ഡബ്ല്യുപിഐ പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ താഴ്ചയില്‍

ഡബ്ല്യുപിഐ പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ താഴ്ചയില്‍
  • ഏപ്രിലിലെ 3.07 ശതമാനത്തില്‍ നിന്നും മേയില്‍ 2.45 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്
  • കഴിഞ്ഞ വര്‍ഷം മേയില്‍ 4.78 ശതമാനമായിരുന്നു ഡബ്ല്യുപിഐ പണപ്പെരുപ്പം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം മേയില്‍ 2.45 ശതമാനമായി കുറഞ്ഞു. 22 മാസത്തിനിടെ രാജ്യം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്. ഏപ്രിലില്‍ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 3.07 ശതമാനമായിരുന്നു.

കഴിഞ്ഞ വര്‍ഷം മേയില്‍ 4.78 ശതമാനമായിരുന്നു ഇന്ത്യയുടെ ഡബ്ല്യുപിഐ പണപ്പെരുപ്പം. 2017 ജൂലൈ മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ ഡബ്ല്യുപിഐ പണപ്പെരുപ്പമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 1.88 ശതമാനമായിരുന്നു 2017 ജൂലൈയില്‍ ഡബ്ല്യുപിഐ പണപ്പെരുപ്പം.

ഭക്ഷ്യ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വൈദ്യുതി നിരക്കിലും മേയില്‍ ഉണ്ടായ ഇടിവാണ് പ്രധാനമായും ഡബ്ല്യുപിഐ പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യസാധനങ്ങളുടെ വിഭാഗത്തില്‍ വിലക്കയറ്റം ഏപ്രിലിലെ 7.37 ശതമാനത്തില്‍ നിന്നും കഴിഞ്ഞ മാസം 6.99 ശതമാനമായി ചുരുങ്ങി.

മാര്‍ച്ചില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് 5.68 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയിരുന്നു. ഉള്ളിവില കഴിഞ്ഞ മാസം 15.89 ശതമാനം വര്‍ധിച്ചു. ഏപ്രിലില്‍ (-) 3.43 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. പച്ചക്കറികളുടെ വിലക്കയറ്റം ഏപ്രിലിലെ 40.65 ശതമാനത്തില്‍ നിന്നും 33.15 ശതമാനമായി ചുരുങ്ങി.

മാര്‍ച്ചില്‍ പച്ചക്കറികള്‍ക്ക് 28.13 ശതമാനം വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു.
ഏപ്രിലിലെ (-) 17.15 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസം ഉരുളക്കിഴങ്ങിന്റെ വിലയില്‍ (-) 23.36 ശതമാനം വര്‍ധനയുണ്ടായി. ഇന്ധ-ഊര്‍ജ വിഭാഗത്തില്‍ വിലക്കയറ്റം 3.84 ശതമാനത്തില്‍ നിന്നും 0.98 ശതമാനമായി കുറഞ്ഞു. മാനുഫാക്ച്ചറിംഗ് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 1.28 ശതമാനം വര്‍ധനയാണ് മേയില്‍ ഉണ്ടായത്. ഏപ്രിലില്‍ 1.72 ശതമാനം വിലക്കയറ്റം അനുഭവപ്പെട്ട സ്ഥാനത്താണിത്.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഏപ്രിലിലെ 2.92 ശതമാനത്തില്‍ നിന്നും മേയില്‍ 3.05 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പച്ചക്കറികള്‍ക്കും പ്രോട്ടീന്‍ സമൃദ്ധമായ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിച്ചതാണ് റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ പ്രതിഫലിച്ചത്.

എന്നാല്‍, ധനനയ പ്രഖ്യാപനത്തില്‍ കേന്ദ്ര ബാങ്ക് പരിഗണിക്കുന്ന മുഖ്യ ഘടകമായ റീട്ടെയ്ല്‍ പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ തുടരുന്നത് ആശ്വാസം നല്‍കുന്നുണ്ട്. ഇത് പരിഗണിച്ച് ജൂണ്‍ ആറിന് നടന്ന ധനനയ പ്രഖ്യാപനത്തില്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചിരുന്നു. ഏകദേശം ഒന്‍പത് വര്‍ഷത്തെ കുറഞ്ഞ നിരക്കായ 5.75 ശതമാനമായാണ് ആര്‍ബിഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചിട്ടുള്ളത്.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 3-3.1 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിരീക്ഷണം. കാലവര്‍ഷം സംബന്ധിച്ച ആശങ്കകളും ക്രൂഡ് ഓയില്‍ വിലയും പച്ചക്കറി വിലയിലുണ്ടായ അസാധാരണ വര്‍ധനയും സാമ്പത്തിക വിപണിയിലെ അസ്ഥിരതയും പണപ്പെരുപ്പത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് കേന്ദ്ര ബാങ്ക് പറയുന്നത്.

ഡബ്ല്യുപിഐ പണപ്പെരുപ്പം

ഏപ്രില്‍ 3.62%

മേയ് 4.78%

ജൂണ്‍ 5.68%

ജൂലൈ 5.27%

ഓഗസ്റ്റ് 4.62%

സെപ്റ്റംബര്‍ 5.22%

ഒക്‌റ്റോബര്‍ 5.28%

നവംബര്‍ 4.47%

ഡിസംബര്‍ 3.46%

ജനുവരി 2.76%

ഫെബ്രുവരി 2.93%

മാര്‍ച്ച് 3.18%

ഏപ്രില്‍ 3.07%

മേയ് 2.45%

Comments

comments

Categories: Business & Economy