അശാന്തമാകുന്ന പശ്ചിമേഷ്യ

അശാന്തമാകുന്ന പശ്ചിമേഷ്യ

യുഎസ്-ഇറാന്‍ പോര് പുതിയ തലത്തിലെത്തി നില്‍ക്കുമ്പോള്‍ പശ്ചിമേഷ്യയിലെ വ്യാപാരം അനിശ്ചിതാവസ്ഥയിലാകുമോയെന്നാണ് ബിസിനസ് ലോകത്തിന്റെ ആശങ്ക. പക്വതയോടെയുള്ള ഇടപെടലിന് ലോകരാജ്യങ്ങള്‍ തയാറാകണം

ഒമാന്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച്ച എണ്ണകപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതോടെ പശ്ചിമേഷ്യ കൂടുതല്‍ പ്രശ്‌നാധിഷ്ഠിതമായി മാറുകയാണ്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് ആരോപിക്കുമ്പോള്‍ തെളിയിക്കാനാകുമോയെന്നാണ് അവരുടെ മറുചോദ്യം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറിയ ശേഷമാണ് ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം വഷളായി തീര്‍ന്നത്. ഉത്തരവാദിത്തപൂര്‍ണമായ സമീപനത്തിലൂടെ ബരാക് ഒബാമ മുന്‍കൈയെടുത്ത് ഒപ്പുവെച്ച ആണവ ഉടമ്പടിയില്‍ നിന്നും ഏകപക്ഷീയമായിരുന്നു ട്രംപ് പിന്മാറിയത്. പിന്നീട് ഇറാനെതിരെ അമേരിക്ക വീണ്ടും ഉപരോധം കൊണ്ടുവന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ എണ്ണ ഇറക്കുമതിയെ അത് ബാധിക്കുകയും ചെയ്തു.

ട്രംപിന്റെ ഇഷ്ടരാജ്യമായ സൗദി അറേബ്യയെ അത് കൂടുതല്‍ സന്തോഷിപ്പിച്ചു. കാരണം സൗദിയുടെ പ്രഖ്യാപിത ശത്രുക്കളില്‍ ഒന്നാമനാണ് ഇറാന്‍. അവരോട് അനുഭാവപൂര്‍വം ഇടപെടല്‍ നടത്താന്‍ ഒബാമ തയാറായപ്പോള്‍ യുഎസുമായി കൃത്യമായ അകലം പാലിച്ചുള്ള നയതന്ത്രം സൗദിയും പുറത്തെടുത്തു. അതിന് മാറ്റം വന്നത് ട്രംപ് പ്രസിഡന്റായ ശേഷമാണ്. ഇറാനും അമേരിക്കയും തമ്മിലും ഇറാനും സൗദിയും തമ്മിലുമുള്ള ഈ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കൈവിട്ടുപോയിക്കൊണ്ടിരിക്കുന്നത്. മേയ് 12നും എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. അപ്പോഴും അമേരിക്ക വിരല്‍ ചൂണ്ടിയത് ഇറാന് നേരെയായിരുന്നു. എന്നാല്‍ ഇതിലൊന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും അട്ടിമറി സംശയിക്കണമെന്നുമാണ് ഇറാന്‍ വ്യക്തമാക്കിയത്. യുഎസും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ നടത്തുന്ന തീവ്രശ്രമങ്ങള്‍ക്ക് നടുവിലാണ് പുതിയ ആക്രമണമെന്നത് ശ്രദ്ധേയമാണ്.

മേഖലയിലെ സുരക്ഷ ഉറപ്പാക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസം മൈക്ക് പോംപിയോ പറഞ്ഞത്. എന്നാല്‍ ഇറാനും അമേരിക്കയും സൗദി അറേബ്യയും മനസിലാക്കേണ്ട പ്രധനപ്പെട്ട ഒരു വസ്തുതയുണ്ട്, ഇനിയൊരു യുദ്ധം ഗള്‍ഫില്‍ സംഭവിച്ചാല്‍ അത് അവിടുത്തെ ജനതയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

Categories: Editorial, Slider