2019 പോര്‍ഷെ മകാന്‍ ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

2019 പോര്‍ഷെ മകാന്‍ ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത പോര്‍ഷെ മകാന്‍ എസ്‌യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2014 ലാണ് ആഗോളതലത്തില്‍ പോര്‍ഷെ മകാന്‍ ആദ്യമായി പുറത്തിറക്കിയത്. പുതു തലമുറ പോര്‍ഷെ കയെനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത മകാന്റെ സ്റ്റൈലിംഗ്. കൂടാതെ, പുതിയതും പരിഷ്‌കരിച്ചതുമായ നിരവധി ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു. മയാമി ബ്ലൂ, മാംബ ഗ്രീന്‍ മെറ്റാലിക്, ഡോളമൈറ്റ് സില്‍വര്‍ മെറ്റാലിക്, ക്രയോണ്‍ എന്നീ നാല് പുതിയ നിറങ്ങളിലും ഇപ്പോള്‍ എസ്‌യുവി ലഭിക്കും.

അകത്തും പുറത്തും നിരവധി പ്രീമിയം ഫീച്ചറുകളുമായാണ് പോര്‍ഷെ മകാന്‍ ഫേസ്‌ലിഫ്റ്റ് വരുന്നത്. എസ്‌യുവിയുടെ മുന്‍ഭാഗം പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കി. പിന്‍വശത്ത് 3ഡി എല്‍ഇഡി ടെയ്ല്‍ലൈറ്റ് സ്ട്രിപ്പ് കാണാം. ഇതും സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റാണ്. അതേസമയം, അഡാപ്റ്റീവ് ലൈറ്റ് ഡിസ്ട്രിബ്യൂഷന്‍ സഹിതം പോര്‍ഷെ ഡൈനാമിക് ലൈറ്റ് സിസ്റ്റം പ്ലസ് (പിഡിഎല്‍എസ്) ഓപ്ഷണല്‍ എക്‌സ്ട്രാ ആയി ലഭിക്കും.

കാബിനിലും മാറ്റങ്ങള്‍ കാണാം. കൂടുതല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളോടെ ഇപ്പോള്‍ പുതിയ ഇന്റീരിയര്‍ പാക്കേജുകള്‍ ലഭിക്കും. പരിഷ്‌കരിച്ച ഡാഷ്‌ബോര്‍ഡില്‍ പുതിയ പോര്‍ഷെ കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റിനായി (പിസിഎം) ഇപ്പോള്‍ 11 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത എയര്‍ വെന്റുകള്‍ റീപൊസിഷന്‍ ചെയ്തു. പോര്‍ഷെ 911 സ്‌പോര്‍ട്‌സ്‌കാറില്‍ കണ്ടതുപോലെ എസ്‌യുവിയില്‍ ഇപ്പോള്‍ ജിടി സ്‌പോര്‍ട്‌സ് സ്റ്റിയറിംഗ് വീല്‍ നല്‍കി. കണക്റ്റ് പ്ലസ് മൊഡ്യൂള്‍ സ്റ്റാന്‍ഡേഡാണ്. എല്ലാ വാഹനങ്ങളും പൂര്‍ണ്ണമായും നെറ്റ്‌വര്‍ക്ക് ചെയ്തിരിക്കും.

നിലവിലെ 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ തുടരും. എന്നാല്‍ കരുത്ത് അല്‍പ്പം വര്‍ധിക്കും. ബേസ് മോഡലില്‍ 300 ബിഎച്ച്പി ആയിരിക്കും. മകാന്‍ എസ് വേരിയന്റിലെ എന്‍ജിന്‍ 355 ബിഎച്ച്പി പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടോപ് വേരിയന്റായ മകാന്‍ ടര്‍ബോയിലെ എന്‍ജിന്‍ 434 ബിഎച്ച്പി ഉല്‍പ്പാദിപ്പിച്ചേക്കും. നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളോടെ പുതിയ 20 ഇഞ്ച്, 21 ഇഞ്ച് ചക്രങ്ങളിലാണ് പുതിയ മകാന്‍ വരുന്നത്.

Comments

comments

Categories: Auto
Tags: Porsche Mcan