ഉണ്ട (മലയാളം)

ഉണ്ട (മലയാളം)

സംവിധാനം: ഖാലിദ് റഹ്മാന്‍
അഭിനേതാക്കള്‍: മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 10 മിനിറ്റ്

കലുഷിതമായൊരു ഇലക്ഷന്‍ സീസണില്‍, കേരള പൊലീസില്‍നിന്നും എസ്‌ഐ മണികണ്ഠന്റെ (മമ്മൂട്ടി) നേതൃത്വത്തിലുള്ള സംഘത്തെ ചത്തിസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബസ്തറിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്കായി അയയ്ക്കുകയാണ്. ലാത്തി, ഷീല്‍ഡ്, തോക്ക് എന്നിവ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു മര്യാദയ്‌ക്കൊരു പരിശീലനം പോലും ലഭിച്ചിട്ടില്ലാത്തവരാണു സംഘത്തിലുള്ളത്. മാവോയ്സ്റ്റ് ആക്രമണങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബസ്തറിലേക്ക് ഉണ്ട പോലുമില്ലാത്ത തോക്കുമായിട്ടാണ് മണികണ്ഠന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമെത്തുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായ പൊതു തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നവരാണു മാവോയ്സ്റ്റുകള്‍. അവര്‍ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള മാവോയ്സ്റ്റ് ആക്രമണത്തെ അതിജീവിക്കാന്‍ മണികണ്ഠന്റെ സംഘത്തിനു സാധിക്കുമോ ? അതോ മാവോയ്സ്റ്റ് ആക്രമണത്തെ നേരിടാന്‍ സംഘത്തിന് കൃത്യസമയത്ത് ആയുധങ്ങള്‍ ലഭ്യമാക്കുമോ ? ഈ ചോദ്യങ്ങളും അത് ഉയര്‍ത്തുന്ന ആകാംഷയുമൊക്കെയാണു ചിത്രമെന്നു പറയാം.
മലയാള സിനിമയില്‍ അധികമാരും പരീക്ഷിക്കാത്തൊരു പ്രമേയമാണ് ഉണ്ട എന്ന ചിത്രം പറയുന്നത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണു ചിത്രം. ഹര്‍ഷദ് രചിച്ച തിരക്കഥയില്‍ ആവശ്യമായ റിയലിസ്റ്റിക് സമീപനം സ്വീകരിച്ചിട്ടുമുണ്ട്.

ഏറെ നാളുകള്‍ക്കു ശേഷം മമ്മൂട്ടിയുടെ തന്മയത്വമുള്ളൊരു കഥാപാത്രത്തെ പ്രേക്ഷകനു കാണുവാന്‍ സാധിക്കുമെന്നത് ഉറപ്പ്. ചിത്രത്തില്‍ മുഖ്യവേഷം ചെയ്യുന്ന മമ്മൂട്ടിയുടേത് അതിമാനുഷിക കഥാപാത്രമല്ല. ഒരു സാധാരണക്കാരനായ പൊലീസുകാരന്‍ മണികണ്ഠന്റേതാണ്. അയാള്‍ എളുപ്പം വഞ്ചിക്കപ്പെടുന്നവനാണ്. പൊലീസുകാരനാണെങ്കിലും പേടിയുള്ളവനാണ്, ദൗര്‍ബല്യങ്ങളുണ്ട്. എങ്കിലും കടമ നല്ല പോലെ നിര്‍വഹിക്കും മണികണ്ഠന്‍, അത് ഏത് പ്രതിസന്ധിയിലാണെങ്കില്‍ പോലും. ഈയൊരു ഘടകമാണ് പ്രേക്ഷകനില്‍ മണികണ്ഠനിലുള്ള താത്പര്യം ജനിപ്പിക്കുന്നതും. ഇവിടെ മണികണ്ഠനൊപ്പം കൈയ്യടി നല്‍കേണ്ടത് കഥാരചനയ്ക്കും കൂടിയാണ്. സംഘര്‍ഷസാധ്യത നിറഞ്ഞ പ്രദേശത്തേയ്ക്ക് അത്തരം സാഹചര്യം അഭിമുഖീകരിച്ചു പരിചയമില്ലാത്തൊരാള്‍ ഒരു സംഘവുമായെത്തുകയും, അവിടെ അയാള്‍ക്ക് നേരിടേണ്ടി വരുന്ന ഭയത്തെയും നിസ്സഹായാവസ്ഥകളെയും അതിഭാവുകത്വങ്ങളോ അമിതമായ വൈകാരിക രംഗങ്ങളോ ഇല്ലാതെ രചിക്കാന്‍ എഴുത്തുകാരനും അത് മനോഹരമായി അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കും സഹഅഭിനേതാക്കള്‍ക്കും സാധിച്ചിരിക്കുന്നു. ചിത്രത്തില്‍ സസ്‌പെന്‍സും ടെന്‍ഷനുമൊക്കെ നിലനിര്‍ത്തി കൊണ്ടു നര്‍മവും ഭംഗിയായി എഴുതിയിരിക്കുന്നു. ഇത് അധികം പേര്‍ക്കു സാധിക്കുന്ന കാര്യമല്ല. ചിത്രത്തിലെ സാന്ദര്‍ഭിക ഹാസ്യവും, കറുത്ത ഹാസ്യവും പ്രേക്ഷകനെ രസിപ്പിക്കുന്നതാണ്. ചിത്രത്തില്‍ സംവിധായകരായ രഞ്ജിത്ത്, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോക്, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ് തുടങ്ങിയവര്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവച്ചിരിക്കുന്നു. സാങ്കേതികവശത്തെ കുറിച്ചു പറയുമ്പോള്‍ എടുത്തപറയേണ്ടത് പ്രശാന്ത് പിള്ളയുടെ ബിജിഎമ്മും, സജിത്ത് പുരുഷന്റെ ഛായാഗ്രഹണവും, നിഷാദ് യൂസഫിന്റെ എഡിറ്റിംഗുമാണ്.

Comments

comments

Categories: Movies