സമുദ്രത്തിനിടയില്‍ ബോയിംഗ് വിമാനം സ്ഥാപിച്ചു കൊണ്ട് തീം പാര്‍ക്ക് നിര്‍മിച്ച് ബഹ്‌റിന്‍

സമുദ്രത്തിനിടയില്‍ ബോയിംഗ് വിമാനം സ്ഥാപിച്ചു കൊണ്ട് തീം പാര്‍ക്ക് നിര്‍മിച്ച് ബഹ്‌റിന്‍

മനാമ(ബഹ്‌റിന്‍): നേരമ്പോക്ക്, വിനോദം എന്നിവ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിന് ഏറ്റവും അനുയോജ്യമായ ഇടം തീം പാര്‍ക്കുകളാണ് അഥവാ അമ്യൂസ്‌മെന്റ് പാര്‍ക്കുകളാണ്. വിവിധ തരത്തിലുള്ള സവാരികള്‍, കളികള്‍ എന്നിവയിലൊക്കെ ഏര്‍പ്പെടാമെന്നതാണ് തീം പാര്‍ക്കുകള്‍ സന്ദര്‍ശിച്ചാലുള്ള ഗുണം. ഇന്നു യുവാക്കളില്‍ മാത്രമല്ല, മുതിര്‍ന്നവര്‍ക്കിടയിലും തീം പാര്‍ക്കുകള്‍ക്കു വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബഹ്‌റിനില്‍ നിര്‍മിച്ച ഒരു തീം പാര്‍ക്ക് ഈ വര്‍ഷം ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്യുകയാണ്. അതിന്റെ പ്രത്യേക എന്നു പറയുന്നത്, ലോകത്തിലെ ഏറ്റവും നീളമുള്ള അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ആണെന്നതാണ്. ഒരു ലക്ഷം ചതുരശ്ര മീറ്ററില്‍ സമുദ്രത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്കില്‍ ഡീ കമ്മീഷന്‍ ചെയ്ത അഥവാ പ്രവര്‍ത്തനത്തില്‍നിന്ന്് പിന്‍വലിച്ച 70 മീറ്റര്‍ നീളമുള്ള ബോയിംഗ് 747 വിമാനം സ്ഥാപിച്ചിട്ടുണ്ട്. വെള്ളത്തിലാഴ്ത്തിയ ഏറ്റവും വലിയ വിമാനവും ഇതുതന്നെയാണെന്നു ബഹ്‌റിന്റെ ടൂറിസം-വാണിജ്യകാര്യ മന്ത്രി സയിദ് ബിന്‍ റഷീദ് അല്‍ സയാനി പറയുന്നു. ബഹ്‌റിന്റെ ഏഴ് കൃത്രിമ ദ്വീപ് കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള നഗരമായ ദിയാര്‍ അല്‍ മുഹാറഖിലാണ് അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ബഹ്‌റിന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി, സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ്, സ്വകാര്യ മേഖലയിലെ നിക്ഷേപകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണു പാര്‍ക്ക് നിര്‍മിച്ചത്. കൃത്രിമ പവിഴപ്പുറ്റുകള്‍, കലാരൂപങ്ങള്‍, ശില്‍പ്പങ്ങള്‍, ബഹ്‌റിനിലെ ചരിത്രപ്രസിദ്ധമായ പേള്‍ മെര്‍ച്ചന്റിന്റെ വീടിന്റെ മാതൃക എന്നിവ തീം പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. വെള്ളത്തിനടിയില്‍ ശ്വസിക്കാന്‍ ആവശ്യമായ എല്ലാം അടങ്ങിയ ഉപകരണത്തോടു കൂടിയ മുങ്ങലായ സ്‌കൂബ ഡൈവിങ്ങ് നടത്താനും പാര്‍ക്കില്‍ സൗകര്യമുണ്ടാകും. ടൂറിസ്റ്റുകള്‍ക്ക് ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഈ പാര്‍ക്കില്‍ പ്രവേശനം നല്‍കുമെന്ന് ടൂറിസം മന്ത്രി അല്‍ സയാനി പറഞ്ഞു.

Comments

comments

Categories: FK News