വ്യോമയാന സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും യുഎഇയും; സര്‍വീസുകള്‍ കൂട്ടിയേക്കും

വ്യോമയാന സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും യുഎഇയും; സര്‍വീസുകള്‍ കൂട്ടിയേക്കും

ജെറ്റ് എയര്‍വെയ്‌സിന്റെ ട്രാഫിക് അവകാശങ്ങള്‍ വിദേശ വിമാന കമ്പനികള്‍ക്ക് നല്‍കും ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

ദുബായ്: വ്യോമയാന രംഗത്ത് കൂടുതല്‍ സഹകരണത്തിനൊരുങ്ങി ഇന്ത്യയും യുഎഇയും. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍തല ചര്‍ച്ചകള്‍ വരും മാസങ്ങളില്‍ ആരംഭിക്കും. വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയും ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ.അഹമ്മദ് അബ്ദുള്‍റഹ്മാന്‍ അല്‍ ബന്നയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന പ്രഖ്യാപനം ഉണ്ടായത്.

ഇരുരാഷ്ട്രങ്ങളും തമ്മില്‍ നിലവിലുള്ള വ്യോമയാന കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ യുഎഇ അംബാസഡര്‍ മന്ത്രിയെ ധരിപ്പിച്ചു. നിലവിലെ കരാര്‍ അനുവര്‍ത്തിക്കുന്ന പരമാവധി സീറ്റ് ശേഷിയും ഉപയോഗപ്പെടുത്തി കഴിഞ്ഞതിനാല്‍ ഈ കരാര്‍ പരിഷ്‌കരിക്കുന്ന കാര്യം പരിഗണിക്കണമെന്ന യുഎഇയിലെ വ്യോമയാന അധികൃതരുടെ അപേക്ഷ അംബാസഡര്‍ മന്ത്രിയെ അറിയിച്ചു. വ്യോമയാന വിപണിയിലെ നിലവിലെ സാഹചര്യങ്ങള്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഡോ.അഹമ്മദ് പറഞ്ഞു.

നിലവില്‍ ആഴ്ചയില്‍ 1,068 വിമാന സര്‍വീസുകളാണ് ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയില്‍ ഇരുദിശകളിലുമായി അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 400 സര്‍വീസുകള്‍ യുഎഇ വിമാനക്കമ്പനികളും 500 സര്‍വീസുകള്‍ ഇന്ത്യന്‍ വിമാനക്കമ്പനികളുമാണ് നടത്തുന്നത്. ആഴ്ചയില്‍ 138,000 സീറ്റുകളാണ് യുഎഇ വിമാനങ്ങളില്‍ വിറ്റുപോകുന്നതെന്ന് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ താരതമ്യേന ചെറിയ നഗരങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കാന്‍ യുഎഇ വിമാനക്കമ്പനികള്‍ക്ക് താല്‍പ്പര്യമുള്ളതായി അല്‍ ബന്ന അറിയിച്ചു. മാത്രല്ല, ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയില്‍ കൂടുതല്‍ കാര്‍ഗോ വിമാന സര്‍വീസുകള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സീറ്റ് വ്യവസ്ഥയാണ് തങ്ങളുടെ ഏറ്റവും വലിയ ഏക പ്രശ്‌നമെന്ന് യുഎഇയിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സിഇഒ ടിം ക്ലാര്‍ക്ക് പറഞ്ഞതിന് പിന്നാലെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. സീറ്റുകളുടെ എണ്ണമാണ് ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലെ ഏറ്റവും വലിയ ഏക പ്രശ്‌നമെന്നും തെരഞ്ഞെടുപ്പിന് ശേഷം മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിനാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ടിം പറഞ്ഞിരുന്നു.

കഴിഞ്ഞിടെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിന്റെ ഫോറിന്‍ ട്രാഫിക്ക് അവകാശങ്ങള്‍ ഗള്‍ഫിലെ വിമാനക്കമ്പനികള്‍ക്കും മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്കും നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച പുരി സൂചിപ്പിച്ചിരുന്നു. നേരത്തെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജെറ്റ് എയര്‍വെയ്‌സ് നിരവധി സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും ജെറ്റിന്റെ തകര്‍ച്ചയോടെ ഈ അപര്യാപ്തത പരിഹരിക്കാന്‍ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജെറ്റിന്റെ ട്രാഫിക് അവകാശങ്ങള്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ക്കടക്കം കൈമാറാന്‍ ആലോചിക്കുന്നത്. ജെറ്റിന്റെ ട്രാഫിക് അവകാശങ്ങള്‍ വിതരണം ചെയ്യാന്‍ കമ്മിറ്റി രൂപീകരിച്ചതായും പുരി അറിയിച്ചു.

”വിമാനങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ കടുംപിടിത്തം പിടിക്കേണ്ടതില്ല. ട്രാഫിക് അവകാശങ്ങള്‍ പ്രാദേശികമായി വിനിയോഗിക്കാനുള്ള സാധ്യത ഇല്ലാത്ത പക്ഷം അതിലെ സാമ്പത്തിക അവസരം വിനിയോഗിക്കാന്‍ മടി കാണിക്കാതിരിക്കുകയാണ് നല്ലത്”. കൂടുതല്‍ സര്‍വീസുകള്‍ വന്നാല്‍ ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്നാണ് താന്‍ കരുതുന്നതെന്നും പുരി പറഞ്ഞു

ജെറ്റ് എയര്‍വെയ്‌സിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യ-ഗള്‍ഫ് പാതയില്‍ വിമാനടിക്കറ്റ് നിരക്ക് കൂടിയിരുന്നു. മാത്രമല്ല, ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമ മേഖലയില്‍ വിലക്കേര്‍പ്പെടുത്തിയതും നിരക്ക് കൂടാന്‍ കാരണമായി. പാക്കിസ്ഥാനിലൂടെ പോകാന്‍ സാധിക്കാത്തതിനാല്‍ ഡെല്‍ഹിയില്‍ നിന്നും ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച് മുംബൈ, അഹമ്മദാബാദ് പോലുള്ള പടിഞ്ഞാറന്‍ മേഖലകളിലെത്തി കടലിന് മുകളിലൂടെ പറന്നാണ് ഗള്‍ഫിലെ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. ഏതാണ്ട് ഒരു മണിക്കൂറിന്റെ സമയനഷ്ടവും വലിയ തോതിലുള്ള ഇന്ധനനഷ്ടവും ഇതുമൂലം ഉണ്ടാകുന്നു.

2020ല്‍ ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ നിന്നും 500-700 മില്യണ്‍ ഡോളര്‍ ലാഭം ഉണ്ടാകുമെന്നാണ് ഏഷ്യ പസഫിക് ഏവിയേഷന്‍ സെന്ററിന്റെ പ്രവചനം. ജെറ്റിന്റെ തകര്‍ച്ചയ്ക്ക് മുമ്പ് ഇത് 550-700 മില്യണ്‍ ഡോളര്‍ ആയിരുന്നു.

Comments

comments

Categories: Arabia