ഞാന്‍ തോറ്റാല്‍ വിപണി തകര്‍ന്നടിയും: ട്രംപ്

ഞാന്‍ തോറ്റാല്‍ വിപണി തകര്‍ന്നടിയും: ട്രംപ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച ഓര്‍ലാന്‍ഡോയില്‍ ട്രംപ് തുടക്കം കുറിക്കും

വാഷിംഗ്ടണ്‍: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്ക് പകരം മറ്റാരെങ്കിലും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഓഹരി വിപണിയില്‍ ചരിത്രപരമായ തകര്‍ച്ചയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡവന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘ഞാനല്ലാതെ മറ്റാരെങ്കിലും അധികാരത്തിലേറിയാല്‍, മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള ഒരു വിപണി തകര്‍ച്ചയാവും ഉണ്ടാവുക,’ തന്നെ ട്വിറ്ററില്‍ പിന്തുടരുന്ന 61 ദശലക്ഷം ആളുകളെ അഭിസംബോധന ചെയ്ത് ട്രംപ് കുറിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഒരു വര്‍ഷം ശേഷിക്കെ, ഭരണത്തുടര്‍ച്ച തേടി മത്സരിക്കുന്ന ട്രംപ് എല്ലാ ആയുധങ്ങളും പുറത്തെടുക്കുമെന്ന് വ്യക്തമാക്കുന്നതാണ് പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച ഓര്‍ലാന്‍ഡോയില്‍ ഔദ്യോഗികമായി തുടക്കം കുറിക്കാനിരിക്കെയാണ് പ്രസിഡന്റ് ട്വിറ്ററിലൂടെ അജണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.

2018 ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നാലു തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ യുഎസ് ഓഹരി വിപണി 5,000 മുതല്‍ 10,000 വരെ പോയന്റുകള്‍ ഉയര്‍ന്നേനെയെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിനു മുന്‍പും ഓഹരി വിപണിയെയും തന്റെ വിജയത്തെയും കൂട്ടിക്കെട്ടി അദ്ദേഹം പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയാണ് വിജയിച്ചിരുന്നതെങ്കില്‍ ഓഹരി വിപണി 10,000 പോയന്റ് ഇടിയുമായിരുന്നെന്നാണ് ഫെബ്രുവരിയില്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്. ഓഹരി വിപണി എങ്ങനെയാണെന്ന് ഇത്രയും അവബോധമുള്ള, അതിന്റെ താഴ്ചയും ഉയര്‍ച്ചയും വ്യക്തമാക്കി തരുന്ന ഒരു പ്രസിഡന്റിനെയും മുന്‍പ് കണ്ടിട്ടില്ലെന്നാണ് എംയുഎഫ്ജി യൂണിയന്‍ ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധനായ ക്രിസ് റുപ്കി ഇതിനോട് പ്രതികരിച്ചിരുന്നത്. യുഎസിന്റെ എസ്&പി 500 സൂചിക മേയ് മാസത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നെങ്കിലും ചൈനയുമായുള്ള ട്രംപിന്റെ വ്യാപാരയുദ്ധത്തില്‍ തിരിച്ചടിയേറ്റ് താഴേക്ക് വീണിരുന്നു.

ട്രംപ് വീണ്ടും തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുമ്പോള്‍, യുഎസ് സാമ്പത്തികമാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യതകള്‍ 25 ശതമാനത്തില്‍ നിന്ന് 30 ആയി വര്‍ധിച്ചിട്ടുണ്ടെന്നാണ് ജൂണ്‍ രണ്ടാം വാരം സാമ്പത്തിക വിദഗ്ധര്‍ നടത്തിയ സര്‍വേയില്‍വ്യക്തമാക്കുന്നത്. സമീപകാലത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ തൊഴില്‍ വളര്‍ച്ചയും മന്ദഗതിയിലാണ്. ട്രംപിന്റെ താരിഫ് ഭീഷണികള്‍ ബിസിനസ് മേഖലയെയും ബാധിക്കുന്നുണ്ട്. നിലവില്‍ യുഎസിന്റെ ബജറ്റ് കമ്മി, ദേശീയ കടം എന്നിവയും അപകടകരമായ അവസ്ഥയിലാണ്.

Comments

comments

Categories: FK News