കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യ

കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യ

നെയ്‌റോബി, ഹോങ്കോംഗ്, ബാലി എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ ഒക്‌റ്റോബറോടെ സര്‍വീസ് ആരംഭിക്കും

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനൊരുങ്ങുന്നു. നെയ്‌റോബി, ഹോങ്കോംഗ്, ബാലി എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഭീമമായ നഷ്ടവും സാമ്പത്തിക ഞെരുക്കവും കാരണം ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഈ വിടവ് നികത്താനുള്ള മത്സരത്തിലാണ് എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റും ഗോ എയറും അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍. ഇതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതായി എയര്‍ ഇന്ത്യയും പ്രഖ്യാപിച്ചിട്ടുള്ളത്.

ഒക്‌റ്റോബര്‍ മാസത്തോടെ നെയ്‌റോബി, ഹോങ്കോംഗ്, ബാലി റൂട്ടുകളില്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. ദുബൈ, ദോഹ, ലണ്ടന്‍ എന്നിവിടങ്ങളിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സിന്റെ ഉപയോഗിക്കാത്ത സര്‍വീസ് പെര്‍മിറ്റുകള്‍ എയര്‍ ഇന്ത്യ ഇതിനകം നേടിയിട്ടുണ്ട്. ഡെല്‍ഹി-ദുബായ്, മുംബൈ-ദുബായ് റൂട്ടുകളില്‍ ഈ മാസം ഒന്നാം തീയതി മുതല്‍ കൂടുതല്‍ സര്‍വീസുകളും എയര്‍ ഇന്ത്യ നടത്തുന്നുണ്ട്.

ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വെയ്‌സ് താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതുമൂലം അന്താരാഷ്ട്ര റൂട്ടുകളിലുണ്ടായ വിടവ് നികത്താനുള്ള അതീവ ശ്രമത്തിലാണ് എയര്‍ ഇന്ത്യ. ജെറ്റ് അടച്ചുപൂട്ടിയതോടെ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര ശേഷിയില്‍ 17 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പറയുന്നത്.

എയര്‍ ഇന്ത്യയുടെ വരുമാനത്തില്‍ ഏകദേശം 70 ശതമാനം പങ്കുവരുന്നത് അന്താരാഷ്ട്ര സര്‍വീസുകളില്‍ നിന്നാണ്. ട്രാവല്‍ സംരംഭമായ ക്ലിയര്‍ട്രിപ്പില്‍ നിന്നുള്ള കണക്ക് പ്രകാരം ഏപ്രില്‍, മേയ് മാസങ്ങളില്‍ ദുബായ്, സിംഗപ്പൂര്‍, ലണ്ടന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാനിരക്കില്‍ ശരാശരി 30 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ വിഹിതം യഥാക്രനം 14.5 ശതമാനവും 28.5 ശതമാനവുമാണ്. ഹോങ്കോംഗിലേക്കുള്ള യാത്രികരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ കമ്പനി ജെറ്റ് എയര്‍വെയ്‌സ് ആയിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് ഹോങ്കോംഗിലേക്ക് ഇന്‍ഡിഗോ നേരിട്ട് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതായി സ്‌പൈസ് ജെറ്റും പ്രഖ്യാപിച്ചിട്ടുണ്ട്.

നെയ്‌റോബിയും ബാലിയുമാണ് എയര്‍ ഇന്ത്യയുടെ പുതിയ റൂട്ടുകള്‍. ചെന്നൈ-ബാലി റൂട്ടില്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ വിദേശ റൂട്ടുകളിലെ ഏറ്റവും വലിയ കമ്പനി എയര്‍ ഇന്ത്യയാണ്. എങ്കിലും സാമ്പത്തികമായ പ്രതിസന്ധി കമ്പനിയെ വലയ്ക്കുന്നുണ്ട്. എന്‍ജിന്‍ മാറ്റുന്നതിനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കുമായി 14 എയര്‍ക്രാഫ്റ്റുകളാണ് എയര്‍ ഇന്ത്യ നിലത്തിറക്കിയിട്ടുള്ളത്. ഒക്‌റ്റോബറോടെ ഇവ ആകാശത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News
Tags: Air India

Related Articles