ഫാസ്റ്റ് ഫുഡ് ഡെലിവറിയും ഇനി ഫാസ്റ്റ്

ഫാസ്റ്റ് ഫുഡ് ഡെലിവറിയും ഇനി ഫാസ്റ്റ്

ഗതാഗതരംഗത്ത് വലിയ വിപ്ലവം തീര്‍ത്തവരാണു യൂബര്‍. പിന്നീട് ഭക്ഷണ വിതരണ രംഗത്ത് യൂബര്‍ ഈറ്റ്‌സ് എന്ന പേരിലും അവര്‍ പ്രവേശിച്ചു. ഇപ്പോഴിതാ ഭക്ഷണം ഡെലിവറി ചെയ്യാന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ പോവുകയാണു യൂബര്‍. ഓര്‍ഡര്‍ ലഭിച്ചു കഴിയുമ്പോള്‍ കസ്റ്റമറിന് അതിവേഗം ഡെലിവറി ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഡ്രോണ്‍ സര്‍വീസ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് കമ്പനിയുമായി സഹകരിച്ചാണു യൂബര്‍ സംരംഭത്തിനു തുടക്കമിടുന്നത്.

പേരില്‍ മാത്രമല്ല, ഫുഡ് ഡെലിവറി ചെയ്യുന്ന കാര്യത്തിലും ഫാസ്റ്റ് ആകാന്‍ തയാറെടുക്കുകയാണു യൂബര്‍. യുഎസ് നഗരമായ സാന്‍ഡിയാഗോയില്‍ ജുലൈയിലോ, ഓഗസ്റ്റ് മാസം മുതലോ ഡ്രോണില്‍ ഫാസ്റ്റ് ഫുഡ് ഡെലവറി ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണു യൂബര്‍. യൂബര്‍ ഈറ്റ്‌സ്, അവരുടെ ഏരിയല്‍ വിഭാഗമായ (aerial R&D division) യൂബര്‍ എലിവേറ്റുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.

ഈ സംരംഭത്തില്‍ ആദ്യകാല പങ്കാളിയായി അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമനായ മക്‌ഡൊണാള്‍ഡിനെ യൂബര്‍ തെരഞ്ഞെടുക്കുകയും ചെയ്തു. ഒരു ബൈക്കിലോ, കാറിലോ ഫുഡ് ഡെലിവറി ചെയ്യുന്നതിനേക്കാള്‍ മൂന്നിരട്ടി വേഗം ഡ്രോണിലൂടെ ഫുഡ് ഡെലിവറി ചെയ്യുമ്പോള്‍ ലഭിക്കുമെന്നാണു യൂബര്‍ പറയുന്നത്. ഭക്ഷണം ഡെലിവറി ചെയ്യുന്ന ഡ്രോണിന്റെ വേഗത മണിക്കൂറില്‍ 70 മൈലായിരിക്കും (70mph). എന്നാല്‍ കാറിലും ബൈക്കിലും ഫുഡ് ഡെലിവറി ചെയ്യുന്നതു പോലെ കസ്റ്റമേഴ്‌സിനു വീടിന്റെയോ ഓഫീസിന്റെയോ ഡോര്‍ സ്റ്റെപ്പിലായിരിക്കില്ല ഡ്രോണ്‍ ഡെലിവറി ചെയ്യുന്നത്. പകരം, പ്രത്യേകം തയാറാക്കിയ ലാന്‍ഡിംഗ് സോണിലായിരിക്കും ഡ്രോണിലൂടെ ഭക്ഷണം ഡെലിവറി ചെയ്യുന്നത്. ഈ സോണ്‍ എന്നു പറയുന്നത്, പാര്‍ക്ക് ചെയ്ത യൂബര്‍ കാറിന്റെയോ മറ്റ് വാഹനങ്ങളുടെയോ മേല്‍ക്കൂര വരെ ആകാം. ഡ്രോണ്‍ ഈ സോണ്‍ തിരിച്ചറിയുന്നത് ക്യുആര്‍ കോഡിലൂടെയായിരിക്കും. ഡ്രോണിലൂടെ സോണിലെത്തിക്കുന്ന ഭക്ഷണം യൂബര്‍ കൊറിയര്‍ വിഭാഗം ശേഖരിക്കും. അതിനു ശേഷം കസ്റ്റമേഴ്‌സിന് എത്തിച്ചു കൊടുക്കും. യൂബറിന്റെ എലിവേറ്റ് ക്ലൗഡ് കമ്പ്യൂട്ടര്‍ സിസ്റ്റംസായിരിക്കും ഡ്രോണിനെ ട്രാക്ക് ചെയ്യുന്നതും ഗൈഡ് ചെയ്യുന്നതും. യൂബറിന്റെ ഡെലിവറി ഡ്രൈവറിനു ഭക്ഷണം എങ്ങനെ, എവിടെനിന്നാണു ശേഖരിക്കേണ്ടതെന്നും ഈ ക്ലൗഡ് കമ്പ്യൂട്ടര്‍ സംവിധാനം വിവരം നല്‍കും. ഇത്തരത്തിലാണു പദ്ധതി നടപ്പിലാക്കുന്നതെന്നു യൂബര്‍ അറിയിച്ചു. ഡ്രോണ്‍ ഡെലിവറിക്ക് അധിക ഫീസൊന്നും ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഡ്രോണിലൂടെ ഫുഡ് ഡെലിവറി ചെയ്യുന്ന സംവിധാനം ഈ വര്‍ഷം മേയ് മാസം യൂബര്‍ പരീക്ഷിച്ചിരുന്നു. ഡ്രോണ്‍ ഡെലിവറിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത് വേഗത്തില്‍ ഭക്ഷണങ്ങള്‍ ഡെലിവറി ചെയ്യുക എന്നതാണ്. റോഡ് മാര്‍ഗം 1.5 മൈല്‍ ദൂരത്ത് ഫുഡ് ഡെലിവറി നടത്തണമെങ്കില്‍ ഇപ്പോള്‍ ചുരുങ്ങിയത് 21 മിനിറ്റ് എടുക്കാറുണ്ട്. എന്നാല്‍ ഡ്രോണിലാണെങ്കില്‍ ഇത് ഏഴ് മിനിറ്റ് കൊണ്ട് നടത്താനാകുമെന്നാണു കണക്കാക്കുന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഡെലിവറി നടത്താന്‍ 2018-ല്‍ അമേരിക്കയില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) സാന്‍ഡിയാഗോ ഉള്‍പ്പെടെ 10 നഗരങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതാണ് ഡ്രോണ്‍ ഡെലിവറിക്കായി യൂബര്‍ സാന്‍ഡിയാഗോയെ പരിഗണിക്കാന്‍ കാരണം. ഡ്രോണ്‍ ഡെലിവറിയില്‍ യൂബറുമായി സഹകരിക്കാന്‍ മക്‌ഡൊണാള്‍ഡും രംഗത്തെത്തിയിട്ടുണ്ട്. ഇരു കമ്പനികളും മാസങ്ങളായി ഡ്രോണ്‍ ഡെലിവറിക്കു വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തിവരികയാണ്. മക്‌ഡൊണാള്‍ഡിനു പുറമേ ജുനിപ്പര്‍ & ഐവി എന്ന റെസ്റ്റോറന്റുമായും സഹകരിക്കുമെന്നു യൂബര്‍ അറിയിച്ചിട്ടുണ്ട്.

യൂബര്‍, ഡ്രോണ്‍ ഡെലിവറി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയെങ്കിലും ഡ്രോണ്‍ ഡെലിവറി പദ്ധതിക്ക് എഫ്എഎയുടെ അനുമതി ഇതുവരെ യൂബറിന് ലഭിച്ചിട്ടില്ല. അതായത്, പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഡെലിവറി നടത്താന്‍ മാത്രമാണ് ഇപ്പോള്‍ അനുമതിയുള്ളത്. അതു കൊണ്ടു തന്നെ എഫ്എഎയുടെ അനുമതി ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങള്‍ യൂബറിനു മറികടക്കേണ്ടതുണ്ട്. എന്നാല്‍ യുഎസിലെ വെര്‍ജീനിയയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഡെലിവറി നടത്താന്‍ ഗൂഗിളിന്റെ വിംഗ് പ്രോഗ്രാമിന് എഫ്എഎയില്‍നിന്നും എയര്‍ ക്യാരിയര്‍ സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്.

യൂബര്‍ ഈറ്റ്‌സിന്റെ മാതൃ കമ്പനിയായ യൂബര്‍ ടെക്‌നോളജീസിനു വളരെ പ്രതിസന്ധി നിറഞ്ഞൊരു വര്‍ഷമാണ് 2019 ഇതുവരെ. കാരണം ഏറെ കൊട്ടിഘോഷിച്ച യൂബറിന്റെ പ്രഥമ ഓഹരി വില്‍പനയ്ക്കു (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) ശേഷം ഒരു ബില്യന്‍ ഡോളര്‍ ആദ്യ പാദത്തില്‍ കമ്പനിക്കു നഷ്ടമുണ്ടാവുകയുണ്ടായി. എന്നാല്‍ യൂബര്‍ ഈറ്റ്‌സ് വലിയ പ്രതീക്ഷയോടെയാണു മുന്നേറുന്നത്. യൂബറിന്റെ ബിസിനസില്‍ ‘ഈറ്റ്‌സ്’ വളരെ പ്രധാനപ്പെട്ടൊരു വിഭാഗമാണ്. യൂബറിന്റെ ടാക്‌സി വിഭാഗത്തേക്കാള്‍ വളര്‍ച്ച ഈറ്റ്‌സ് രേഖപ്പെടുത്തുന്നുണ്ട്. യൂബര്‍ ഈറ്റ്‌സ്, 2018-ല്‍ 1.5 ബില്യന്‍ ഡോളറിന്റെ വരുമാനം നേടുകയുണ്ടായി. 2017-ല്‍ നേടിയ വരുമാനത്തിന്റെ 150 ശതമാനം ഇരട്ടി വരുമിത്. 2019-ന്റെ ആദ്യ പാദത്തില്‍ യൂബര്‍ ഈറ്റ്‌സിനു മൊത്തം ബുക്കിംഗിന്റെ വളര്‍ച്ച 108 ശതമാനം കൈവരിക്കാന്‍ സാധിച്ചതായി കമ്പനി പറയുന്നു. അടുത്ത നാല് വര്‍ഷം ഫുഡ് ഡെലിവറി ബിസിനസ് പ്രതിവര്‍ഷം 12 ശതമാനം എന്ന തോതില്‍ വളര്‍ന്ന് 2022-ആകുമ്പോഴേക്കും 76 ബില്യന്‍ ഡോളറിന്റെ വരുമാനം നേടുന്ന വ്യവസായി മാറുമെന്നാണു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം മുന്‍കൂട്ടി കണ്ടു കൊണ്ട് ഫുഡ് ഡെലിവറി ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു യൂബര്‍ ശ്രമിക്കുന്നത്.
ഡ്രോണിലൂടെ ഭക്ഷണം ഡെലിവറി ചെയ്യുന്ന ആദ്യ കമ്പനിയാകുമോ യൂബര്‍ ഈറ്റ്‌സ് ?

ഐസ്‌ലാന്‍ഡില്‍, റെയ്ക്ക്ജാവിക് എന്നൊരു നഗരമുണ്ട്. ചെറു ഉള്‍ക്കലിനാലും ജലപാതകളാലും വിഭജിക്കപ്പെട്ടു കിടക്കുന്നൊരു നഗരമാണിത്. ഇവിടെ 2017-ല്‍ ഫ്‌ളൈട്രെക്‌സ് എന്ന ഇസ്രയേലി ഡ്രോണ്‍ ലോജിസ്റ്റിക്‌സ് കമ്പനി ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തിരുന്നത് ഡ്രോണിലൂടെയായിരുന്നെന്ന് അവകാശപ്പെടുന്നുണ്ട്. അതുപോലെ ആമസോണ്‍ 2016-ല്‍ യുകെയില്‍ ഒരു ബാഗ് പോപ്‌കോണും, ആമസോണ്‍ ഫയര്‍ ടിവി സ്ട്രീമിംഗ് ഡിവൈസും ഡ്രോണില്‍ ഡെലിവറി ചെയ്തിരുന്നു. ഡ്രോണില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ആദ്യകാല കമ്പനികളിലൊന്നായിരിക്കും യൂബര്‍ ഈറ്റ്‌സ് എന്നു മാത്രമാണ് ഇപ്പോള്‍ പറയാന്‍ സാധിക്കുക. യൂബര്‍ ഈറ്റ്‌സിനു സമീപഭാവിയില്‍ ആമസോണില്‍നിന്നും മത്സരമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കസ്റ്റമേഴ്‌സിന് പാക്കേജുകള്‍ ഡെലിവറി ചെയ്യുന്ന പ്രൈം എയര്‍ എന്ന ഡ്രോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന്് ഒരാഴ്ച മുന്‍പു കമ്പനി പ്രഖ്യാപിച്ചിരുന്നു. പൂര്‍ണമായും ഇലക്ട്രിക് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന പുതുതായി ഡിസൈന്‍ ചെയ്ത ഡ്രോണ്‍ ആണ് ആമസോണിന്റെ പ്രൈം എയര്‍. ഈ ഡ്രോണിന് അഞ്ച് പൗണ്ട് വരെയുള്ള ഭാരം വഹിക്കാനാകുമെന്നും ആമസോണ്‍ പറയുന്നു.

Comments

comments

Categories: Top Stories