പണപ്രക്ഷാളനത്തിന്റെ സാമൂഹ്യപാഠങ്ങള്‍

പണപ്രക്ഷാളനത്തിന്റെ സാമൂഹ്യപാഠങ്ങള്‍

കള്ളപ്പണം വെള്ളപ്പണം ആവുമ്പോള്‍ അത് രാജ്യത്തെ സമ്പദ്ഘടനയില്‍ വരുത്തുന്ന പരിക്ക് മാരകമാണ്. ജനങ്ങളില്‍ നിന്ന്, സര്‍ക്കാറില്‍ നിന്ന്, പൊതു സമ്പദ്വ്യവസ്ഥയില്‍ നിന്ന് സമ്പത്ത് കുറ്റവാളികളുടെ കൈകളിലേക്ക് പ്രവഹിക്കുക എന്ന ഭീകരമായ ഒരവസ്ഥയില്‍ ഭരണ സംവിധാനം വെറുമൊരു പ്രഹസനമായി മാറും. സമ്പദ്ഘടന നിയന്ത്രിക്കുന്നത് കുറ്റവാളികളും ഭീകരരുമാവും

‘ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും
പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും
മൂന്നു ജാതി നിരൂപിച്ചുകാണുമ്പോള്‍
മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവനെ’

– പൂന്താനം, ‘ജ്ഞാനപ്പാന’

നോട്ട് അസാധുവാക്കല്‍ നടന്നിട്ട് അന്നേയ്ക്ക് മൂന്നാഴ്ച പിന്നിടുന്നതേയുള്ളൂ. ഇന്ത്യാടുഡേ ടിവിയുടെ ഒന്ന് രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള പസഫിക് മാളില്‍ പ്രവര്‍ത്തിക്കുന്ന യുവശക്തി എന്ന സന്നദ്ധ സംഘടനയുടെ ഓഫീസ് സന്ദര്‍ശിക്കുന്നു. സംഘടനയുടെ ചുക്കാന്‍ പിടിക്കുന്ന അംജദ് അന്‍സാരിയെ അവര്‍ നേരിട്ട് കാണുന്നുണ്ട്. പത്രപ്രവര്‍ത്തകര്‍ എന്ന വിലാസം ഒളിച്ച് വെച്ചാണ് സന്ദര്‍ശനം. അവര്‍ അയാളോട് പറയുന്നു: ‘ഞങ്ങളുടെ കൈവശം കുറച്ചധികം കള്ളപ്പണം ഉണ്ട്. അത് സാധുതയുള്ള പണമാക്കി മാറ്റാന്‍ സഹായിക്കണം’. അന്‍സാരി മറുപടി പറഞ്ഞു: ‘നമ്മുടെ നാട്ടില്‍ എല്ലാം കള്ളപ്പണമല്ലേ..ഇന്ത്യയില്‍ 90 ശതമാനം ഇടപാടുകളും കള്ളപ്പണത്തിലാണ്..തീര്‍ച്ചയായും ഞാന്‍ സഹായിക്കാം..എനിക്കറിയാം..ആവട്ടെ, എത്രയുണ്ട് പണം?’ ആത്മവിശ്വാസം തുളുമ്പുന്ന സ്വരത്തിലാണ് അന്‍സാരിയുടെ മറുപടിയും ചോദ്യങ്ങളും. ‘ഏകദേശം 20-25 കോടി വരും’. ‘ഓ, അത്രയേ ഉള്ളോ, ഇത് നിസ്സാരം’. അന്‍സാരിക്ക് എല്ലാം നിസാരമാണ്, മെയ്തീനേ, ആ ചെറ്യേ ഇസ്‌ക്രൂഡൈബറ്….’ എന്ന മട്ടാണ്. അദ്ദേഹം പദ്ധതി വിശദീകരിച്ചു: ‘ഞങ്ങള്‍ക്ക്, ‘യുവശക്തി’യില്‍, പത്ത് പതിനായിരം അംഗങ്ങള്‍ ഉണ്ട്. ഓരോരുത്തരില്‍ നിന്നും അയ്യായിരം രൂപ സംഭാവന കിട്ടിയതായി കണക്കില്‍ കാണിച്ച് നിങ്ങള്‍ തരുന്ന തുക ഞങ്ങള്‍ ബാങ്കില്‍ അടയ്ക്കും. പിന്നീട്, നിങ്ങളില്‍ നിന്ന് പുതപ്പുകള്‍ വാങ്ങിച്ചതായി ഞങ്ങള്‍ കണക്കെഴുതും. തുകയ്ക്ക് നിങ്ങള്‍ക്ക് ചെക്ക് തരാം. പക്ഷേ, ഇതിനെല്ലാം കൂടി തരേണ്ട എന്റെ കമ്മീഷന്‍ നിങ്ങള്‍ മറക്കാതിരുന്നാല്‍ മതി’. ഇതല്ലാതെയും മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എല്ലാത്തിനും അയാള്‍ക്ക് കമ്മീഷന്‍ വേണമെന്ന് മാത്രം. അത് 30-35 ശതമാനം വരും. ‘പണം എനിക്കുള്ളതല്ല, അത് യുവശക്തിയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ളതാണ്. അതിന്റെ എക്കൗണ്ടിലാണ് പണം’.

പത്രപ്രവര്‍ത്തകസംഘം വേഷം മാറി പിന്നെയും സഞ്ചരിച്ചു. അടുത്ത ലക്ഷ്യം പവന്‍ കുമാര്‍ നടത്തുന്ന ‘അഖില ഭാരതീയ വികലാംഗ വിധവ വൃദ്ധ സേവാ സമിതി’. പവന്‍ എന്നുപറഞ്ഞാല്‍ ഒരൊന്നൊന്നര പവന്‍ വരും; തങ്കപ്പെട്ട മനുഷ്യന്‍. ഡെല്‍ഹിയിലെ ഒരു റെസ്റ്ററന്റിലാണ് കൂടിക്കാഴ്ച. ‘രണ്ട് മൂന്ന് ദിവസം കൊണ്ട് ഒന്നും നടക്കില്ല, തല്‍ക്കാലം. കാലം ഒന്ന് മാറിയിരിക്കയാണ്; പക്ഷേ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഉടനെ തീരും സഹോദരന്മാരേ. ഒരു മൂന്ന് മാസം തരൂ. അപ്പോഴേക്കും എല്ലാം കലങ്ങിത്തെളിയും. ഫെബ്രുവരി ആവട്ടെ. അപ്പോഴേക്ക് ഇതെല്ലാം നല്ല പണം ആക്കി അലക്കി വെളുപ്പിച്ച് തിരിച്ച് തരാം. ചങ്ങാതിമാരേ, എന്റെ കമ്മീഷന്‍ നാല്‍പ്പത് ശതമാനമാണ്. അത് കുറയില്ല’. പ്രവര്‍ത്തന രീതി അന്‍സാരിയുടേത് തന്നെ. അംഗങ്ങളില്‍ നിന്ന് സംഭാവന, ബാങ്കില്‍ പണം, സാധനങ്ങള്‍ വാങ്ങിയതായി ബില്ല്, എക്കൗണ്ടില്‍ നിന്ന് ചെക്ക്, ഒടുവില്‍ കമ്മീഷന്‍. തനിക്കു വേണ്ടിയല്ല കമ്മീഷന്‍ എന്ന് തങ്കപ്പെട്ട മനുഷ്യന്‍ പവനും ആണയിടുന്നുണ്ട്. വൃദ്ധരും വികലാംഗരും വിധവകളും അല്ലേ, അവര്‍ക്ക് നല്ല നല്ല സാധനങ്ങള്‍ വാങ്ങിച്ച് കൊടുക്കണം; അത് വലിയ മനഃസംതൃപ്തി തരുന്നു. പണവും വെളുക്കുന്നു, മനസ്സും വെളുക്കുന്നു! (അവലംബം: ഇന്ത്യാടുഡേ ടിവി വെബ് റിപ്പോര്‍ട്ട് 30-11-2016).

കുറ്റകൃത്യങ്ങളിലൂടെയോ മറ്റ് നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെയോ സമ്പാദിച്ച പണം നിയമവിധേയമെന്ന് തോന്നിക്കും വിധം വേഷപ്രച്ഛന്നമാക്കുന്ന പ്രക്രിയയ്ക്കാണ് പണം വെളുപ്പിക്കല്‍ എന്ന് പറയുന്നത്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ പണം സമ്പാദിച്ച മാര്‍ഗ്ഗങ്ങളില്‍ നിന്ന് അതില്‍ പുരണ്ട അഴുക്കുകള്‍ കഴുകിക്കളയുന്ന പ്രവര്‍ത്തി. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍, എല്ലാത്തിനുമൊടുവില്‍, ആരാലും പിടിക്കപ്പെടാതെ, ആ കുറ്റകൃത്യത്തില്‍ നിന്ന് തങ്ങള്‍ക്ക് സാമ്പത്തിക ലാഭം കിട്ടുന്നു എന്ന് ഉറപ്പ് വരുത്താനുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍. അത് മയക്കുമരുന്ന് കടത്തുകാരാവാം, ആയുധക്കടത്തുകാരാവാം, ഭീഷണിപ്പെടുത്തി പണം തട്ടുന്നവര്‍ ആവാം, സംഘടിത കുറ്റവാളികള്‍ (ആഭ്യന്തര\അന്താരാഷ്്ട്ര ക്വട്ടേഷന്‍ സംഘങ്ങള്‍) ആവാം. ഈ സംഘങ്ങളുടെയെല്ലാം സാമാന്യേന കാണുന്ന ഒരു ഏകീകൃത സ്വഭാവ വിശേഷം അവയുടെ ഏതെങ്കിലും ഒരറ്റത്ത് ഒരു ഭീകരന്‍ ഒളിഞ്ഞിരിപ്പുണ്ടാവും എന്നതാണ്.

അന്താരാഷ്ട്ര തലത്തില്‍ പണം വെളുപ്പിക്കല്‍ നടത്തുവാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത്, ഇല്ലാത്ത കച്ചവടം ഉണ്ടെന്ന് വരുത്തി ആ പണം ബാങ്കിംഗ് സംവിധാനത്തിലൂടെ നിയമവിധേയമാക്കി കടത്തുക എന്നതാണ്. മറ്റൊരു രാജ്യത്ത് കൈവശപ്പെടുത്തിയ അനധികൃത പണം ഈ രാജ്യത്തേക്ക് കൊണ്ടുവരാന്‍, ആ രാജ്യത്തേക്ക് കാലിയായ കണ്ടെയ്നറുകള്‍ കയറ്റി അയച്ച് വലിയ അളവില്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്തതായി രേഖകള്‍ ഉണ്ടാക്കി അവിടെ നിന്ന് ഔപചാരിക മാര്‍ഗ്ഗങ്ങളിലൂടെ പണമയക്കുന്നു. അവിടത്തെ കള്ളപ്പണം ഇവിടെയെത്തുമ്പോള്‍, അങ്ങിനെ, കയറ്റുമതിയില്‍ നിന്ന് ലഭിച്ച വിശുദ്ധ പണമാവുന്നു. ചിലപ്പോള്‍ ഒരേ സാധനത്തിന് രണ്ട് തവണയോ അതില്‍ കൂടുതലോ ഇന്‍വോയ്സ് ഉണ്ടാക്കി അവയുടെ എല്ലാം അടിസ്ഥാനത്തില്‍ പണം ഇങ്ങോട്ട് എത്തിക്കുന്നു.

ഇവിടെനിന്ന് ഇന്ത്യന്‍ രൂപ കറന്‍സി നോട്ടായി, നിഷ്‌കര്‍ഷകള്‍ അത്രയധികമില്ലാത്ത അയല്‍ രാജ്യങ്ങളിലേക്ക് കടത്തി, അവിടെ വച്ച് അത് ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് മാറ്റി, നികുതിമുക്തമായ മറ്റൊരു രാജ്യത്തേക്ക് ഒഴുക്കി, അവിടെ നിന്ന് വ്യവസായ മൂലധനം എന്ന പേരില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സമ്പ്രദായം രാജ്യത്തെ വലിയ പേരുള്ള കോര്‍പ്പറേറ്റുകള്‍ കാലങ്ങളായി ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ്. ഇതിനിടയില്‍ പണം പല രാജ്യങ്ങള്‍ ചുറ്റുന്നുണ്ടാവും. ചിലപ്പോള്‍ കയറ്റുമതിപ്പണം ആയിട്ടാവും അതിന്റെ തിരിച്ചെഴുന്നള്ളത്ത്. ചിലപ്പോള്‍ അത് അവിടെ നിന്ന് വേറൊരു രാജ്യത്തേക്ക് കയറ്റുമതിപ്പണമായി പോയി അവിടെ നിന്നോ, മറ്റ് ചില രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ചോ ആയിരിക്കും ഇവിടെ വരുന്നത്. ഉദാഹരണത്തിന്, ഇവിടെ നിന്ന് കറന്‍സി ബംഗ്ലാദേശിലേക്ക് പോകുന്നു. അവിടെ നിന്ന് അത് മ്യാന്‍മാറിലേക്ക് സഞ്ചരിക്കുന്നു. അവിടത്തെ ബാങ്കുകളില്‍ കയറിപ്പറ്റുന്ന ആ പണം പിന്നീട് ഒരു കയറ്റുമതിപ്പണമായി ശ്രീലങ്കയിലേക്കും അവിടെ നിന്ന് ഷാര്‍ജയിലേക്കും പോകുന്നു. ഷാര്‍ജയില്‍ നിന്ന് ദുബായിലേക്ക് മാറ്റാന്‍ ഒട്ടും പ്രയാസമില്ല. ദുബായില്‍ നിന്ന് അത് എന്‍ആര്‍ഐ റെമിറ്റന്‍സ് ആയി ഇന്ത്യയില്‍ തിരിച്ചെത്തുന്നു.

കുറച്ച് അധികം കാലം മുന്‍പ്, ബഹ്റൈനില്‍ ഒരു മലയാളി മുതലാളി കോണ്‍ട്രാക്ടിംഗ് ബിസിനസ് തുടങ്ങിയപ്പോള്‍ മുതലാളിയുടെ ബന്ധുവായ ഇവിടത്തെ ഒരു സര്‍ക്കാര്‍ എന്‍ജിനീയര്‍ ലീവെടുത്ത് അതിലേക്ക് ചീഫ് എന്‍ജിനീയറായി പോകാന്‍ തീരുമാനിച്ചു. കമ്പനിയിലേക്ക് വേണ്ട പണിക്കാരെ കേരളത്തില്‍ നിന്ന് അദ്ദേഹം റിക്രൂട്ട് ചെയ്യും. കമ്പനിക്ക് വേണ്ടി പണിക്കാര്‍ക്കെല്ലാം വിമാന ടിക്കറ്റ് പ്രസ്തുത എന്‍ജിനീയര്‍ ഇന്ത്യയില്‍ വാങ്ങി നല്‍കും. ആ തുക അവരുടെ പത്ത് മാസത്തെ ശമ്പളത്തില്‍ നിന്ന് പിടിക്കും. ഇതായിരുന്നു ഒരു വ്യവസ്ഥ. ഏകദേശം ആയിരത്തോളം പേര്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബഹ്‌റൈനിലേക്ക് ഈ കമ്പനിയിലെ ജോലിക്കായി വിമാനം കയറി. അന്ന് സാധാരണ കപ്പലാണ് ഗള്‍ഫിലേക്കുള്ള യാത്രാമാര്‍ഗ്ഗം. ഇവരെയെല്ലാം പക്ഷേ വിമാനത്തിലാണ് കൊണ്ടുപോയത്. വിമാനടിക്കറ്റ് തുക രണ്ട് കോടി രൂപ. എന്‍ജിനീയറും കൂടെ പോയി. പത്ത് മാസം കൊണ്ട് എല്ലാവരുടെയും ശമ്പളത്തില്‍ നിന്ന് ഈ രണ്ട് കോടി രൂപയും പിടിച്ച് കമ്പനി മുതലാളി എഞ്ചിനീയര്‍ക്ക് നല്‍കി. അതാത് മാസം അത് അദ്ദേഹത്തിന്റെ ഇന്ത്യയിലെ എന്‍ആര്‍ഐ എക്കൗണ്ടിലേക്ക് ഒഴുകിവന്നു. പത്ത് മാസം കഴിഞ്ഞ് പണം മുഴുവന്‍ ലഭിച്ചപ്പോള്‍, എന്‍ജിനീയര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി തിരികെ ഇവിടത്തെ ജോലിയില്‍ കയറി. ആറ് മാസത്തിലധികം ഇന്ത്യയ്ക്ക് പുറത്ത് താമസിച്ച അദ്ദേഹം ആ സാമ്പത്തിക വര്‍ഷം എന്‍ആര്‍ഐ പദവി നേടി. എന്‍ആര്‍ഐയ്ക്ക് വിദേശത്ത് നിന്ന് അയച്ച വരുമാനത്തിന്റെ ഉറവിടം ആരെയും ബോധിപ്പിക്കുകയോ അതിന് വരുമാന നികുതി കൊടുക്കുകയോ വേണ്ട. യഥാര്‍ത്ഥത്തില്‍ കൈക്കൂലിപ്പണമായി ലഭിച്ച് തട്ടിന്‍പുറത്ത് വച്ച പണമാണ് അദ്ദേഹം വിമാന ടിക്കറ്റ് വാങ്ങാന്‍ ഉപയോഗിച്ചത്. അത് നല്ല വെള്ളപ്പണമായി തിരികെയെത്തി.

അബുദാബി മുനിസിപ്പാലിറ്റിയിലെ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്ത് സ്‌പെയര്‍ പാര്‍ട്ടുകള്‍ മാറ്റി എന്ന് കള്ള ബില്ലെഴുതി ആഴ്ചതോറും തട്ടിയെടുത്ത അരക്കോടിയോളം രൂപ എത്തിയത് കേരളത്തിലെ ഒരു പ്രദേശത്തെ നിരവധി എന്‍ആര്‍ഐ എക്കൗണ്ടുകളിലേക്കാണ്. സ്രോതസ് അറിയിക്കേണ്ട, നികുതി കൊടുക്കേണ്ട! വളരെയധികം കാലം ആ കളവ് തുടര്‍ന്നെങ്കിലും ഒരിക്കല്‍ പിടിക്കപ്പെട്ടു. അത് ആ രാജ്യത്തെ വെറുമൊരു അഴിമതിക്കേസ് മാത്രമായി എവിടെയോ എത്തി. ഇന്ത്യയിലേക്ക് വന്ന പണം എവിടെയെല്ലാമാണ് പോയത്, എന്തിനെല്ലാമാണ് ഉപയോഗിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് അന്നൊന്ന് കാടിളകി, കരിയില പറന്നു എന്നല്ലാതെ ഇവിടെ കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ല. ആ പ്രദേശത്തെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍, സമവാക്യങ്ങളില്‍, അതുവരെയുണ്ടായിരുന്ന സാരാംശങ്ങളില്‍ നിന്ന് കാതലായ മാറ്റം വന്നു എന്നത് ഒരു കറുത്ത യാഥാര്‍ഥ്യമായി ഇന്നും തുടരുന്നു.

പണം വെളുപ്പിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം വിദേശ രാജ്യങ്ങളില്‍ നടത്തുന്ന താരനിശകള്‍, ഗാനമേളകള്‍ പോലെയുള്ള ട്രൂപ്പ് പരിപാടികള്‍ ആണ്. എല്ലാമാണെന്നല്ല; അങ്ങിനെയും നടക്കുന്നുണ്ട് എന്ന് മാത്രം. പരിപാടിയില്‍ പങ്കെടുക്കുന്ന ‘അപ്രമുഖര്‍ക്ക്’ പ്രതിഫലം ഇന്ത്യന്‍ രൂപയായി ഇവിടെ നല്‍കുന്നു. അത് ചില പ്രത്യേക കേന്ദ്രങ്ങളിലൂടെ ആണ് നല്‍കുന്നത്; അവരുടെ കൈവശമുള്ള, ഇവിടെ സൂക്ഷിച്ച, കണക്കില്‍ കാണിക്കാത്ത പണം. ഇതടക്കമുള്ള തുക അവിടെ വച്ച് സംഘാടകര്‍ പ്രമുഖര്‍ക്ക് വിദേശനാണ്യത്തില്‍ നല്‍കുന്നു. അത് രേഖകള്‍ പ്രകാരം അവരുടെ മാത്രം പ്രതിഫലം. അവരുടെ എക്കൗണ്ടിലേക്ക് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അയയ്ക്കുമ്പോള്‍ ആ പണം വെളുക്കുന്നു. ഇത്തരം കള്ളപ്പണത്തിന്റെ പുറകില്‍ കൊള്ളപ്പലിശക്കാര്‍, ക്വട്ടേഷന്‍ സംഘക്കാര്‍ എന്നിവരൊക്കെയാവും. വിദേശനാണയത്തില്‍ പ്രതിഫലം ലഭിച്ചവര്‍ തങ്ങളുടെ ശരിയായ വിഹിതത്തിന് പുറമെ, അധികമായി കിട്ടിയ പണത്തില്‍ നിന്ന് ഒരു നല്ല കമ്മീഷന്‍ എടുത്ത് ആദ്യം പണം മുടക്കിയവരുമായി എന്തെങ്കിലും ഇടപാടുകള്‍ നടത്തിയതായി രേഖയുണ്ടാക്കി ബാക്കി ഭാഗം നല്‍കുന്നു.

കള്ളപ്പണം വെള്ളപ്പണം ആവുമ്പോള്‍ അത് രാജ്യത്തെ സമ്പദ്ഘടനയില്‍ വരുത്തുന്ന പരിക്ക് മാരകമാണ്. ജനങ്ങളില്‍ നിന്ന്, സര്‍ക്കാറില്‍ നിന്ന്, പൊതു സമ്പദ്വ്യവസ്ഥയില്‍ നിന്ന് സമ്പത്ത് കുറ്റവാളികളുടെ കൈകളിലേക്ക് പ്രവഹിക്കുക എന്ന ഭീകരമായ ഒരവസ്ഥയില്‍ ഭരണ സംവിധാനം വെറുമൊരു പ്രഹസനമായി മാറും. സമ്പദ്ഘടന നിയന്ത്രിക്കുന്നത് കുറ്റവാളികളും ഭീകരരുമാവും. അവരുടെ വിദ്ധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗുണമാകുംവിധം സാമ്പത്തിക സ്ഥിതിഗതികളെ തിരുത്തിയെഴുതാന്‍, നാട്ടിലെ വ്യവസ്ഥാപിത ഭരണവ്യവസ്ഥയെ അട്ടിമറിക്കാന്‍ അവര്‍ക്കാവുന്നു. വിലക്കയറ്റം, നാണയപ്പെരുപ്പം, കൃഷി-ഉല്‍പ്പാദന പ്രക്രിയകളില്‍ നിന്ന് പണത്തെ മാറ്റത്തക്കവിധം ഉപഭോഗ വസ്തുക്കളുടെ അതിമാസ്മരപ്രസരം, അനാരോഗ്യകരമായ തൊഴില്‍ സംസ്‌കാരം, വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണവും അതിനെ സാധാരണക്കാരന് അപ്രാപ്യമാവും വിധം അകറ്റുന്നതും, പൊതു ഉടമസ്ഥതയില്‍ ഉള്ള സൗജന്യ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനത്തിനെ ദുര്‍ബലപ്പെടുത്തുമാറ് അവയ്ക്ക് സ്വകാര്യ മേഖലയിലൂടെ സമാന്തരങ്ങള്‍ സൃഷ്ടിക്കുക ഇതെല്ലം സാമ്പത്തിക-സാമൂഹ്യ വിധ്വംസ്വക പ്രവര്‍ത്തികളില്‍ പെടും. അവയിലെല്ലാം വെളുത്ത ഉടുപ്പിട്ട കറുത്ത പണത്തിന്റെ സ്വാധീനമുണ്ട്. കേരളീയര്‍ ‘നഷ്ടം’ എന്ന് പറഞ്ഞ് കൃഷി നിര്‍ത്തിയത് ഈ അലഭ്യലഭ്യശ്രീ പണ ലഭ്യതയുമായി കൂട്ടിവായിക്കാം.

ഒരു ദ്രവ്യം കൊണ്ട് നിര്‍മ്മിച്ച വിശ്വത്തില്‍ ജീവനെ തളച്ചിടുന്ന കര്‍മ്മങ്ങളെ മൂന്നായിട്ടാണ് പൂന്താനം കണ്ടത്. അദ്ദേഹം തന്നെ പറയുന്നു, ചിലത് സമ്മിശ്രമാണെന്ന്. പ്രഥമദൃഷ്ട്യാ പുണ്യപ്രവര്‍ത്തിയായി തോന്നുന്ന പലതും പുറകില്‍ പ്രവര്‍ത്തിക്കുന്ന പാപപ്രവര്‍ത്തിയുടെ വെളുത്ത മേലുറയാണ്. പ്രക്ഷാളനം (അലക്കിവെളുപ്പിക്കല്‍) ചെയ്യപ്പെട്ട പണം, നിറം കൊണ്ട് മാത്രമേ വെളുത്തിരിക്കുന്നുള്ളൂ. കര്‍മ്മം കൊണ്ട് അത് പാപക്കറയുടെ കറുത്ത രക്തത്തിന്റെ ജീവക്രമം തന്നെയാണ്.

Categories: FK Special, Slider