‘ഹോണ്ട ഇ’ ഇലക്ട്രിക് കാറിന് 200 കിലോമീറ്റര്‍ റേഞ്ച്!

‘ഹോണ്ട ഇ’ ഇലക്ട്രിക് കാറിന് 200 കിലോമീറ്റര്‍ റേഞ്ച്!

ഇതുവരെ 31,000 പേരാണ് താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്

ടോക്കിയോ : ഹോണ്ടയുടെ കോംപാക്റ്റ് ഇലക്ട്രിക് വാഹനമായ ‘ഹോണ്ട ഇ’ യുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. പ്രത്യേക ഇവി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യ ഹോണ്ട ഇലക്ട്രിക് കാറിന്റെ സ്‌പെസിഫിക്കേഷനുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ അര്‍ബന്‍ വാഹനമാണ് ഹോണ്ട ഇ. ഇതുവരെ 31,000 പേരാണ് ഇലക്ട്രിക് കാറില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, നോര്‍വെ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്യാം.

ഇലക്ട്രിക് വാഹനത്തിന്റെ ഫ്‌ളോറിന് അടിയിലാണ് ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്. അതായത്, വീല്‍ബേസിന് ഒത്ത നടുവില്‍. 50:50 അനുപാതത്തില്‍ വാഹനത്തിന്റെ ഭാര വിതരണത്തിനും താഴ്ന്ന ഗുരുത്വ കേന്ദ്രത്തിനും ഇത് സഹായിക്കും. മികച്ച ഹാന്‍ഡ്‌ലിംഗ്, സ്റ്റബിലിറ്റി എന്നിവ ഉറപ്പാക്കും. നാല് ചക്രങ്ങളിലും സ്വതന്ത്രമായ സസ്‌പെന്‍ഷനാണ് നല്‍കുന്നത്. കോംപാക്റ്റ് വലുപ്പമുള്ള ഹോണ്ട ഇ ഇലക്ട്രിക് കാറിന്റെ ഓവര്‍ഹാങുകള്‍ക്ക് നീളം കുറവായിരിക്കും.

35.5 കിലോവാട്ട്അവര്‍ ലിഥിയം അയണ്‍ ഹൈ-കപ്പാസിറ്റി ബാറ്ററിയാണ് ഹോണ്ട ഇ ഉപയോഗിക്കുന്നത്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാം. മുപ്പത് മിനിറ്റിനുള്ളില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. ബോണറ്റിലാണ് ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കാറിനകത്തെ ഇരട്ട ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേകളില്‍ ബാറ്ററി ചാര്‍ജിന്റെ നിലവിലെ സ്ഥിതി അറിയാം. എനര്‍ജി റീജനറേഷന്‍, റീച്ചാര്‍ജിംഗ് സ്റ്റാറ്റസ് എന്നിവയും മനസ്സിലാക്കാന്‍ കഴിയും. വാട്ടര്‍ കൂള്‍ഡ് ബാറ്ററി പാക്കാണ് നല്‍കുന്നത്. മാത്രമല്ല, ബാറ്ററി പാക്കിന്റെ വലുപ്പവും ഭാരവും കുറച്ചു. ഹൈ-ടോര്‍ക്ക് ഇലക്ട്രിക് മോട്ടോറില്‍നിന്നുള്ള കരുത്ത് പിന്‍ ചക്രങ്ങളിലേക്കാണ് കൈമാറുന്നത്.

Comments

comments

Categories: Auto