെ ഇവ വിപണിയില്‍ ഇറക്കാന്‍ കഴിയും.

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളാണ് മസ്തിഷ്‌കാരോഗ്യ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ പലപ്പോഴും ഉന്നിയിക്കുന്നതെന്ന്് വിദഗ്ധര്‍ പറയുന്നു. വിപണിയില്‍ വരുന്ന പല ഫുഡ് സപ്ലിമെന്റുകളും പ്രകൃതിദത്തവും ജന്തുജന്യവുമാണെന്ന് അവകാശപ്പെടുന്നവയാണ്. പല പ്രോട്ടീനുകളും പരീക്ഷണശാലകളില്‍ പലവട്ടം പരീക്ഷിച്ചു തെളിഞ്ഞതെന്ന് അവകാശപ്പെടുന്നവയാണ്. മനുഷ്യരില്‍ ഓര്‍മ്മ, തിരിച്ചറിയല്‍ശേഷി എന്നിവ വികസിപ്പിക്കുമെന്ന് അവകാശപ്പെട്ടിറങ്ങുന്ന ഇവയെ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ സാധുത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഇവ കഴിച്ച് ആരോഗ്യനില വഷളാകുന്നവര്‍ക്ക് വൈദ്യസഹായം വേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. പോഷകാഹാരക്കുറവുള്ള ചില ആളുകള്‍ക്ക് ഡോക്റ്ററുടെ ഉപദേശം അനുസരിച്ച് ചില ഉല്‍പ്പന്നങ്ങള്‍ കഴിക്കാം. എന്നാല്‍ മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം ഭക്ഷണം, വ്യായാമം പോലുള്ള ജീവിതശൈലി ഘടകങ്ങളാണ്.

Comments

comments

Categories: Health
Tags: Memory power