ടെലിഗ്രാം ആപ്പിനെതിരേ സൈബര്‍ ആക്രമണം; പിന്നില്‍ ചൈനയോ ?

ടെലിഗ്രാം ആപ്പിനെതിരേ സൈബര്‍ ആക്രമണം; പിന്നില്‍ ചൈനയോ ?

ഹോങ്കോംഗില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത് വലിയ തോതിലുള്ള പ്രതിഷേധങ്ങളായിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രക്ഷോഭകാരികള്‍ സംഘടിച്ചത്. ഭരണകൂടത്തിനെതിരേ നടക്കുന്ന സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന സാഹചര്യം തടയാന്‍ ടെലിഗ്രാം എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനെതിരേ സൈബര്‍ ആക്രമണവുമുണ്ടായി. ഹോങ്കോംഗില്‍ പ്രതിഷേധിക്കാനെത്തിയവര്‍ ടെലിഗ്രാം എന്ന ആപ്പ് വ്യാപകമായി ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഇതിനു പിന്നില്‍ ചൈനീസ് ഭരണകൂടമാണെന്ന് സംശയിക്കുന്നതായി ടെലിഗ്രാം ചീഫ് എക്‌സിക്യൂട്ടീവ് ട്വീറ്റ് ചെയ്തു.

ജൂണ്‍ 12-ാം തീയതി ബുധനാഴ്ച ഹോങ്കോംഗ് വലിയ പ്രതിഷേധത്തിനാണു സാക്ഷ്യംവഹിച്ചത്. ഹോങ്കോംഗില്‍ നടപ്പിലാക്കാനിരിക്കുന്ന ഒരു നിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ നിയമനിര്‍മാണസഭയ്ക്കു ചുറ്റും ലക്ഷക്കണക്കിനു വരുന്ന ജനക്കൂട്ടമാണ് ഒത്തുകൂടിയത്. പക്ഷേ, സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് വലിയ തോതില്‍ മുന്‍കരുതലെടുത്തിരുന്നു. നഗരഹൃദയത്തില്‍ പൊലീസ് വരച്ച നിയന്ത്രണരേഖയില്‍നിന്നും പ്രതിഷേധക്കാര്‍ പ്രകടനങ്ങളെല്ലാം കഴിഞ്ഞു പിന്‍വാങ്ങിയപ്പോള്‍, ഒരു പുതിയ ആക്രമണമുണ്ടായി. അതുപക്ഷേ പ്രക്ഷോഭകര്‍ക്കെതിരേയുള്ളതായിരുന്നില്ല. പകരം, അവരുടെ ഫോണിനെ ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു. എന്‍ക്രിപ്റ്റഡ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിനെതിരേയായിരുന്നു ചൈനയില്‍നിന്നും ശക്തമായ സൈബര്‍ ആക്രമണമാണുണ്ടായത്. പ്രതിഷേധിക്കാനെത്തിയവരുടെ ഭൂരിഭാഗം പേരുടെയും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന മൊബൈല്‍ ആപ്പ് ടെലിഗ്രാമായിരുന്നു. ആക്രമണം നടന്നെങ്കിലും യൂസറുടെ ഡാറ്റ ചോര്‍ന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിലൂടെ ടെലിഗ്രാം സേവനം കുറച്ചു നേരത്തേയ്ക്കു തടസപ്പെടുകയാണുണ്ടായത്.

ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനെ ഭയപ്പെടുന്ന പൊലീസ്

ലോകമെമ്പാടുമായി ടെലിഗ്രാമിന് 200 ദശലക്ഷം യൂസര്‍മാരാണുള്ളത്. ഹോങ്കോംഗില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നതും ടെലിഗ്രാം ആപ്പ് ആയിരുന്നു. പ്രതിഷേധം ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനിലൂടെ ശക്തിപ്പെടുന്നത് നിയന്ത്രിക്കാനുള്ള ഹോങ്കോംഗ് പൊലീസിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ടെലിഗ്രാമിനെതിരേ സൈബര്‍ ആക്രമണം നടത്തിയതെന്നാണ് അനുമാനിക്കുന്നത്. ജൂണ്‍ 11ന് രാത്രി ഹോങ്കോംഗിലെ നിയമനിര്‍മാണസഭയുടെ കെട്ടിടത്തിനു ചുറ്റും പ്രക്ഷോഭകര്‍ ഒത്തുകൂടിയപ്പോള്‍, ഹോങ്കോംഗ് പൊലീസ് 20,000-ത്തോളം അംഗങ്ങളുള്ള ടെലിഗ്രാം ചാറ്റ് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്ററെ അറസ്റ്റ് ചെയ്യുകയുണ്ടായി. അയാള്‍ ആ സമയം പ്രതിഷേധം നടക്കുന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വീട്ടിലായിരുന്നിട്ടു പോലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ടെലിഗ്രാമിന് ഹോങ്കോംഗില്‍ വന്‍ സ്വീകാര്യത

ഹോങ്കോംഗിന്റെ രാഷ്ട്രീയ അധികാരത്തില്‍ ചൈന തലയിടുന്നതായി ആരോപിച്ചു കൊണ്ടു 2014-ല്‍ ഹോങ്കോംഗില്‍ അംബ്രല റെവല്യൂഷന്‍ നടന്നിരുന്നു. 2014-ല്‍നടന്ന ഈ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഉപയോഗിച്ചതു പോലുള്ള സമാനമായ ഉപകരണങ്ങളാണ് ഇപ്രാവിശ്യവും പ്രതിഷേധക്കാര്‍ ഉപയോഗിച്ചത്. പ്രധാനമായും ടെലിഗ്രാം ആപ്പ് ആണ് ഉപയോഗിച്ചത്. കാരണം ഈ ആപ്പിലൂടെ ഒരു വലിയ വിഭാഗം ആളുകളെ സംഘടിപ്പിക്കാനാകും. എന്‍ക്രിപ്റ്റഡ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണു ടെലിഗ്രാം. ടെലിഗ്രാമിലൂടെ അയക്കുന്ന വിവരങ്ങള്‍ മറ്റാര്‍ക്കും കാണാന്‍ സാധിക്കാത്ത വിധം സുരക്ഷിതമാണ് ഈ ആപ്പ്. വാട്‌സാപ്പ് പോലെ മെസേജുകള്‍ അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ കാണാന്‍ സാധിക്കൂ. ഹോങ്കോംഗിലുള്ള ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ടെലിഗ്രാം, ഫയര്‍ചാറ്റ് എന്നീ എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകളാണ് ട്രെന്‍ഡ് ചെയ്യുന്നത്. കാരണം, പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഐഡന്റിറ്റി, ബീജിംഗ് പിന്തുണയോടെ ഭരിക്കുന്ന ഹോങ്കോംഗിലെ ഭരണാധികാരികള്‍ക്കു മുന്‍പില്‍ മറച്ചുപിടിക്കാന്‍ സാധിക്കും. അതിനാല്‍ ടെലിഗ്രാം പോലുള്ള ആപ്പുകള്‍ക്കു ഹോങ്കോംഗില്‍ വന്‍പ്രചാരം ലഭിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധിക്കാനെത്തിയവരില്‍ പലരും അവരുടെ മുഖം മറച്ചുപിടിക്കുകയും ചെയ്തിരുന്നു. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനത്തിലൂടെ തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടിയായിരുന്നു അവര്‍ മുഖം മറച്ചത്. പൊതു ഗതാഗതസേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പബ്ലിക് ട്രാന്‍സിറ്റ് കാര്‍ഡും പലരും ഉപയോഗിച്ചില്ല.കാരണം, ഈ കാര്‍ഡ് ഉപയോഗിച്ചാല്‍ ഒരു വ്യക്തിയുടെ ലൊക്കേഷന്‍ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കും.

നടന്നത് ഡിഡിഒസ് ആക്രമണം

ടെലിഗ്രാമിനെതിരേ ഡിഡിഒസ് ആക്രമണമാണ് (DDoS attack) നടന്നത്. ഇക്കാര്യം ട്വിറ്ററിലൂടെ ടെലിഗ്രാം ചീഫ് എക്‌സിക്യൂട്ടീവ് പാവല്‍ ദുറേവ് തന്നെയാണ് അറിയിച്ചത്. ലൈവ് വെബ്‌സൈറ്റുകള്‍ കുറച്ചു സമയത്തേയ്ക്ക് ഉപഭോക്താവിന് ലഭ്യമാകാതിരിക്കാനുള്ള ഒരു ആക്രമണമാണ് ഡിഡിഒസ് അഥവാ ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്ക്. ടെലിഗ്രാമിനെതിരേ നടന്ന ഡിഡിഒസ് ആക്രമണം ഒരു ഭരണകൂടത്തിന്റെ പിന്തുണയോടെ അരങ്ങേറിയതായി സംശയിക്കുന്നുണ്ടെന്നും ടെലിഗ്രാം ചീഫ് എക്‌സിക്യൂട്ടീവ് പാവല്‍ ദുറേവ് പറഞ്ഞു. ചൈനയില്‍നിന്നുള്ള ഐപി അഡ്രസുകളില്‍നിന്നായിരുന്നു ആക്രമണമുണ്ടായതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ടെലിഗ്രാമിനെതിരേയുണ്ടായ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാന്‍ ചൈനയിലെ സൈബര്‍ നയങ്ങളെ നിയന്ത്രിക്കുന്ന സൈബര്‍സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഇതുവരെ തയാറായിട്ടില്ല.

ടെലിഗ്രാം

ക്ലൗഡ് അടിസ്ഥാനമാക്കിയ ഒരു മെസേജിംഗ് ആപ്പ് ആണ് ടെലിഗ്രാം. റഷ്യന്‍ സഹോദരങ്ങളായ നിക്കോളെ ദുറേവ്, പാവല്‍ ദുറേവ് എന്നിവരാണ് ഈ ആപ്പ് വികസിപ്പിച്ചത്. ഇവര്‍ റഷ്യന്‍ വംശജരാണെങ്കിലും കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുഎസിലും, യുകെയിലുമാണ്. 2018 മാര്‍ച്ചിലെ കണക്ക്പ്രകാരം, ടെലിഗ്രാമിന് പ്രതിമാസം 200 ദശലക്ഷം സജീവ് യൂസര്‍മാരുണ്ടെന്നാണ്. ടെലിഗ്രാമിനു നിരവധി പ്രത്യേകതകളുണ്ട്. എന്‍ക്രിപ്റ്റ് സന്ദേശങ്ങള്‍, ഡോക്യുമെന്റുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ അയയ്ക്കാന്‍ സാധിക്കുമെന്നതാണ് ഒരു പ്രത്യേകത. രണ്ട് ലക്ഷം വരെ അംഗങ്ങളുള്ള ഗ്രൂപ്പ് സൃഷ്ടിക്കാന്‍ ടെലിഗ്രാമിലെ ഏതൊരു യൂസര്‍ക്കും സാധിക്കുമെന്നതാണു മറ്റൊരു പ്രത്യേകത. ടെലിഗ്രാം ആപ്പ് യൂസര്‍ക്ക് സീക്രട്ട് ചാറ്റ് സംവിധാനവും ലഭ്യമാക്കുന്നുണ്ട്. ഈ സംവിധാനം ടെലിഗ്രാമിന്റെ ഉടമസ്ഥതയിലുള്ള എംടിപ്രോട്ടോ പ്രോട്ടോകോളുമായി (MTProto Protocol) എന്‍ക്രിപ്റ്റ് ചെയ്തിരിക്കുകയാണ്. അതിനാല്‍ സീക്രട്ട് ചാറ്റിന്റെ വിശദാംശങ്ങള്‍ പുറത്ത് പോവുകയുമില്ല. ഈയൊരു ഘടകമാണു ഹോങ്കോംഗിലെ പ്രക്ഷോഭകരെ ടെലിഗ്രാമിന്റെ ആരാധകരാക്കി മാറ്റിയതും.

എന്‍ക്രിപ്റ്റഡ് മെസേജിംഗ് പ്ലാറ്റ്‌ഫോം യഥാര്‍ഥത്തില്‍ സുരക്ഷിതമാണോ ?

റിസീവര്‍, കോളര്‍ (receiver, caller) അല്ലെങ്കില്‍ സെന്‍ഡര്‍, റിസീപ്പിയന്റ് (sender, recipient) എന്നിവരാണല്ലോ ഒരു ആശയവിനിമയത്തില്‍ സാധാരണ ഉള്‍പ്പെടുന്നത്. ഇന്ന് ആശയവിനിമയത്തിനു പൊതുവേ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണു വാട്‌സ് ആപ്പ്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ (End-to-end encryption) പ്ലാറ്റ്‌ഫോമാണു വാട്‌സ് ആപ്പ്. ടെലിഗ്രാം, സിഗ്നല്‍ എന്നിവയും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോമില്‍ സെന്‍ഡര്‍ക്കും റിസീപ്പിയന്റിനും മാത്രമായിരിക്കും സന്ദേശം വായിക്കാന്‍ സാധിക്കുന്നത്.
മൂന്നാമതൊരാള്‍ക്കു സെന്‍ഡറിന്റെയോ, റിസീപ്പിയന്റിന്റെയോ അനുവാദമില്ലാതെ സന്ദേശം വായിക്കാന്‍ സാധിക്കില്ല. സന്ദേശം അയയ്ക്കാന്‍ സൗകര്യമൊരുക്കുന്ന ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കു പോലും സാധിക്കില്ലെന്നു ചുരുക്കം. എന്നാല്‍ എന്‍ക്രിപ്റ്റഡ് മെസേജിംഗ് പ്ലാറ്റ്‌ഫോം സുരക്ഷിതമാണെന്നു പൂര്‍ണമായും പറയുവാന്‍ സാധിക്കില്ല. കാരണം, നമ്മള്‍ അയയ്ക്കുന്ന ഓരോ സന്ദേശവും ഒരു ഡിജിറ്റല്‍ മുദ്ര അവശേഷിപ്പിക്കുന്നുണ്ട്. ഈ ഡിജിറ്റല്‍ മുദ്രയെ മെറ്റാ ഡാറ്റയെന്നാണു വിളിക്കുന്നത്. ഐപി അഡ്രസ്, ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഡിവൈസുകള്‍ എന്നിവയൊക്കെ മെറ്റാ ഡാറ്റയ്ക്ക് ഉദാഹരണങ്ങളാണ്. മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ ഒരു ഡിജിറ്റല്‍ ചിത്രത്തില്‍, ചിത്രത്തിന്റെ പേര്, ചിത്രമെടുത്ത തീയതി, ലെന്‍സ് തുറന്നടയുന്ന സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആലേഖനം ചെയ്യാറുണ്ട്. ഇതാണ് ആ ചിത്രത്തിന്റെ മെറ്റാ ഡാറ്റ. പ്രഥമ ദൃഷ്ടിയാല്‍ ഇവ ചിത്രത്തില്‍ കാണാന്‍ പറ്റുന്നതല്ല. ഇത്തരത്തില്‍ ഒരു മെറ്റാ ഡാറ്റയിലൂടെ ഓരോ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളുടെ സെന്‍ഡറിന്റെയും റിസീപ്പിയന്റിന്റെയും വിവരങ്ങള്‍ ലഭ്യമാകും. അതു കൊണ്ട് എത്രയൊക്കെ സുരക്ഷിതമാണെന്നു പറഞ്ഞാലും ഒരു എന്‍ക്രിപ്റ്റഡ് മെസേജില്‍നിന്നു യൂസര്‍ ആരെയാണു ബന്ധപ്പെടുന്നതെന്നും, അവര്‍ എപ്പോഴാണ് ബന്ധപ്പെട്ടതെന്നും, എത്ര നേരം ബന്ധപ്പെട്ടെന്നുമൊക്കെയുള്ള വിവരം കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ ഇവര്‍ തമ്മില്‍ ആശയവിനിമയത്തിനിടെ നടത്തിയ സന്ദേശത്തിലെ ഉള്ളടക്കം അഥവാ കണ്ടന്റ് കൃത്യമായി കണ്ടെത്താന്‍ സാധിക്കില്ല.
കഴിഞ്ഞ ദിവസം ഹോങ്കോംഗില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഇവാന്‍ എന്ന 22-കാരനായ ടെലിഗ്രാം ആപ്പിന്റെ അഡ്മിനിസ്‌ട്രേറ്ററെ അറസ്റ്റ് ചെയ്തിരുന്നു. പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ഇവാനെ അറസ്റ്റ് ചെയ്തത്. ടെലിഗ്രാം ഒരു എന്‍ക്രിപ്റ്റഡ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ്. എന്നിട്ടും എങ്ങനെയാണ് ഇയാളെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. ഇവാന്‍ ടെലിഗ്രാമില്‍ ഗ്രൂപ്പ് ചാറ്റ് നടത്തി. ഇതാണു പൊലീസിന് ഇയാളെ എളുപ്പം പിടികൂടാന്‍ സാധിച്ചത്. ടെലിഗ്രാമില്‍ ഗ്രൂപ്പ് ചാറ്റിനു സുരക്ഷിതത്വം ലഭിക്കില്ല. അതായത് ടെലിഗ്രാമിലെ ഗ്രൂപ്പ് ചാറ്റ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അല്ല. എന്നാല്‍ ടെലിഗ്രാമിലെ സീക്രട്ട് ചാറ്റ് സുരക്ഷിതമാണ്. ഗ്രൂപ്പ് ചാറ്റില്‍നിന്ന് ഇവാന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചതിനു ശേഷം തിരിച്ചറിയല്‍ രേഖയിലൂടെയാണു വീട് കണ്ടെത്താന്‍ സാധിച്ചതെന്നു പൊലീസ് പറയുകയുണ്ടായി.

Comments

comments

Categories: Top Stories