മസ്തിഷ്‌കജ്വരം ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 81

മസ്തിഷ്‌കജ്വരം ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 81

ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 81 ആയി. ഏഴു കുട്ടികളാണ് ഇന്നലെ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ശനിയാഴ്ച രാത്രി വരെ 74 കുട്ടികള്‍ മരിച്ചു. ഔദ്യോഗിക വിവരമാണിത്, അനൗദ്യോഗിക വിവരമനുസരിച്ച് മരണസംഖ്യ 100ന് മുകളില്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. ചില കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പ് തന്നെ മരിച്ചു. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൌബി, ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ എന്നിവരും ഹര്‍ഷ് വര്‍ധനോടൊപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി സംഘം സന്ദര്‍ശിച്ചു. ഡോക്റ്റര്‍മാരും ഹെല്‍ത്ത് ഓഫീസറുമടങ്ങുന്നവരുമായി മന്ത്രിമാര്‍ അടച്ചിട്ട മുറിയില്‍ നടത്തിയെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. അതേ സമയം, രോഗലക്ഷണങ്ങളുമായി കൂടുതല്‍ കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതരായ ഭൂരിഭാഗം കുട്ടികളിലും ഗ്ലൂക്കോസ് പൊടുന്നനെ ക്രമാതീതമായി താഴുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒമ്പത് കുട്ടികളുടെ നില ഗുരുതരമാണ്. കെജ്‌രിവാള്‍ മൈത്രിസദനിലെ അഞ്ച് കുട്ടികളും ഗുരുതരാവസ്ഥയില്‍ തുടരുന്നു. വ്യാഴാഴ്ച, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളടങ്ങിയ ഏഴംഗ വിദഗ്ധ സംഘം രണ്ട് ആശുപത്രികളും സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ക്കായി പ്രത്യേക വാര്‍ഡ് വേണമെന്നും കുട്ടികളുടെ സാംപിളുകള്‍ പരിശോധിക്കാന്‍ പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്ധ സംഘം നിര്‍ദേശിച്ചു. നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എന്‍സിഫിലൈറ്റിസ് സിന്‍ഡ്രോം ബാധിച്ചത്. പത്ത് വയസുവരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയും. വിറയല്‍, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടര്‍ന്നു പിടിക്കാന്‍ സാധ്യത. എന്നാലിത്തവണ വേനല്‍ക്കാലത്താണ് ബിഹാറില്‍ രോഗം പടര്‍ന്നിരിക്കുന്നത്. ജാപ്പനീസ് എന്‍സിഫലൈറ്റിസ് വൈറസ് എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. 1955-ല്‍ തമിഴ്‌നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോള്‍ ബിഹാറിലും പടര്‍ന്നുപിടിച്ചിരിക്കുന്നത്. പ്രധാനമായും അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മണിപ്പൂര്‍, മേഘാലയ, ത്രിപുര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വൈറസ് ബാധ കാണപ്പെടുന്നത്.

Comments

comments

Categories: Health