2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ പരീക്ഷണ ഓട്ടം തുടരുന്നു

2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ പരീക്ഷണ ഓട്ടം തുടരുന്നു

ബിഎസ് 6 കൂടാതെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായിരിക്കും പുതിയ സ്‌കോര്‍പ്പിയോ

ന്യൂഡെല്‍ഹി : 2020 മോഡല്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ പരീക്ഷണ ഓട്ടം നടത്തുന്നത് വീണ്ടും കണ്ടെത്തി. 2002 ജൂണില്‍ ആദ്യമായി വിപണിയിലെത്തിയ സ്‌കോര്‍പ്പിയോ ഇതാദ്യമായാണ് ഇത്രയും സമഗ്രമായി പരിഷ്‌കരിക്കുന്നത്. ബിഎസ് 6 കൂടാതെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായിരിക്കും 2020 മോഡല്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ. ലാഡര്‍-ഓണ്‍-ഫ്രെയിം ഷാസിയില്‍ തന്നെയായിരിക്കും പുതു തലമുറ മഹീന്ദ്ര സ്‌കോര്‍പ്പിയോ നിര്‍മ്മിക്കുന്നത്.

കൂടുതല്‍ വലുപ്പത്തോടെയായിരിക്കും പുതിയ സ്‌കോര്‍പ്പിയോ വിപണിയിലെത്തുന്നത്. താഴ്ന്ന റൂഫ്‌ലൈന്‍, വലിയ അനുപാതങ്ങള്‍ എന്നിവ കൂടാതെ, എസ്‌യുവിയുടെ മുന്‍ഭാഗം കുറേക്കൂടി നിവര്‍ന്നതായിരിക്കും. ഹുഡ് സ്‌കൂപ്പ് ഇത്തവണ നല്‍കിയിട്ടില്ലെന്ന് തോന്നുന്നു. ഫ്‌ളെയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, അല്‍പ്പം ചെരിഞ്ഞ വിന്‍ഡ്ഷീല്‍ഡ് എന്നിവയും പരീക്ഷണ ഓട്ടം നടത്തുന്ന എസ്‌യുവിയില്‍ കണ്ടു.

വാഹനത്തിനകത്ത് പൂര്‍ണ്ണമായ അഴിച്ചുപണി നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവാരമേറിയ മെറ്റീരിയല്‍, ഫിറ്റ് ആന്‍ഡ് ഫിനിഷ് എന്നിവ കൂടാതെ പിനിന്‍ഫറീനയുടെ ഡിസൈന്‍ മികവ് കാണാന്‍ കഴിയും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, മറ്റ് കണക്റ്റിവിറ്റി ഫീച്ചറുകള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം.

ബിഎസ് 6 പാലിക്കുന്നതായിരിക്കും എസ്‌യുവിയുടെ എന്‍ജിന്‍. 2.0 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 158 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. നിലവില്‍ ഇത് 138 ബിഎച്ച്പിയാണ്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ കൂടാതെ ഓട്ടോമാറ്റിക് ഓപ്ഷന്‍ കൂടി നല്‍കും. പുതു തലമുറ മഹീന്ദ്ര സ്‌കോര്‍പ്പിയോ പെട്രോള്‍ എന്‍ജിനില്‍ കൂടി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto