ബൈക്ക് വില്‍പ്പനയില്‍ ഹാര്‍ലിയെ മറികടന്ന് കെടിഎം

ബൈക്ക് വില്‍പ്പനയില്‍ ഹാര്‍ലിയെ മറികടന്ന് കെടിഎം

2018 ല്‍ 2,61,000 ബൈക്കുകളാണ് കെടിഎം ലോകമാകെ വിറ്റത്. ഹാര്‍ലിയേക്കാള്‍ 35,000 ഓളം ബൈക്കുകള്‍ കൂടുതല്‍

വിയന്ന : കഴിഞ്ഞ വര്‍ഷം ആഗോളതലത്തിലെ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ ഹാര്‍ലി ഡേവിഡ്‌സണെ കെടിഎം മറികടന്നു. 2018 ല്‍ 2,61,000 ബൈക്കുകളാണ് ഓസ്ട്രിയന്‍ കമ്പനിയായ കെടിഎം ലോകമാകെ വിറ്റത്. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളേക്കാള്‍ ഏകദേശം 35,000 ബൈക്കുകള്‍ കൂടുതല്‍.

ആകെ വില്‍പ്പനയില്‍ ഹാര്‍ലിയെ കെടിഎം മറികടന്നെങ്കിലും വിറ്റുവരവിന്റെ കാര്യത്തില്‍ കെടിഎമ്മിനേക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണ് ഹാര്‍ലിയുടെ വരുമാനം. അതായത്, 1.75 ബില്യണ്‍ യുഎസ് ഡോളര്‍ (12,000 കോടിയിലധികം ഇന്ത്യന്‍ രൂപ). കൂടുതല്‍ ഉയര്‍ന്ന മൂല്യമുള്ള മോട്ടോര്‍സൈക്കിളുകളും നിരവധി ആക്‌സസറികളുമാണ് വിറ്റുവരവിന്റെ കാര്യത്തില്‍ യുഎസ് ബ്രാന്‍ഡ് മുന്നിലെത്താന്‍ കാരണം.

ലോകത്തെ ടോപ് ത്രീ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളിലൊന്നായി വളരുകയാണ് ലക്ഷ്യമെന്ന് കെടിഎം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റെഫാന്‍ പിയറര്‍ പറഞ്ഞു. ഈ ഓട്ടത്തില്‍ കാവസാക്കിയെ മറികടക്കുകയാണ് കെടിഎം ചെയ്യേണ്ടത്. സ്റ്റെഫാന്‍ പിയററുടെ നേതൃത്വത്തില്‍ കെടിഎമ്മിന്റെ വില്‍പ്പന നാല് മടങ്ങിലധികമാണ് വര്‍ധിച്ചത്. 2022 ഓടെ നാല് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം.

കെടിഎമ്മിന്റെ അതിവേഗ വില്‍പ്പന വളര്‍ച്ചയില്‍ ബജാജ് ഓട്ടോയുമായുള്ള തന്ത്രപ്രധാന സഖ്യത്തിനും പങ്കുണ്ട്. കെടിഎമ്മില്‍ 48 ശതമാനത്തോളം ഓഹരിയാണ് ബജാജ് ഓട്ടോ കയ്യാളുന്നത്. ഇന്ത്യയില്‍ ചെറിയ ശേഷിയുള്ള കെടിഎം ബൈക്കുകള്‍ നിര്‍മ്മിക്കുന്നതിന് ബജാജ് ഓട്ടോയുടെ പ്ലാന്റും തൊഴില്‍ശക്തിയുമാണ് ഉപയോഗിക്കുന്നത്. വില്‍പ്പനകണക്കുകളില്‍ ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ വിപണിയാണ് ഇന്ത്യ.

Comments

comments

Categories: Auto