ബിഷ്‌കെക്ക് നല്‍കുന്ന സന്ദേശം

ബിഷ്‌കെക്ക് നല്‍കുന്ന സന്ദേശം

ഭീകരതയ്ക്ക് പരിരക്ഷ നല്‍കുന്നത് അവസാനിപ്പിക്കാതെ ഇനി ചര്‍ച്ചയില്ലെന്ന ഉറച്ച സന്ദേശമാണ് പ്രധാനമന്ത്രി മോദി ബിഷ്‌കെക്കില്‍ നല്‍കിയത്

നരേന്ദ്ര മോദി ആദ്യമായി രാജ്യത്തിന്റെ അധികാരമേറ്റ 2014ല്‍ പാക്കിസ്ഥാനുമായി മികച്ച സൗഹൃദം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മോദി ക്ഷണിച്ചതും ഷരീഫുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശ്രമവും എല്ലാം വലിയ വാര്‍ത്താപ്രാധാന്യം തന്നെ നേടി. എന്നാല്‍ പിന്നീട് കണ്ടത് ഭീകരതയുടെ പേരില്‍ ഇന്ത്യ-പാക് ബന്ധം ഉലയുന്നതാണ്.

പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റമൊന്നും ഉണ്ടാക്കാന്‍ ഇന്ത്യയുടെ നയങ്ങള്‍ക്ക് സാധിച്ചില്ലെന്ന വിമര്‍ശനങ്ങള്‍ ആഭ്യന്തരമായും ഉയര്‍ന്നു. അതുകൊണ്ടുതന്നെ ഇത്തവണ കരുതലോടെ, സ്പഷ്ടമായ രാഷ്ട്രീയ സന്ദേശം പാക്കിസ്ഥാന് നല്‍കാനാണ് പ്രധാനമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കിര്‍ഗിസ് തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടന്ന സമ്മേളനം.

ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടി പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ ചര്‍ച്ചയെ കുറിച്ച് ആലോചിക്കേണ്ടതേയില്ലെന്ന സന്ദേശമാണ് മോദി നല്‍കിയിരിക്കുന്നത്. ഭീകരതയ്‌ക്കെതിരെ തങ്ങള്‍ നടപിയെടുക്കുന്നുവെന്ന ബോധ്യപ്പെടുത്തേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്.

മോദി വീണ്ടും ഭരണത്തിലേറിയ ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര വേദിയില്‍ ഇരുനേതാക്കളും എത്തുന്നത്. അവിടെ ഉറച്ച സന്ദേശം തന്നെ പാക്കിസ്ഥാന് നല്‍കാന്‍ അദ്ദേഹത്തിനായി. ചര്‍ച്ചകളില്‍ ഏര്‍പ്പെടാനോ, നിലവിലെ നിലപാട് മൃദുവാക്കാനോ ഇന്ത്യ തയാറല്ലെന്ന് തന്നെയാണ് സൂചന.

ഷാംഗ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായാണ് മോദിയും ഇമ്രാനും ബിഷ്‌കെക്കിലെത്തിയത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രശ്‌നം ഭീകരതയ്‌ക്കെതിരെ അവര്‍ ക്രിയാത്മകമായ നടപടി സ്വീകരിക്കുന്നില്ല എന്നതാണെന്ന് ഇന്ത്യ കരുതുന്നു. ഭീകരതയും ചര്‍ച്ചയും ഒരുമിച്ചു പോകില്ലെന്ന ശക്തമായ നിലപാടിലേക്ക് ഇന്ത്യയെ എത്തിച്ചതും ഇതാണ്. ഉറിക്ക് ശേഷം പുല്‍വാമയിലൂടെ ഭീകരതയുടെ കെടുതി ഇന്ത്യ കാര്യമായി നേരിട്ടപ്പോഴും പാക്കിസ്ഥാന്റെ സമീപനത്തില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല. പുതിയ പ്രധാനമന്ത്രിയായി ഇ്മ്രാന്‍ ഖാന്‍ വന്നതോടെ പുതിയ പാക്കിസ്ഥാനാണ് ഇനി ജനിക്കുകയെന്ന പ്രസ്താവനകളെല്ലാം വന്നെങ്കിലും ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ ഫലവത്തായ നടപടികളേതുമുണ്ടായില്ല എന്നതാണ് വാസ്തവം.

പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ തെളിവുകള്‍ പാരിസ് കേന്ദ്രമാക്കിയ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന് നല്‍കാന്‍ ഇന്ത്യ തയറാടെക്കുന്നതായാണ് വിവരം. ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമാക്കിയ ഭീകരസംഘടനങ്ങള്‍ സജീവമായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായിരിക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്യമായി ശ്രദ്ധ നല്‍കുക. പാക്കിസ്ഥാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന ധനസഹായത്തെ അത് ബാധിക്കാന്‍ സാധ്യതയുണ്ട്. ഐഎംഎഫ് നല്‍കാമെന്നേറ്റ ആറ് ബില്യണ്‍ ഡോളര്‍ വായ്പയെ വരെ അത് ബാധിച്ചേക്കും.

ഇമ്രാന്‍ ഖാനെ വേദിയിലിരുത്തിക്കൊണ്ടാണ് ബിഷ്‌കെക്കില്‍ പ്രധാനമന്ത്രി ഭീകരതയ്‌ക്കെതിരെ ആഞ്ഞടിച്ചത്. എന്തായാലും പാക്കിസ്ഥാനുമായുള്ള ബന്ധം പേരിന് മെച്ചപ്പെടുത്തുന്നതിന് മാത്രമായി ഒരു റിസ്‌ക് എടുക്കാന്‍ മോദി ഇത്തവണ തയാറായേക്കില്ല.

Categories: Editorial, Slider